സിറിയ രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യു.എസ്സിന്റെ സൈനിക നീക്കത്തെ ഏതു വിധേനയും ചെറുക്കുമെന്ന് സിറിയന്‍ ഭരണകൂടം വ്യക്തമാക്കി. വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും സിറിയന്‍ സര്‍ക്കാര്‍ പറഞ്ഞു. സൈനിക ബലത്തില്‍ തങ്ങളും ഒട്ടും പുറകിലല്ലെന്നു സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മു അലെം പറഞ്ഞു.
എന്നാല്‍ രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യം തന്നെയാണ് രാസായുധം പ്രയോഗിച്ചത് എന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹേഗലും അഭിപ്രായപ്പെട്ടു. തെളിവുകള്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും ഹേഗല്‍ അറിയിച്ചു
ദമാസ്കസിനുസമീപം നടന്ന രാസായുധ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ അയച്ചിരുന്നു. ഐക്യരാഷ്ട്രസഭാ സംഘത്തിനെതിരെയും ദമാസ്കസില്‍ വെടിവെപ്പുണ്ടായി. ഐക്യരാഷ്ട്രസഭയുടെ അനുമതിയില്ലാത്ത സൈനികനടപടിക്കെതിരെ റഷ്യയും ഇറാനും ചൈനയും രംഗത്തെത്തിയിട്ടുണ്ട്.