പി.എസ് നടരാജപിള്ളയുടെ പ്രേതാക്രമണം

Glint Staff
Tue, 31-01-2017 12:15:15 PM ;

ps nataraja pilla

 

പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗൽഭനായ അധ്യാപകനുമായിരുന്ന, മനോമണിയം സുന്ദരനാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൊഫസർ  പി. സുന്ദരം പിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം ഒരു കാലത്ത്. തിരുനെൽവേലിയിലെ മനോമണിയം സുന്ദരനാർ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്. മനോമണിയം എന്ന അദ്ദേഹത്തിന്റെ നാടകത്തിലെ നീരാറും കടലുടുത്ത എന്ന്‍ തുടങ്ങുന്ന, തമിഴ് തായ് വാഴ്ത്ത് എന്നറിയപ്പെടുന്ന ഗാനമാണ് തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനം. അദ്ദേഹത്തിന്റെ മരണ ശേഷം ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി.എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നു. തിരുവിതാംകൂര്‍ രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി.

 

സ്വതന്ത്ര്യം കിട്ടിയ ശേഷം  പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയിൽ 1954 -55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽക്കാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടെന്ന് നടരാജ പിള്ള പറഞ്ഞു. മാത്രവുമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു. ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി.എസ് നടരാജ പിള്ള മെമ്മോറിയൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962-ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം.പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

 

1968-ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു നൽകിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം.എൻ ഗോവിന്ദൻ നായർ മണലൂർ എം.എൽ.എയായിരുന്ന എൻ.ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്, ഗവർണർ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റെവന്യൂ മന്ത്രി കെ.ആർ ഗൗരി, വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാർ എന്നിവർ അംഗങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്. (എന്തുകൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് കൃഷി മന്ത്രി മറുപടി കൊടുത്തുവെന്ന് അറിയില്ല) എന്നാൽ പിൽക്കാലത്തു ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതൽ പ്രാതിനിധ്യമുള്ള ഒന്നായി മാറി.

 

1971-നു പാട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976-ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. അത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1985ൽ അസൈൻ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുക്കുകയായിരുന്നു. 1972-ൽ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വെച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നു. തീർച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൂമി  അസൈൻ ചെയ്തു  സർക്കാർ കൊടുത്തിട്ടുണ്ട്. (തിരുവനന്തപുരം നഗരത്തിൽ തന്നെ എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ള എം.ജി കോളേജ്, മലങ്കര സഭയുടെ മാർ ഇവാനിയോസ് കോളേജ് എന്നിവ ഉദാഹരണങ്ങൾ.) എന്നാൽ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തിൽ തന്നെ ഭൂമി  അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.

 

കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്. കേരള സർവകലാശാലയുടെ കീഴിലെ  അൺഎയിഡഡ് കോളേജിലെ അധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും  സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. (ലോ അക്കാദമിയിലെ എല്ലാ അധ്യാപകർക്കും  വോട്ടവകാശമില്ല. ചിലർക്ക് മാത്രമേ അതുള്ളൂ).

 

വായിക്കുക: ലാ അക്കാദമി എന്ന ഒടുവിലത്തെ കാരണം

 

ലോ അക്കാദമിയുടെ ഈ സവിശേഷ സ്ഥാനങ്ങള്‍ തന്നെ അധികാരവുമായുള്ള സ്ഥാപനത്തിന്റെ അടുപ്പം വ്യക്തമാക്കുന്നു. അധികാരത്തോട് കലഹിച്ചതിനെ തുടര്‍ന്ന്‍ കണ്ടുകെട്ടിയ ഭൂമിയിലാണ് ലോ അക്കാദമി നിലനില്‍ക്കുന്നതെന്ന വിരോധാഭാസം, ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതം തന്നെ നേരിടുന്ന വിരോധാഭാസമാണ്. ജനായത്ത സര്‍ക്കാറിനെ ഏല്‍പ്പിച്ച ഭൂമി സ്വകാര്യ വ്യക്തികളുടെ കൈകളിലേക്ക് വന്നതിന്റെ ചരിത്രം രാജ്യത്തിന്റെ ഗതിയുടെ ചിത്രം കൂടിയാണ്. ഇന്ന്‍ ലോ അക്കാദമി മാനേജ്മെന്‍റ് നേരിടുന്ന സമരത്തില്‍ അതുകൊണ്ടുതന്നെ ഒരു കാവ്യനീതിയുണ്ട്.

  

പിൻകുറിപ്പ്: പി.എസ് നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ടും (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കട ജംഗ്ഷനിൽ കിട്ടുമായിരുന്ന 20-ഓളം ഏക്കർ ഭൂമി സ്കൂളിനും, ലോ അക്കാദമിയ്ക്കുമായി നൽകി. അന്നത്തെ സർക്കാർ ഇതിനു പി.എസ് നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്കൂൾ അങ്കണത്തിൽ സ്ഥാപിയ്ക്കുമെന്ന് ഉറപ്പു നൽകി. ഒടുവിൽ അദ്ദേഹത്തിലെ തല മാത്രമുള്ള പ്രതിമ സ്ഥൂപത്തിൽ സ്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് (പ്രധാനമന്ത്രി നെഹ്രു, പട്ടം താണുപിള്ള എന്നിവർ വന്ന സ്ഥലം) ഇടിച്ചു നിരത്തി. ഇപ്പോള്‍ അവിടെ ഫർണിച്ചർ കടയാണ്. ഒരു മകനായ ശിവശങ്കരൻ ഒറ്റമുണ്ടുമുടുത്ത് പേരൂർക്കട വഴി ഇന്നും നടക്കുന്നു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന ധനകാര്യ മന്ത്രിയുടെ മകൻ. കാലം മാറി. പിന്നീടു വന്ന ധനകാര്യ മന്ത്രിമാരുടെ മക്കൾ എവിടെ എങ്ങനെയെന്നു നമ്മൾ കണ്ടു കൊണ്ടേയിരിക്കുന്നു!

Tags: