മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ മുത്തലാഖ് ന്യായീകരണത്തില്‍ തെളിയുന്നത് അജ്ഞത മാത്രം

Glint Staff
Sun, 04-09-2016 09:00:15 AM ;

protest against triple talaq

 

ശരിയത്തിനെയും അത് മുസ്ലീം പുരുഷൻമാർക്ക് അനുവദിക്കുന്ന മുത്തലാഖിനെയും ന്യായീകരിച്ചുകൊണ്ട് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ന്യായവാദങ്ങൾ പുരുഷന്റെ പേടിയും ദൗർബല്യവും അതിനെത്തുടർന്നുണ്ടാകുന്ന തെറ്റിദ്ധാരണ അഥവാ അജ്ഞതയും വ്യക്തമാക്കുന്നു. സത്യവാങ്മൂലം കൊടുത്തിരിക്കുന്നതിൽ ബോര്‍ഡ് ആധാരമായി ആശ്രയിച്ചിരിക്കുന്നത് സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് നീതിയുക്തമായി ചിന്തിക്കാൻ കഴിയുക എന്ന ഘടകത്തെയാണ്. മുത്തലാഖ് ചൊല്ലി വിവാഹമോചനം പ്രഖ്യാപിക്കുന്നതിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി സ്വയമേവ എടുത്ത വാദത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

 

തീരുമാനമെടുക്കുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും പുരുഷന്മാർ സ്ത്രീകളേക്കാൾ കൂടുതൽ കരുത്തു പ്രകടമാക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ ബോര്‍ഡ് അവകാശപ്പെട്ടിരിക്കുന്നത്. അതുപോലെ സാദാചാരത്തോടെ പുരുഷന്മാർക്ക് ജീവിക്കുന്നതിന് നാല് ഭാര്യമാരുണ്ടാകുന്നതാണ് നല്ലത്. അല്ലെങ്കിൽ പരസ്ത്രീ ബന്ധത്തിലേർപ്പെട്ട് ദുർനടത്തം സംഭവിക്കും. അതിനു പുറമേ സ്ത്രീകൾക്ക് സംരക്ഷണമേകുന്നതുമാണ് നാല് സ്ത്രീകളെ വിവാഹം കഴിക്കാമെന്ന ശരിയത്ത് അനുവാദമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തുടർന്ന് ബോർഡ് ഉന്നയിക്കുന്ന ന്യായവാദങ്ങളെല്ലാം തന്നെ തികഞ്ഞ അജ്ഞത പ്രകടമാക്കുന്നതാണ്.

 

സത്യവാങ്മൂലം തയ്യാറാക്കിയപ്പോൾ അടിസ്ഥാനമായി സ്വീകരിച്ച, സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന് മുന്നിട്ടു നിൽക്കുന്ന തീരുമാനമെടുക്കാനുള്ള കഴിവും വികാരം നിയന്ത്രിക്കാനുള്ള കഴിവിലേക്കും നോക്കാം. യുദ്ധത്തിന്റെ അളവുകോലിലൂടെ ലോകത്തേയും ജിവിതത്തേയും കാണുന്ന വീക്ഷണത്തിൽ ഈ കാഴ്ചപ്പാട് ശരിയാണ്. കാരണം, സ്ത്രീ അടിസ്ഥാനപരമായി യുദ്ധോത്സുകയല്ല. പുരുഷൻ സഹസ്രാബ്ദങ്ങളായി സ്ത്രീകളിൽ നിക്ഷേപിച്ചു വിജയിച്ച പുരുഷസ്വഭാവം മൂലമാണ് വർത്തമാനകാലത്തിൽ അക്രമോത്സുകളായ സ്ത്രീകളെ കാണുന്നതും അതിനെ സ്ത്രീശാക്തീകരണമായി ഭയാലുവായ പുരുഷൻ വിലയിരുത്തുന്നതും. ഇന്ന് ലോകം നേരിടുന്ന മുഖ്യ പ്രശ്‌നം തീവ്രവാദവും അതുമായി ബന്ധപ്പെട്ട യുദ്ധങ്ങളുമാണ്. ഇത് സ്ത്രീയുടെ തീരുമാനമെടുക്കുന്നതിലെ പ്രശ്നം കാരണമോ അവരുടെ ക്ഷിപ്ര പ്രതികരണ സ്വഭാവം കൊണ്ടോ ഉണ്ടായ ദുരന്തമല്ല. സംവേദനക്ഷമത കുറവായ പുരുഷന്റെ പേടിയിൽ നിന്നുണ്ടായതാണ്. ഏതു ചെറിയ ആക്രമണവും മഹായുദ്ധങ്ങളും തീവ്രവാദവും ജനിക്കുന്നത് പേടിയിൽ നിന്നാണ്. പേടിയാകട്ടെ അജ്ഞതയുടെ ഫലവും.

 

ഇന്ന് കുവൈത്തിൽ എല്ലാവരാലും തഴയപ്പെട്ട അനവധി യുവതീയുവാക്കളെ കാണാം. അവർ ഇറാഖാക്രമണ സമയത്ത് പട്ടാളക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട കുവൈത്തി സ്ത്രീകള്‍ക്കുണ്ടായ മക്കളാണ്. സ്‌നേഹമെന്തെന്നറിയാത്ത അവർ ഏത് ചാവേറാകാനും തയ്യാറായെന്നിരിക്കും. അതുപോലെ ബിൻ ലാദനെ നോക്കുക. അനവധി ഭാര്യമാരുണ്ടായിരുന്ന പിതാവിന്റെ മകനായി ജനിച്ചു വളർന്നു. അവിടെയും സ്വാതന്ത്യമില്ലാത്ത, തഴയപ്പെട്ട, അസ്വസ്ഥയായ അമ്മയാകാം പിതാവിനാൽ കരുതപ്പെടാത്ത ആ മകനിലും ഭ്രാന്തമായ വൈകാരികതയെ സൃഷ്ടിച്ചതും പിന്നീട് ലോകത്തിന് ഭീഷണിയായതും. ബിൻ ലാദനുമുണ്ട് അതുപോലെ സന്തതികൾ. ലോകത്തിന്റെ മുന്നേറ്റത്തിൽ മുഖ്യ പങ്കു വഹിച്ച മഹാൻമാരുടെ ചരിത്രമെടുത്തു നോക്കുക. അവിടെയെല്ലാം കാണുന്നത് സ്‌നേഹനിധികളായ അമ്മമാരുടെ തന്റെ മകനിലൂടെയുള്ള വികാസമാണ്. അക്ബർ, ചാപ്ലിൻ, മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദൻ തുടങ്ങി എത്രയോ മഹാൻമാർ. അതുപോലെ അസ്വസ്ഥരായ അമ്മമാരുടെ മക്കളെയും കാണാം. ലോകത്തിനു ഭീഷണിയായവർ. ഹിറ്റ്‌ലറുൾപ്പടെയുള്ളവർ. ഇവിടെയെല്ലാം ഈ അമ്മമാർ അസ്വസ്ഥമാകുന്നത് അവഗണനയുടെയും പീഡനത്തിന്റെയും ഫലം തന്നെ. ഇന്ന് തീവ്രവാദത്തിന്റെ വേരുകളിലേക്കു നോക്കിയാലും അതു കാണാൻ കഴിയും. ദുരന്തങ്ങളിൽ മനുഷ്യരാശിയെ നിലനിർത്തുന്നതും സ്ത്രീകൾ തന്നെ. മധ്യപൂർവേഷ്യയിലേക്കൊന്നു നോക്കിയാൽ അതു ഇപ്പോൾ അനായാസം കാണാം.

 

ഇതെല്ലാം വ്യക്തമാക്കുന്നത് പുരുഷൻ  ജീവിതത്തെ യുദ്ധമായി മാത്രമേ കാണുന്നുളളു. നിലനിൽപ്പ് നേരിടുന്ന ഭീഷണി. അതാണ് പുരുഷന്റെ പേടി. ലൈംഗികതയിലും പുരുഷൻ സ്ത്രീയുടെ മുന്നിൽ നേരിടുന്നത് ഈ പേടിയാണ്. പേടിയിൽ നിലനിൽപ്പിനു വേണ്ടിയാണ് പുരുഷൻ അവന്റെ അജ്ഞതയിൽ യുദ്ധം ചെയ്യുന്നത്. ശരിയത്തിനെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ. അന്ന് നിലവിലുണ്ടായിരുന്ന പശ്ചാത്തലത്തിൽ പുരുഷനിൽ ഉത്തരവാദിത്വവും അതോടൊപ്പം അവ്യവസ്ഥയിൽ വ്യവസ്ഥയും സൃഷ്ടിക്കുന്നതിന് സഹായകരമായിട്ടാവണം ശരിയത്തിലെ മുത്തലാഖും നാല് പേരെ വരെ വിവാഹം കഴിക്കാമെന്നുമുള്ള വ്യവസ്ഥയും മറ്റും. അതിലെല്ലാം പ്രകടമാകുന്നത് സദാചാരത്തിലേക്ക് അഥവാ മൊറാലിറ്റിയിലേക്ക് പുരുഷനെ ഉയർത്താനുള്ള ശ്രമമായിരുന്നു. അന്നത്തെ പശ്ചാത്തലത്തിൽ പേടി പൂണ്ട പുരുഷൻ പ്രകൃതിയോട് ചേർന്നു നിൽക്കുന്ന സ്ത്രീയുടെ മേന്മഭാവത്തെ ദൗർബല്യമായി കണ്ട് ചൂഷണം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവും അതിൽ കാണാം. സ്ത്രീ-പുരുഷ ബന്ധത്തിന് കൽപ്പിക്കുന്ന പവിത്രത മുത്തലാഖിൽ കാണാം. അതായത് മാനസികമായി അകന്നു കഴിഞ്ഞ പുരുഷനും സ്ത്രീയും തമ്മിൽ ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിലെ അശാസ്ത്രീയത. അവിടെയും സ്ത്രീയുടെ ശക്തിയാണ് കാണാൻ കഴിയുന്നത്. കാരണം, സ്ത്രീയ്ക്ക് ഏതു ക്രൂരനായ പുരുഷനേയും സഹിക്കാനും താങ്ങാനും എത്ര ദുരിതമനുഭവിക്കേണ്ടി വന്നാലും അതും സഹിക്കാനുമുള്ള കഴിവുണ്ടാകും. അതിനാൽ മിക്ക സന്ദർഭങ്ങളിലും പുരുഷനെ ഉപേക്ഷിച്ചു പോകാൻ അവൾ തയ്യാറായെന്നു വരില്ല. അതും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. സംസ്‌കൃത ചിത്തനായ ഒരു പുരുഷനു മാത്രമേ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്താനുള്ള അവകാശമുളളുവെന്ന് സൂക്ഷ്മവായനിൽ കാണാൻ കഴിയും. മുത്തലാഖിന്റെ ഭാഗം മാത്രമെടുത്ത് പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നതുകൊണ്ടാണ് അതു ഉത്തരവാദിത്വമില്ലാത്തവന്റെ കയ്യിൽ പെട്ട ഉഗ്രായുധം പോലെയായിപ്പോയത്.

