പാരിസ്: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന വിജ്ഞാപനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദ് ഒപ്പുവച്ചു. ഇതോടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന 14-മത് രാജ്യമായി ഫ്രാന്‍സ്.
മാസങ്ങള്‍ നീണ്ട രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രസിഡന്റിന്റെ നടപടി. വലതുപക്ഷ പ്രതിപക്ഷം നിയമത്തിനെതിരെ ഭരണഘടനാ കൌണ്‍സിലിന് മുന്നില്‍ നല്‍കിയ പരാതി കൌണ്‍സില്‍ വെള്ളിയാഴ്ച തള്ളിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹിതരായ പുരുഷന്മാര്‍ക്കും ദത്തെടുക്കാനുള്ള അവകാശം നിയമം നല്‍കുന്നു.
സ്വവര്‍ഗ്ഗ വിവാഹിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ നിയമത്തെ സ്വാഗതം ചെയ്തപ്പോള്‍ ഇതിനെതിരെയുള്ള സമരം തുടരുമെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും വിവാഹം’ എന്നത് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒലാന്ദിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു.
