നായ്‌പെയ്താ: മ്യാന്മറില്‍ 2015-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്നു നോബല്‍ സമ്മാനജേതാവും പ്രതിപക്ഷ നേതാവുമായ ഓങ് സാന്‍ സൂക്കി വ്യക്തമാക്കി. മ്യാന്മര്‍ തലസ്ഥാനമായ നായ്‌പെയ്തായില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം കിഴക്കന്‍ ഏഷ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൂക്കി.
താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അത് ആത്മാര്‍ത്ഥതയില്ലാത്ത പ്രതികരണമാവുമെന്നും ജനങ്ങള്‍ക്കിടയിലുള്ള സത്യസന്ധത തുടര്‍ന്നും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞതെന്നും സൂക്കി വ്യക്തമാക്കി.
എന്നാല്‍ അതേ സമയം സൂക്കിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാളുടെ ഭര്‍ത്താവോ മക്കളോ വിദേശ പൌരന്മാരായിരിക്കരുതെന്നാണ് ഭരണഘടനാ വ്യവസ്ഥ. സൂക്കിയുടെ രണ്ട് ആണ്മക്കളും ബ്രിട്ടിഷ് പൌരത്വമുള്ളവരാണ്.
