കയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ പുനര്‍വിചാരണ നടത്തുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ശനിയാഴ്ച വിചാരണ ആരംഭിച്ച ഉടനെയാണ് ജഡ്ജി മുസ്തഫ ഹുസൈന്‍ അബ്ദുള്ള വിചാരണ നടത്തുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കേസ് കയ്റോവിലെ അപ്പീല്‍ കോടതിയിലേക്ക് മാറ്റി.
മുബാറക്കിന്റെ ഭരണം അവസാനിപ്പിച്ച 2011ലെ പ്രക്ഷോഭത്തില്‍ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നതാണ് കേസ്. കഴിഞ്ഞ ജൂണില്‍ കുറ്റക്കാരനെന്നു കണ്ട് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. വിധിക്കെതിരെ മുബാറക് നല്‍കിയ അപ്പീലില്‍ ജനുവരിയിലാണ് പുനര്‍വിചാരണക്ക് ഉത്തരവായത്. 850ഓളം പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്.