പ്രചാരണത്തിന് സമാപനം: ഇനി ബൂത്തിലേക്ക്

Glint Staff
Tuesday, April 8, 2014 - 5:46pm

campaign ends

 

പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സംസ്ഥാനത്ത് ചൊവ്വാഴ്ച ആറുമണിയ്ക്ക് സമാപനം. ഒന്‍പത് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ പത്തിന് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ വിധിയെഴുതാന്‍ 2.4 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് നീങ്ങും. രാജ്യത്ത് മറ്റ് 71 ലോകസഭാ മണ്ഡലങ്ങളിലേക്കും ഇതേദിവസം വോട്ടെടുപ്പ് നടക്കും.

 

പതിവ് ആവേശമുയര്‍ത്തിയാണ് പ്രചാരണം സമാപിക്കുന്നതെങ്കിലും വേനല്‍ ചൂടിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളുടെ ചൂടിനായി എന്ന്‍ പറയാനാകില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് സോളാര്‍-സലിംരാജ് തട്ടിപ്പ് കേസുകള്‍ ആണ് മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഇടതു ജനാധിപത്യ മുന്നണി ഉയര്‍ത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ കേന്ദ്രീകരിച്ച് സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയായിരുന്നു ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന പ്രചാരണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് ഇവ എന്നതിനാല്‍ പ്രത്യക്ഷമായ ഒരു തരംഗം ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായോ പ്രതികൂലമായോ കാണാനില്ല എന്നതാണ് അതുകൊണ്ടുതന്നെ ഈ പ്രചാരണത്തിന്റെ ഫലം. അതേസമയം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഇടതുമുന്നണിയിലെ സ്വതന്ത്രരും ആര്‍.എസ്.പി ഇടതു ജനാധിപത്യ മുന്നണി വിട്ടതുമെല്ലാം പ്രാദേശികമായെങ്കിലും അടിയൊഴുക്കുകള്‍ക്ക് കാരണമായേക്കാവുന്ന വിഷയങ്ങളായി ഉണ്ട്.

 

ധാർമ്മികത അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം

 

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുമാണ് പ്രചാരണത്തില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവര്‍. ടി.പി ചന്ദ്രശേഖരന്‍ കേസിലെ നിലപാടുമാറ്റം വി.എസിന്റെ രാഷ്ട്രീയ ധാര്‍മികത സംബന്ധിച്ച് ചര്‍ച്ചകള്‍ സൃഷ്ടിച്ചെങ്കിലും പ്രചാരണയോഗങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ 91 വയസ്സിന്റെ ‘ചെറുപ്പവും’ സ്വതസിദ്ധമായ സംഭാഷണ ശൈലിയും കൊണ്ട് വി.എസ് ജനങ്ങളെ ഇളക്കിമറിച്ചു. അതേസമയം, ശൈലി പതിഞ്ഞതാണെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.കെ ആന്റണി ഐക്യ ജനാധിപത്യ മുന്നണിയുടെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നയിച്ചത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം നിറയ്ക്കുന്നതായി.

 

കോണ്‍ഗ്രസ് ഒട്ടേറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി ദേശീയ നേതൃത്വത്തില്‍ നിന്ന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് എന്നിവരും എത്തിച്ചേര്‍ന്നു. പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് ബി.ജെ.പിയുടെ ദേശീയ നേതൃത്വം കേരളത്തിലെത്തിയത്. പാര്‍ട്ടി വിജയ സാധ്യതയുണ്ടെന്ന് കരുതുന്ന രണ്ട് മണ്ഡലങ്ങളില്‍ കാസര്‍ഗോഡ്‌ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയും തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയും പ്രചാരണ യോഗങ്ങളില്‍ സംബന്ധിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രചാരണത്തിനുണ്ടായിരുന്നു.

 

ഇടതു ജനാധിപത്യ മുന്നണിയില്‍ സി.പി.ഐ.എം സ്വതന്ത്രരടക്കം 16 സീറ്റിലും സി.പി.ഐ മൂന്ന്‍ സീറ്റിലും ജനതാദള്‍ (എസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസ് 15 സീറ്റിലും മുസ്ലിം ലീഗ് രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസും സോഷ്യലിസ്റ്റ് ജനതയും ആര്‍.എസ്.പിയും ഓരോ സീറ്റിലും മത്സരിക്കുന്നു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും ഏറ്റുമുട്ടുന്ന കൊല്ലമാണ് സംസ്ഥാനത്ത് അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലം. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.  

 

സംസ്ഥാനത്ത് 1,16,81,503 പുരുഷന്മാരും 1,25,70,439 സ്ത്രീകളും 11,174 പ്രവാസി വോട്ടര്‍മാരുമടക്കം 2,42,51,942 സമ്മതിദായകരാണ് ഉള്ളത്. 20 മണ്ഡലങ്ങളിലായി ആകെ 269 സ്ഥാനാര്‍ഥികള്‍ ഇവരില്‍ നിന്ന്‍ വ്യാഴാഴ്ച ജനവിധി തേടും. ഇതില്‍ സ്ത്രീകളുടെ എണ്ണം 24 മാത്രം. 20 പേര്‍ മത്സരിക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഏറ്റവും കുറവ് ഒന്‍പത് പേരുള്ള മാവേലിക്കരയും. ഒട്ടുമിക്ക മണ്ഡലങ്ങളിലും രണ്ട് മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ നേരിടുന്ന അപര ശല്യം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 21,424 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

 

കേരളത്തിന് പുറമേ കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി (ഏഴു മണ്ഡലങ്ങള്‍), ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ലക്ഷദ്വീപ് (ഓരോ മണ്ഡലം വീതം) എന്നിവിടങ്ങളിലും പത്ത് മണ്ഡലങ്ങളുള്ള ഹരിയാനയിലും വ്യാഴാഴ്ചയോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഒപ്പം, ഉത്തര്‍ പ്രദേശ്‌, മഹാരാഷ്ട്ര, ഒഡിഷ (പത്ത് മണ്ഡലങ്ങള്‍ വീതം) മധ്യപ്രദേശ്‌ (ഒന്‍പത്), ബിഹാര്‍ (ആറ്), ജാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍, ഛത്തിസ്‌ഗഡ് (ഓരോ മണ്ഡലം വീതം) എന്നിവിടങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയില്‍ ആദ്യഘട്ടത്തിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒപ്പം വോട്ടെടുപ്പ് നടക്കും.   

Tags: