ഇന്ത്യയിൽ സമീപകാലത്ത് ഏകകക്ഷി ഭരണം സാധ്യമാവില്ല എന്ന ധാരണ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പോടു കൂടി മാറി. ഈ മാറ്റം സ്വാഭാവികമായി മാറിയതല്ല. മാറ്റിയതാണ്. ആ മാറ്റത്തിന് കാരണക്കാരൻ മറ്റാരുമല്ല, നരേന്ദ്ര മോഡി തന്നെ. ഈ മാറ്റത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകങ്ങളെ തിരിച്ചറിയുക എന്നത് മാറ്റത്തെക്കുറിച്ചും അതെങ്ങനെ സംഭവിക്കുന്നു എന്നും മനസ്സിലാക്കാൻ നല്ലതാണ്. ആ മനസ്സിലാക്കലിൽ നിന്നു മാത്രമേ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുകയുള്ളു. മോഡിയുടെ നീക്കങ്ങളുടെ വിജയവും മോഡിക്കെതിരെ പ്രവർത്തിച്ചവരുടെ പരാജയവുമാണ് ഈ മാറ്റത്തിലൂടെ പ്രകടമാകുന്നത്. അക്കാരണത്താൽ തന്നെ പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മോഡി നടത്തിയ പ്രചാരണവും മോഡിക്കെതിരെ നടത്തിയ പ്രചാരണവുമായി മാറി. ഇതാണ് പഠനവിഷയമാക്കേണ്ടത്. ഇത് വ്യക്തിക്കും സംഘടനയ്ക്കും സമൂഹത്തിനും സ്ഥാപനങ്ങൾക്കും മുന്നോട്ടുപോകണമെങ്കിൽ അനിവാര്യമാണ്. അവിടെയാണ് പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് വ്യക്തിക്കും രാഷ്ട്രത്തിനും ഒരുപോലെ പ്രസക്തമാകുന്നത്.
മോഡി ഇന്ത്യാമഹാരാജ്യത്തിനു യോഗ്യനായ ഭരണാധികാരിയായി മാറുമോ അതോ ദുരന്തമാവുമോ എന്നുള്ളതൊക്കെ വരും നാളിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങളും അവ നടപ്പാക്കുന്ന രീതികളും മൊത്തത്തിൽ ഭരണവും നോക്കി അറിയേണ്ടതാണ്. ജനായത്തത്തിൽ വിശ്വസിക്കുമ്പോൾ അതിന്റെ തെരഞ്ഞെടുപ്പുകളിലും വിശ്വാസം അർപ്പിക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ യു.എസിലും മറ്റും പോലുള്ള പ്രസിഡൻഷ്യൽ രീതിയിലുള്ള തിരഞ്ഞെടുപ്പല്ല എങ്കിലും മോഡി നയിച്ച അത്തരത്തിലുള്ള പ്രചാരണം ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ മുന്നണിക്ക് വമ്പിച്ച ഭൂരിപക്ഷം നേടിക്കൊടുത്തിരിക്കുന്നു. കേവല ഭൂരിപക്ഷം ബി.ജെ.പിക്കും. ജനായത്തത്തിൽ ഏറ്റവും അഭികാമ്യമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണ് മോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ കരസ്ഥമാക്കിയിരിക്കുന്നത്. അതിനെ സർവാത്മനാ അംഗീകരിക്കുക എന്നതാണ് പ്രാഥമികമായ മര്യാദ. അതേസമയം, ഇതില്‍ ഒരു യാഥാർഥ്യവും യാഥാർഥ്യമില്ലായ്മയും അടങ്ങുന്നുണ്ട്. രേഖാമൂലം ജനം നൽകിയ അംഗീകരം അഥവാ സമ്മതിദാനാവകാശമാണ് മോഡിയുടെ പക്കലുള്ളത്. അതിനാൽ ആരുടെ അംഗീകാരമാണ് അതിന് പുറമേ വേണ്ടത് എന്ന കാതലായ ചോദ്യം യാഥാർഥ്യത്തിന്റേതായ വശത്ത് ഉയരുന്നു. എന്നാല്‍, ഭരണാധികാരം ആര്‍ക്കെന്ന് ജനം നിശ്ചയിക്കുന്നതാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളക്കാലവും ജനായത്തത്തിൽ തുല്യ പ്രധാന്യമുള്ളതാണ്. കാരണം അത് പ്രവർത്തനത്തിന്റെ കാലമാണ്. ആ കാലത്തുണ്ടാവുന്ന തീരുമാനങ്ങളും തിരുത്തലുകളും വളരെ പ്രധാനമാണ്. അവിടെയാണ് സമൂഹത്തിലെ അഭിപ്രായ രൂപീകരണ വ്യക്തിത്വങ്ങളും മാധ്യമങ്ങളും ചേർന്നുകൊണ്ട് പൊതുജന അവബോധത്തിലേക്ക് സന്നിവേശിപ്പിക്കുന്ന അഭിപ്രായങ്ങളുടേയും നിലപാടുകളുടേയും പ്രാധാന്യം.
2002-ലെ ഗുജറാത്ത് കൂട്ടക്കൊല മുതൽ മോഡി അദ്ദേഹത്തിന്റെ പാർട്ടിയിലെ മുതിർന്ന നേതാക്കളുൾപ്പടെ രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും ബുദ്ധിജീവികളുടേയും സമൂഹ്യപ്രവർത്തകരുടേയും നല്ലൊരു ശതമാനം മുഖ്യധാരാ മാധ്യമങ്ങളുടേയുമൊക്കെ ആക്രമണ കേന്ദ്രമായിരുന്നു. എന്തിന് ആ കൂട്ടക്കൊലയുടെ പേരിൽ മോഡിക്ക് യു.എസ് ഏർപ്പെടുത്തിയ വിസ വിലക്ക് ഇപ്പോഴും തീർന്നിട്ടില്ല. ലോകം മുഴുവൻ തനിക്കെതിരെ അവധിയില്ലാത്ത യുദ്ധവുമായി തിരിഞ്ഞപ്പോൾ അവയെ നേരിട്ട് മുന്നേറാൻ ഒരു വ്യക്തി നടത്തിയ പോരാട്ടവും അതിൽ നിന്നാർജ്ജിച്ച കരുത്തുമാണ് മോഡിയെ ഗുജറാത്തിനു പുറത്ത് ദില്ലി പോലും സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. ഗുജറാത്തിനു പോലും യോഗ്യനല്ലെന്ന് സ്വന്തം പാർട്ടി നേതൃത്വവും തത്വത്തിൽ തീരുമാനിച്ചിടത്തു നിന്നാണ് മോഡി ദില്ലിയിലെത്തിയ യാത്രയുടെ തുടക്കം ആരംഭിക്കുന്നത്. ആ യുദ്ധത്തിന്റെ കൊട്ടിക്കലാശമായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണവും അതിനു മുൻപുണ്ടായ സാഹചര്യങ്ങളും. ഒറ്റവാക്കിൽ പറഞ്ഞാൽ ദില്ലിയിലെത്തിയതിന് മോഡി നന്ദി പറയേണ്ടത് തനിക്കെതിരെ യുദ്ധം നടത്തിയവരോടാണ്.
മോഡി ഗുജറാത്തിൽ നടത്തിയ വികസനം അനുയോജ്യമോ അല്ലയോ എന്നുള്ളത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ തനിക്കെതിരെയുള്ള ആക്രമണത്തിന് മറുപടി നൽകാൻ അദ്ദേഹം തന്റെ കൈവശമുള്ള ഭരണം അഥവാ ഗവേർണൻസിനെ ഉപയോഗിച്ചു. അതിൽ വികസനത്തിന് പ്രാധാന്യം നൽകി. ആ വികസനമാതൃക അനുയോജ്യമാണോ അല്ലയോ എന്നുള്ളതും ദുരിതം അനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾക്ക് കുറവു വരുത്തിയിട്ടുണ്ടോ എന്നുള്ളതുമൊക്കെ സംബന്ധിച്ച് ഇനിയും വ്യക്തമായ ചിത്രം ലഭ്യമാകുന്നില്ല. എന്നാൽ കണക്കുകൾ വികസനത്തെ കാണിക്കുകയും ഊർജലഭ്യത ഉറപ്പുവരുത്തുകയും ക്രമസമാധനം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ തൃപ്തമായ നിലയിൽ ഉറപ്പുവരുത്തുകയുമൊക്കെ ചെയ്തു എന്നുള്ളത് വസ്തുതയാണ്. അതിന്റെ തെളിവു തന്നെയാണ് മൂന്നാം തവണയും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇപ്പോൾ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പിക്ക് ഗുജറാത്ത് ജനത നൽകിയതും. വഡോദരാ മണ്ഡലത്തിൽ നിന്ന് 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയുളള വന്‍വിജയം അദ്ദേഹത്തിനു നൽകിയതും.
