ആന്റണിയെ സൂക്ഷിക്കുക. പൈങ്കിളിവൽക്കരിക്കപ്പെട്ട മാദ്ധ്യമ കേരളത്തിന്റെ ആദർശമൂർത്തിയാണ് ആന്റണി. കഴിഞ്ഞ നാല് ദശകങ്ങളായി ഈ മനുഷ്യൻ മലയാളിയുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ആ സ്വാധീനം എന്താണെന്ന് വിലയിരുത്തണമെങ്കിൽ ഇന്നത്തെ കേരളത്തിലേക്ക് അലക്ഷ്യമായി നോക്കിയാലും അറിയാൻ കഴിയും. കരുണാകരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഉപയോഗിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയം ആന്റണി കളിച്ചത്. അതിനു ശേഷം തെരഞ്ഞെടുപ്പ് വേളകളിലും പ്രതിസന്ധിഘട്ടങ്ങളിലും കേരള രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ട്. ഇതാ ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് വേളയിലും ആന്റണി രംഗപ്രവേശം ചെയ്തിരിക്കുന്നു. വ്യക്തിപരമായ അധികാര ലബ്ധിക്കുവേണ്ടിയാണ് ആന്റണി എല്ലാം ചെയ്യുന്നതെങ്കിലും ആരും അത് തിരിച്ചറിയില്ല. അതാണ് പൈങ്കിളി മാദ്ധ്യമപ്രവർത്തനത്തിന്റെ സാന്നിദ്ധ്യ ഗുണം. അത് ആന്റണിക്ക് നന്നായി അറിയാം. മേലനങ്ങാതെ ജനാധിപത്യ സ്ഥാപനങ്ങളിൽ എത്തിച്ചേരുക എന്നതാണ് അദ്ദേഹത്തിന്റെ പൊതു നയം. ഇപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പൈങ്കിളി മാദ്ധ്യമങ്ങൾ പറയുന്നു, അത് അദ്ദേഹത്തിന്റെ ആവശ്യം കൊണ്ടല്ല, മറിച്ച് കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ ആവശ്യപ്രകാരമാണ് എന്ന്‍.
ചുറ്റും ഇരുട്ട് സൃഷ്ടിച്ച് മിന്നാമിനുങ്ങാകുക എന്നതാണ് ആന്റണിയുടെ ചെപ്പടിവിദ്യയുടെ ആത്മാവ്.
ഇപ്പോൾ ആന്റണി രംഗപ്രവേശം ചെയ്തിരിക്കുന്നതു നോക്കാം. ഈ സർക്കാർ മുങ്ങിനിൽക്കുന്നത് അഴിമതിയെ പോലും നിസ്സാരമാക്കുന്ന വിവാദങ്ങളിലാണ്. ഏറ്റവും ഒടുവിൽ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാനുളള അനുവാദം കൊടുത്തുകൊണ്ടുള്ള ഉത്തരവ്. ഇങ്ങനെയൊരു ഉത്തരവു പോലും ആന്റണിയുടെയും സുധീരന്റെയും ഉമ്മൻ ചാണ്ടിയുടെയും സംയുക്ത ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാകാനാണ് വഴി. ഇതിനെതിരെ കെ.പി.സി.സി ശക്തമായ നിലപാടെടുക്കുന്നു. ഇടതുമുന്നണിയിൽ അച്യുതാനന്ദനെ മുൻനിർത്തിയെന്നപോലെ പൈങ്കിളിവൽക്കരിക്കപ്പെട്ട കേരള മാദ്ധ്യമങ്ങളിലേയും കേരള മനസ്സിലേയും വി.എസ് ഘടകത്തെ ഉദ്ദീപിപ്പിച്ച് അഴിമതിക്കെതിരായ തിളക്കമാർന്ന പോരാട്ട മുഖമായി സുധീരന് കോൺഗ്രസ്സിനെയും യു.ഡി.എഫിനെയും നയിക്കാം. അധികാരത്തിലെത്താൻ ഉമ്മൻ ചാണ്ടിയേക്കാൾ വിദ്യകൾ അറിയാവുന്നത് ആന്റണിക്കാണ്. അതിനാൽ ഈ ബുദ്ധി ഉദിച്ചത് ആന്റണിയുടെ തലയിലാകാനാണ് സാധ്യത.
ചുറ്റും ഇരുട്ട് സൃഷ്ടിച്ച് മിന്നാമിനുങ്ങാകുക എന്നതാണ് ആന്റണിയുടെ ചെപ്പടിവിദ്യയുടെ ആത്മാവ്. ഇത്രയും കാലം അതു വിജയം കണ്ടതിന്റെ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. ഈ തന്ത്രപ്രയോഗത്തിന്റെ ഭാഗമായാണ് ഇരുമുന്നണികൾക്ക് തുല്യ സാധ്യത എന്ന നിഷ്പക്ഷ പ്രസ്താവന ആന്റണി ഇറക്കിയത്. അതിലൂടെ ആന്റണിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും സമചിത്തതയും പക്വതയും യാഥാർഥ്യബോധവും വെളിപ്പെടുത്തുന്ന നിരീക്ഷണമെന്നോണം അത് ജനവും പൈങ്കിളിവത്ക്കരിക്കപ്പെട്ട മാദ്ധ്യമങ്ങളും കണക്കാക്കും. അതോടൊപ്പം യു.ഡി.എഫിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ആ നിഷ്പക്ഷതയിലൂടെ വളരെ താഴെ കിടന്നിരുന്ന യു.ഡി.എഫിനെ തന്ത്രപരമായി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നു. നോക്കൂ, വിശ്വാസ്യത റോക്കറ്റ് പോലെ ഉയരുന്നത്.
