കുര്‍ദ് വിമത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ)യുടെ പ്രവര്‍ത്തകര്‍ തുര്‍ക്കിയില്‍ നിന്നുള്ള പിന്മാറ്റം നിര്‍ത്തിവെച്ചു. സമാധാന ഉടമ്പടിയിലെ വാഗ്ദാനങ്ങള്‍ തുര്‍ക്കി സര്‍ക്കാര്‍ ലംഘിച്ചതായി ആരോപിച്ചാണ് നടപടി. എന്നാല്‍, മാര്‍ച്ചില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് സംഘടന അറിയിച്ചു.
തുര്‍ക്കി, ഇറാന്, ഇറാഖ്, സിറിയ എന്നീ രാഷ്ട്രങ്ങളിലെ കുര്‍ദ് വംശജര്‍ക്കായി പ്രത്യേക രാഷ്ട്രം എന്ന ആവശ്യത്തിനായി പൊരുതുന്ന പി.കെ.കെയെ തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്, യു.എസ് തുടങ്ങിയവര്‍ തീവ്രവാദ സംഘടനയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ അധിവസിക്കുന്ന കുര്‍ദ് വിഭാഗക്കാര്‍ക്ക് പ്രാദേശിക സ്വയംഭരണ അവകാശം നല്‍കാമെന്നും ഇവിടെ വിദ്യാഭ്യാസം കുര്‍ദിഷ് ഭാഷയില്‍ ആക്കാമെന്നുമുള്ള തുര്‍ക്കി സര്‍ക്കാറിന്റെ ഉറപ്പില്‍ പി.കെ.കെ മെയ് മുതല്‍ വടക്കന്‍ ഇറാഖിലേക്ക് പിന്മാറാന് തുടങ്ങിയിരുന്നു.
എന്നാല്‍, പി.കെ.കെ തങ്ങളുടെ വാഗ്ദാനം നിറവേറ്റുന്നില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി റസിപ്പ് തയ്യിപ് എദ്രുവാന് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. വിമതരുടെ 20 ശതമാനം പേര് മാത്രമാണ് രാജ്യം വിട്ടത് എന്നായിരുന്നു എദ്രുവാന്റെ ആരോപണം.
തുര്‍ക്കിയും കുര്‍ദ് വിമതരും തമ്മില്‍ 1984-ല്‍ ആരംഭിച്ച സായുധ സംഘര്‍ഷത്തില്‍ 40,000 പേര് ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