ജനായത്തത്തിൽ ഭരണമാറ്റ സംബന്ധമായ വിധിയെഴുത്ത് നടത്തുന്നത് ജനങ്ങളാണെങ്കിലും ജനായത്തത്തിന്റെ പ്രവർത്തനകാലമായ ഇടവേളക്കാലത്തെ നിയന്ത്രിക്കുന്നത് മാധ്യമങ്ങളും അഭിപ്രായ രൂപീകരണ നേതാക്കളും ചേർന്നാണ്. ഈ അഭിപ്രായ രൂപീകരണ നേതാക്കളും ബുദ്ധിജീവികളും പറഞ്ഞിരുന്നതൊക്കെ തെറ്റിപ്പോയെന്നാണ് ഈ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ജനം അത് ചെവിക്കൊണ്ടില്ല. ജനങ്ങളെ മനസ്സിലാക്കുന്നതിൽ മോഡിയെ എതിർത്ത എല്ലാവർക്കും തെറ്റിപ്പോയി എന്നു ചുരുക്കത്തിൽ പറയാം. ഇനിയും അതേരൂപത്തിലുള്ള എതിർപ്പ് മോഡിയ്‌ക്കെതിരെ നടത്തിയാൽ രാജ്യം കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. എതിർപ്പ് വർധിക്കുന്നതിനനുസരിച്ചാണ് മോഡിയുടെ ശക്തി കൂടിവരിക. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ അവ്വിധം ശക്തി കൂടിവരുന്നത് അദ്ദേഹത്തിലെ സ്വന്തം ഇച്ഛകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിലേക്കു നയിക്കും. മോഡി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ഇപ്പോൾ തന്നെയുള്ള ആരോപണമാണ്.
ലോകം മുഴുവൻ ഒരു വ്യക്തിയെ എതിർക്കുമ്പോൾ അതിനെ ഒറ്റയ്ക്ക് നേരിടുന്ന വ്യക്തി മറ്റാരേയും ആശ്രയിക്കാനില്ലാതെ സ്വന്തം ഇച്ഛയ്ക്കനുസൃതമായി പെരുമാറുന്ന സ്വഭാവസവിശേഷതകൾ ആർജിക്കും. ഹിറ്റ്‌ലർക്ക് സമാനമായ സ്ഥാനത്തുനിന്നും ചരിത്രത്തിൽ തന്റെ ഭാഗധേയത്തെ തിരുത്തിയെഴുതുക എന്ന മോഡിയെന്ന വ്യക്തിയുടെ ത്വരയ്ക്ക് കൈവന്ന സുവർണ്ണാവസരമാണ് രാജ്യത്തിന്റെ പ്രാധാനമന്ത്രിസ്ഥാനം. ഭരണത്തേയും വികസനത്തേയും ഉപാധിയാക്കിക്കൊണ്ട് അത് സാധിക്കുമെന്ന് സ്വയം ബോധിപ്പിക്കുകയും മറ്റുള്ളവരെ ബോധിപ്പിക്കാൻ കഴിയുകയും ചെയ്ത മോഡി ആ പാത പ്രധാനമന്ത്രി സ്ഥാനത്തും തുടരും. അവിടെയാണ് പ്രധാനമന്ത്രി മോഡിയുടെ അവസരവും അപകടവും. താൻ എന്തുചെയ്താലും മറ്റുള്ളവർ എതിർക്കുമെന്നും ആ എതിർപ്പുകളെ അവഗണിച്ച് മുന്നേറുകയാണ് തന്റെ വഴിയെന്നുമുള്ളത് ഏത് നടപടികളുമായും മുന്നോട്ടുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കും. അത് അപകടമാണ്. മികച്ച