സിറിയക്കെതിരെ യു.എസ് നേതൃത്വത്തില്‍ ആലോചിക്കുന്ന സൈനിക ആക്രമണം ദുരുപദിഷ്ടവും വിപരീതഫലം ഉലവാക്കുന്നതുമായിരിക്കുമെന്ന് ലോക ടെന്നീസിലെ മുന്‍നിര താരങ്ങളില്‍ ഒരാളായ നൊവാക് ജോക്കോവിക്ക്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നാറ്റോ ആക്രമണം നേരിട്ടനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് എല്ലാ തരത്തിലുമുള്ള ആക്രമണത്തിന് താന്‍ എതിരാണെന്ന് ജോക്കോവിക്ക് പറഞ്ഞത്.
സെര്‍ബിയന്‍ ഭരണാധികാരിയായിരുന്ന സ്ലോബോദാന്‍ മിലോസെവിച്ചിനെതിരെ 1999-ല്‍ നാറ്റോ നടത്തിയ രണ്ടുമാസത്തിലധികം നീണ്ടുനിന്ന വ്യോമാക്രമണ സമയത്ത് ജോക്കോവിക്കിന് 12 വയസായിരുന്നു പ്രായം. താനും തന്റെ രാജ്യത്തെ പൌരരും ആ കാലഘട്ടത്തില്‍ അനുഭവിച്ചത് മറ്റാര്‍ക്കും നേരിടേണ്ടിവരരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജോക്കോവിക്ക് പറഞ്ഞു. മാനവിക ജീവിതത്തില്‍ സംഭാവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ് യുദ്ധമെന്നും ജോക്കോവിക്ക് അഭിപ്രായപ്പെട്ടു.
ആറു ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിക്കും വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറുമായ അന്ന ഇവാനോവിച്ചും ആക്രമണ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ മുന്‍പും വിവരിച്ചിട്ടുണ്ട്.
