Skip to main content

arctic councilകിരുണ(സ്വീഡന്‍): ആര്‍ട്ടിക് സമുദ്ര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആര്‍ട്ടിക് കൌണ്‍സില്‍ ഇന്ത്യയടക്കം ആറു രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കും. സ്വീഡനില്‍ നടക്കുന്ന ദ്വൈവാര്‍ഷിക യോഗത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ രാഷ്ട്രങ്ങള്‍ക്ക് നിരീക്ഷക പദവി നല്‍കാന്‍ ബുധനാഴ്ച തീരുമാനമായത്.

 

ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യക്ക് പുറമേ നിരീക്ഷക പദവി ലഭിക്കുന്ന രാഷ്ട്രങ്ങള്‍. കാനഡ, ഡെന്മാര്‍ക്ക്‌, ഫിന്‍ലന്‍ഡ്‌, ഐസ്‌ലാന്റ്, നോര്‍വേ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ആര്‍ട്ടിക് കൌണ്‍സിലിലെ അംഗരാഷ്ട്രങ്ങള്‍. യൂറോപ്യന്‍ യൂണിയനും നിരീക്ഷക പദവിക്ക് അപേക്ഷിച്ചിരുന്നെങ്കിലും തീരുമാനം മാറ്റിവച്ചു.

 

കാലാവസ്ഥാ വ്യതിയാനം ആര്‍ട്ടിക്കിലെ മഞ്ഞുരുകുന്നത് വേഗത്തിലാക്കിയതോടെ മേഖലയുടെ സാമ്പത്തിക പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. എണ്ണ, പ്രകൃതിവാതകം, ധാതുക്കള്‍ എന്നിവയുടെ വന്‍ശേഖരം ഉള്ള പ്രദേശമാണിത്. മഞ്ഞുരുകിയതോടെ ആര്‍ട്ടിക് സമുദ്രം കപ്പല്‍ ഗതാഗതത്തിനും അനുയോജ്യമാകുന്നുണ്ട്. കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ ദൂരവും സമയവും ലാഭിക്കാന്‍ ഇതിലൂടെ കഴിയും.

 

1996-ല്‍ രൂപീകൃതമായ ആര്‍ട്ടിക് കൌണ്‍സില്‍ ഇതോടെ ലോക രാഷ്ട്രീയത്തില്‍ ശ്രദ്ധേയ ശക്തിയാകുകയാണ്. എന്നാല്‍, സാമ്പത്തിക വികസന നടപടികള്‍ ഇവിടത്തെ ലോല പരിസ്ഥിതിക്ക് ദോഷകരമാകുമെന്ന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കരുതുന്നു.