Skip to main content
ന്യൂയോര്‍ക്ക്

മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ബില്‍ ഗേറ്റ്സിനെ മാറ്റാന്‍ കമ്പനിയുടെ മൂന്ന് പ്രമുഖ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തുന്നതായി സൂചന. പ്രധാനപ്പെട്ട 20 നിക്ഷേപകരില്‍ മൂന്നു പേരാണ് ഗേറ്റ്സിനെ നീക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി വില ഉയര്‍ത്തുന്നതിനുമായി നിലവിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ബാള്‍മറിനുമേല്‍ കനത്ത സമ്മര്‍ദമുണ്ട്. എന്നാല്‍ ഗേറ്റ്സിനെ മറികടന്ന് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബാള്‍മറിന് കഴിയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബില്‍ ഗേറ്റ്സിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.

 

38 വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 277 ബില്യണ്‍ ഡോളര്‍ ആസ്ഥിയുള്ള മൈക്രോസോഫ്റ്റിന്റെ 4.5 ശതമാനം ഓഹരിയാണ് ബില്‍ഗേറ്റ്സിനുള്ളത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകൂടിയാണ് ഇദ്ദേഹം. 1986-ല്‍ കമ്പനി പൊതുസ്ഥാപനമാവുന്നതിനു മുമ്പ് 49 ശതമാനം ഓഹരികളും ഗേറ്റ്സിനായിരുന്നു.

 

ബില്‍ ഗേറ്റ്സിനെതിരേ രംഗത്തു വന്ന മൂന്നു പേര്‍ക്കും കൂടി കമ്പനിയില്‍ അഞ്ചു ശതമാനം ഓഹരികളാണുള്ളത്. അതിനാല്‍ തന്നെ കമ്പനി ഇവരുടെ ആവശ്യം അംഗീകരിക്കുമോയെന്നു വ്യക്തമല്ല. ഗേറ്റ്സുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ മൈക്രോസോഫ്റ്റിന്റെ പ്രതിനിധി തയ്യാറായില്ല. 2000-ത്തില്‍ ആണ് ഗേറ്റ്സ് സി.ഇ.ഒ സ്ഥാനം ബാള്‍മറിന് കൈമാറിയത്.