Skip to main content

ദമാസ്കസ്: സിറിയന്‍ വിമതര്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ 60 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ദമാസ്കസില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ ഏകദേശം 14-ഓളം പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്ക്കുകയും  ചെയ്തു.

 

ലെബനന്‍ അതിര്‍ത്തിയിലെ ഷിയാ ഭൂരിപക്ഷ ഗ്രാമത്തിലാണ് വിമതരുടെ ആക്രമണം നടന്നത്. രണ്ടു വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ അസ്സദിനനുകൂലമായി അയല്‍രാജ്യമായ ലെബനനിലെ ഹിസ്ബൊള്ള പോരാളികള്‍ രംഗത്തെത്തിയതോടെ സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സിറിയയിലെ വിമതര്‍ രാജ്യത്തെ ന്യൂനപക്ഷമായ ഷിയാകള്‍ക്ക് നേരെ ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്.

 

ചൊവ്വാഴ്ചയാണ് ദമാസ്കസില്‍ ആക്രമണം നടന്നത്. മർജേഹ് സ്ക്വയറില്‍ നടന്ന സംഭവത്തിൽ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പോലീസ് കെട്ടിടത്തിനടുത്ത് വച്ച് തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നത്. നിരവധി പോലീസുകാര്‍ക്കും സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.