സംഘാടകനായ മോഡി വലിയൊരു ബുദ്ധിജീവിയോ താത്വിക ചിന്താമേഖലയിൽ ആഴമുള്ള ആളോ അല്ല. അദ്ദേഹവും അത് അവകാശപ്പെടുന്നില്ല. അതിനാൽ പ്രത്യക്ഷത്തിൽ മികച്ചതെന്നും എന്നാൽ ദൂരവ്യാപകമായി രാജ്യത്തിനു ദോഷം ചെയ്യുന്നതുമായ പരിപാടികളും പദ്ധതികളും നടപ്പിലായെന്നു വരാം. കാരണം അദ്ദേഹത്തിൽ മുന്തിനിൽക്കുന്നത് സംഘാടക ശേഷിയാണ്. അതാണ് അദ്ദേഹം ഭരണത്തിലും പ്രചാരണത്തിലുമൊക്കെ പ്രകടമാക്കിയിട്ടുള്ളത്. അതിനാൽ വളരെ കരുതലോടു കൂടി ഇനി മോഡി-എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിൽ കൊടുക്കപ്പെടേണ്ടി വരുന്ന വില വലുതായിരിക്കും. ജനം അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനായത്തത്തിൽ വിശ്വസിക്കുന്നവർ അദ്ദേഹവുമായി സഹകരിക്കുകയാണ് വേണ്ടത്. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകുമെന്നാണ് അദ്ദേഹം ഫലം പുറത്തുവന്നതിനുശേഷം വെള്ളിയാഴ്ച വഡോദരയിൽ നടത്തിയ നന്ദിപ്രസംഗത്തിൽ പറഞ്ഞിട്ടുള്ളത്.
ജാതി, മതം, നിറം എന്നിവയുടെ പേരിൽ തൊട്ടുകൂടായ്മ പുലർത്തുന്ന അതേ നില തന്നെയാണ് രാഷ്ട്രീയത്തിന്റെ പേരിൽ തൊട്ടുകൂടായ്മ പുലർത്തുന്നതും. ഗുജറാത്തില്‍ സന്ദര്‍ശനതിനെത്തിയ കേരളത്തിലെ ഒരു മന്ത്രി മോഡിയെ കണ്ടത് അപരാധമായിപ്പോയത് ഇത്തരം വികലമായ കാഴ്ചപ്പാടുകളുടെ ഫലമാണ്. ഒന്നിൽ വിശ്വസിക്കുകയും അതേസമയം അതിനെ തള്ളിക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നതാണ് വ്യക്തിക്കും പ്രസ്ഥാനങ്ങൾക്കും അപചയങ്ങൾ വന്നുചേരാൻ കാരണമാകുന്നത്. ജനായത്ത സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ വീക്ഷിക്കപ്പെടേണ്ടത് ആ വ്യക്തികളുടെ പ്രാതിനിധ്യ വ്യക്തിത്വത്തേയും നോക്കിക്കണ്ടുവേണം. അവരെ പ്രയോഗത്തിൽ തിരസ്കരിക്കുന്നത് വെറും വൈകാരികതയുടെ തടവറയിലകപ്പെട്ടു പോകുന്നവർക്കേ കഴിയൂ. വൈകാരികതയെ യുക്തിക്കു മേൽ പ്രതിഷ്ഠിക്കുന്ന മാദ്ധ്യമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഇടവേളക്കാലത്തെ മോഡിയോടുള്ള മോഡിവിരുദ്ധരുടെ നിലപാടും രാഷ്ട്രത്തിന്റെ ഗതിയും തമ്മിൽ മറ്റെന്നത്തേക്കാളും ബന്ധപ്പെട്ടുകിടക്കുന്നു.