Skip to main content
മോസ്കോ

Vladimir Putinഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാതെ സിറിയക്ക് നേരെ യു.എസ് നടത്തുന്ന സൈനിക നടപടി ‘കടന്നാക്രമണ’മായി കണക്കാക്കേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യു.എന്‍ ചാര്‍ട്ടര്‍ അനുസരിച്ച് ഒരു പരാമധികാര രാഷ്ട്രത്തിന് മേല്‍ കടന്നാക്രമണം നടത്തുന്ന രാജ്യത്തിനെതിരെ രക്ഷാസമിതിക്ക് സൈനിക നടപടി സ്വീകരിക്കാം.

 

റഷ്യയിലെ ഔദ്യോഗിക ടെലിവിഷനും യു.എസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസിനും ബുധനാഴ്ച നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിന് സമീപം നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സേനക്കാണെന്ന് ‘വസ്തുനിഷ്ഠവും കൃത്യ’വുമായ തെളിവ് സമര്‍പ്പിച്ചാല്‍ സൈനിക നടപടി താന്‍ തള്ളിക്കളയില്ലെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍, ഏകപക്ഷീയമായി യു.എസ് സിറിയയെ ആക്രമിക്കുന്നതിനെതിരെ പുടിന്‍ മുന്നറിയിപ്പ് നല്‍കി.

 

സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിയില്‍ സിറിയന്‍ പ്രശ്നം തങ്ങള്‍ ഉന്നയിക്കുമെന്ന് പുടിന്‍ പറഞ്ഞു. എന്നാല്‍, യു.എസ് സിറിയയെ ആക്രമിച്ചാല്‍ എന്ത് നടപടിയാണ് റഷ്യ സ്വീകരിക്കുക എന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. മെഡിറ്ററെനിയന്‍ കടലിന് സമീപമുള്ള രാജ്യങ്ങളില്‍ റഷ്യയോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സിറിയ.