സ്വന്തം പ്രസ്ഥാനത്തെ ആഞ്ഞടിക്കുന്നതിന്റെ കേരളപ്രയോഗമാണ് വി.എസ് ഘടകം എന്ന കേരളത്തിൽ ഉഗ്രമായി വിലപ്പോവുന്ന നമ്പർ.
കരുണ എസ്റ്റേറ്റ് വിഷയം മാദ്ധ്യമങ്ങൾ 'ഈ അഴിമതി സഹിക്കാൻ പറ്റത്തില്ല' എന്ന വീറോടെ ആഞ്ഞു പിടിച്ച് ചർച്ചയും ചർച്ചയ്ക്കു മേൽ ചർച്ചയുമൊക്കെ നടത്തുകയാണ്. ഇതു കാണുമ്പോൾ ആന്റണിയുടെ മുഖത്തെ ചിരി ഊഹിക്കാവുന്നതേ ഉള്ളു. അതാ വരുന്നു, നൂറിലേക്കു നീങ്ങുന്ന വി എസ്സിനേക്കാൾ, സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സൂര്യതേജസ്സോടെ വി.എം സുധീരനും കൂട്ടരും അഥവാ കോൺഗ്രസ്സ് നേതൃത്വം. വി.എസ് ആണെങ്കിൽ യച്ചൂരി വന്നതിനു ശേഷം സ്വന്തം പ്രസഥാനത്തെ ആഞ്ഞടിക്കുന്നതു കുറവായിരിക്കുന്നു. അതിനാൽ പഴയതുപോലെ റേറ്റിംഗ് അദ്ദേഹത്തിനിപ്പോൾ നിലനിർത്താനും കഴിയുന്നില്ല. സ്വന്തം പ്രസ്ഥാനത്തെ ആഞ്ഞടിക്കുന്നതിന്റെ കേരളപ്രയോഗമാണ് വി.എസ് ഘടകം എന്ന കേരളത്തിൽ ഉഗ്രമായി വിലപ്പോവുന്ന നമ്പർ. ആ വി.എസ് ഫാക്ടറിന്റെ കേരളത്തിലെ എക്കാലത്തേയും റേറ്റിംഗ് കൂടിയ നമ്പരാണ് കേരളത്തെ കൊള്ളയടിക്കാൻ ഈ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രസ്താവനയിലൂടെ സുധീരൻ കാച്ചിയിരിക്കുന്നത്.
വി.എസ് ഘടകത്തിന്റെ മൂല്യം ഇടതുമുന്നണിയിൽ സി.പി.ഐ.എം തന്നെയാണ് കുറച്ചത്. അതാണ് അദ്ദേഹത്തിന്റെ പ്രായം എന്ന ഘടകത്തെ മുൻ നിർത്തി തന്ത്ര-ജ്ഞാന-വിജ്ഞാന-പ്രയോഗ-രാഹിത്യ-മകുടോദാഹരണമൂർത്തിയായ പിണറായി വിജയനും മറ്റും നടത്തിയ വൻ അണിയറ പ്രചാരണവും അതിന്റെ പേരിൽ നടത്തപ്പെട്ട വിവിധ പാർട്ടി ഘടക യോഗങ്ങളും. ആന്റണിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന യു.ഡി.എഫിലെ വി.എസ് ഘടക പ്രയോഗം നോക്കൂ. ഉമ്മൻചാണ്ടി സർക്കാർ ഇരുട്ട് സൃഷ്ടിക്കുന്നു. മാധ്യമങ്ങൾ അത് വളർത്തി പരത്തുന്നു. കെ.പി.സി.സി അദ്ധ്യക്ഷന്‍ ആയിരം വാട്ട്‌സുള്ള ലൈറ്റുമായി ഇരുട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നു. എ.കെ ആന്റണി അപാരൻ എന്നേ പറയേണ്ടു. ഉമ്മൻ ചാണ്ടി പോലും ആന്റണിയെ നോക്കി വിസ്മയം തൂകുന്നുണ്ടാകാം.
അടിക്കുറിപ്പ്: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയായി എങ്ങനെ വരണമെന്നുള്ളത് ഉമ്മൻചാണ്ടിക്കറിയാം. അതിന് ഇത്തവണ ഹൈക്കമാന്‍ഡ് ശ്രമിക്കുകയാണെങ്കിൽ നഷ്ടം ഹൈക്കമാൻഡിനുമായിരിക്കും.