ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് മെയ് 11ന് നടക്കുമെന്ന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. പാര്‍ലിമെന്റായ ദേശീയ അസംബ്ലിയുടെ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഭരണഘടന അനുസരിച്ച് രണ്ടു മാസത്തിനുള്ളില്‍ പുതിയ സഭ ചേരണം.
പാകിസ്ഥാനില്‍ സിവിലിയന്‍ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ അധികാര മാറ്റമായിരിക്കും ഈ തിരഞ്ഞെടുപ്പ്. പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ കാലാവധി തികച്ചത്.
പാകിസ്ഥാനിലെ പ്രവിശ്യാ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നേക്കും. കാവല്‍ പ്രധാനമന്ത്രിയായി തുടരുന്ന രാജ പര്‍വേസ് അഷറഫ് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് സമവായമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സമയത്തേക്കുള്ള ഇടക്കാല മന്ത്രിസഭയെ നിശ്ചയിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന പാര്‍ലിമെന്ററി സമിതിയില്‍ തീരുമാനമായില്ല. സമിതി മൂന്നു ദിവസത്തിനുള്ളില്‍ സമവായ തീരുമാനമെടുക്കുന്നില്ലെങ്കില്‍ ഈ ചുമതല തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലഭിക്കും.