Skip to main content
കെയ്റോ

ഈജിപ്തിലെ മുന്‍പ്രസിഡന്റ് ഹുസ്നി മുബാറക് ജയില്‍ മോചിതനായി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് മുബാറക്. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ജയില്‍ മോചിതനായെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം വീട്ടുതടങ്കലില്‍ ആയിരിക്കും എന്നാണു സൂചന.

 

2011-ല്‍ ഈജിപ്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഹുസ്നി മുബാറക് അധികാരസ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ടത്. അറബ് വസന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇദ്ദേഹത്തെ കഴിഞ്ഞവര്‍ഷമാണ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

 

ശിക്ഷക്കെതിരെ മുബാറക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടിരുന്നു. 30 വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റായിരുന്നു മുബാറക്.

 

ഇതിനിടെ മുര്‍സി അനുകൂലികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രദര്‍ഹൂഡിന്‍റെ ഉന്നത നേതാക്കളെയും സൈന്യം തടവിലാക്കിയിരുന്നു.