Skip to main content

എന്നിസ്കില്ലന്‍:: ജി-എട്ട് രാഷ്ട്രങ്ങളുടെ ഉച്ചകോടി ഉത്തര അയര്‍ലന്‍ഡില്‍ തുടങ്ങി. ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും സിറിയന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും സമവായത്തില്‍ എത്താനായില്ല.

 

സിറിയയില്‍ വ്യോമ നിരോധമേഖല അംഗീകരിക്കില്ലെന്ന്‍ റഷ്യ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെതിരെ യുദ്ധം ചെയ്യുന്ന സിറിയന്‍ വിമതര്‍ക്ക് യു.എസ്സും മറ്റു രാജ്യങ്ങളും നല്‍കുന്ന പിന്തുണയെ പുടിന്‍ നിശിതമായി എതിര്‍ത്തു. വിമതര്‍ക്കു നേരെ അസദിന്റെ സൈന്യം രാസായുധം പ്രയോഗിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിമതരെ നരഭോജികള്‍ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.

 

സിറിയന്‍ പ്രശ്നത്തില്‍ റഷ്യയും മറ്റു രാജ്യങ്ങളുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുമായി മുന്നോട്ടുപോകുമെന്ന് ഒബാമ അറിയിച്ചു.

 

യുണൈറ്റഡ് കിങ്ങ്ഡം ആതിഥ്യം വഹിക്കുന്ന ഈ വര്‍ഷത്തെ ജി-8 ഉച്ചകോടിയില്‍ യു.എസ്സിനും റഷ്യക്കും പുറമേ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.