 

വർത്തമാനകാലത്തിന്റെ ദുരന്തങ്ങളായ വിനാശകരമായ ആയുധങ്ങളുടെയും യുദ്ധങ്ങളുടെയും ചാവേറുകളുടെയും ഭീകരവാദത്തിന്റെയും ഭൂമി ചുട്ടുപഴുക്കുന്നതിന്റെയും മദ്ധ്യത്തിൽ ജീവനും ജീവിതവും നില നിന്നു പോകുന്നതും സ്ത്രീകളെക്കൊണ്ടാണെന്നുള്ളതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്. സ്ത്രീകളുടെ മറ്റൊരു ദൗർബല്യമായി കരുതുന്നത് ക്ഷിപ്ര പ്രതികരണമാണ്. അതും വേണ്ട വിധം മനസ്സിലാക്കാൻ കഴിയാതെ പോയതിനാലാണ്. കാരണം ക്ഷിപ്ര പ്രതികരണം അവരിൽ സംഭവിക്കുന്ന നൈസർഗികതയാണ്. ഒരു വ്യക്തിയെ പുരുഷൻ കഴുത്തറുക്കുമ്പോൾ അത് സ്ത്രീയ്ക്ക് കണ്ടു നിൽക്കാൻ കഴിയാത്തത് ആ സ്ത്രീക്ക് കഴുത്തറുക്കപ്പെടുന്നവന്റെ വേദന ഏതാണ്ട് അതേപടി അറിയാൻ കഴിയുന്നതുകൊണ്ടാണ്. പ്രകൃതി സ്ത്രീക്ക് നൽകിയിരിക്കുന്ന വർധിതമായ സംവേദനക്ഷമത കൊണ്ടാണ് അതു സംഭവിക്കുന്നത്. അതേസമയം സാംസ്‌കാരികമായി ഔന്നത്യത്തിലെത്താത്ത പുരുഷന് അതറിയാൻ കഴിയില്ലെന്നു മാത്രമല്ല, അതിൽ ഹരം കൊള്ളുകയും ചെയ്യുന്നു. കാരണം കഴുത്തറുക്കപ്പെടുന്നവനെ അന്യമായി മാത്രമേ ശരാശരി പുരുഷനു കാണാൻ കഴിയുകയുളളു. എന്നാൽ സ്ത്രീയ്ക്ക് സംവേദനത്തിലൂടെ വ്യാപകത്വ ശേഷിയുള്ളതിനാൽ തന്റെ ഭാഗമായി അതറിയാൻ കഴിയുന്നു. അതിനാൽ സംവേദനക്ഷമതയിലുള്ള കുറവിനെയാണ് ബോർഡ് പുരുഷന്റെ വൈകാരിക നിയന്ത്രണശേഷിയായി എടുത്തു കാണിക്കുന്നത്.

 

ആംഗലേയത്തിൽ എംപതി എന്ന അവസ്ഥ സ്ത്രീയ്ക്ക് കൂടുതലായതുകൊണ്ടാണ് നിശ്ചലമായ ജലത്തിൽ കല്ലുവീണാൽ ഓളം പോലെ സ്ത്രീയിൽ പ്രതികരണമുണ്ടാകുന്നത്. എന്നാൽ പാറയിൽ വീണാൽ വീഴുന്ന കല്ല് ചിലപ്പോൾ ചിതറിയെന്നുമിരിക്കും. പാറയ്ക്ക് ഒരു ചെറു പുല്ലിനു പോലും ജന്മം നൽകാനോ വളർത്താനോ കഴിയില്ല. പക്ഷേ യുദ്ധോത്സുക കാഴ്പ്പാടിൽ വെള്ളത്തിനേക്കാൾ കട്ടിയും ശക്തിയും പാറയ്ക്കാണ്. വർത്തമാനകാല സ്ത്രീ ഈ അടിച്ചമർത്തലിന്റെ സഹികട്ടെ വിങ്ങിപ്പൊട്ടുന്ന രൂപമാണ്. കാരണം അവരെയും ഉള്ളിലിരുന്ന്‍ നയിക്കുന്നത് പാറയുടെ പേശീബലമാണ്. അതിൽ തട്ടിത്തെറിക്കുന്ന ജലകണങ്ങളാണ് പലപ്പോഴും കാണപ്പെടുന്നത്. എന്നിരുന്നാലും അതിൽ സൃഷ്ടിയായ ജലകണമുണ്ടെന്നുളളതാണ് അപ്പോഴും പ്രത്യാശ നൽകുന്ന ഘടകം.

 

പരസ്ത്രീ ബന്ധത്തെ അല്ലെങ്കിൽ പുരുഷന്റെ ലൈംഗിക സ്വഭാവത്തെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് മൊറാലിറ്റി അഥവാ സദാചാരവുമായി ബന്ധപ്പെടുത്തി കാണുന്നത്. അതു തന്നെ വികലമാണ്. മാദ്ധ്യമങ്ങളും ആക്ടിവിസ്റ്റുകളും ചേർന്ന് സദാചാരം എന്ന വാക്കിനെ വൃത്തികെട്ടതാക്കിയെങ്കിലും ആ വാക്ക് അര്‍ത്ഥമാക്കുന്നത് മാനവികതയിലേക്കുയരുന്ന സാംസ്‌കാരികമായ പ്രതിഫലനങ്ങൾ മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും പ്രകടമാകുന്നതിനെയാണ്. അത് ഒരു വ്യക്തിയിൽ ആന്തരികമായി സംഭവിക്കുമ്പോഴാണ് സദ് ആചാരങ്ങൾ ഉണ്ടാവുക. ഒരു വ്യക്തി റോഡിൽ മറ്റ് വാഹനങ്ങൾക്ക് അലോസരമുണ്ടാകാതെ നിയങ്ങൾ പാലിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുന്നത് ഏറ്റവും പ്രകടമായ സദാചാരമാണ്. അതു ഒരു സുപ്രഭാതത്തിലോ പ്രദോഷത്തിലോ വ്യക്തിയിൽ സംഭവിക്കുന്നതല്ല. ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ മൊത്തത്തിലുള്ള പ്രകടനമാണ്. അല്ലാതെ ലൈംഗിക ജീവിതത്തിലെ ചില ചിട്ടവട്ടങ്ങളല്ല. അവിടെയും മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ അജ്ഞതയാണ് വെളിവാകുന്നത്. അജ്ഞതയെ ജ്ഞാനമായി കരുതപ്പെടുന്നത് പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും സംഭവിച്ച വർത്തമാനകാല അപചയമാണ്.

 

ഇന്ത്യയിൽ പലപ്പോഴും വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാൻ പൊതുവേ വിമുഖത കാണപ്പെടുന്നുണ്ട്. അതിനു കാരണവും പേടിയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം സൃഷ്ടിച്ച സമവാക്യമാണ്. സുപ്രീം കോടതി വളരെ ഉചിതമായ ഒരു വിഷയമാണ് ആലോചനയ്ക്കെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏകീകൃത സിവിൽ കോഡിന്റെ അഭാവത്തിൽ തന്റെ മുന്നിൽ വന്ന കേസ്സിൽ നിസ്സഹായത പ്രകടിപ്പിച്ച് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി വിലപിക്കുകയുണ്ടായി. ഇന്നിപ്പോൾ ശരിയത്ത് നിയമം മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ദുരിതത്തിനു മാത്രമേ ഉതകുന്നുള്ളു. പരമ കാരുണികനായ അള്ളാഹുവിന്റെ കാരുണ്യത്തിന്റെ എളിയ അംശം നീതിയുടെ രൂപത്തിലെങ്കിലും ഇന്ത്യയിലെ ധർമ്മ സങ്കടത്തിലാവുന്ന മുസ്ലീം സ്ത്രീകൾക്ക് ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണ്. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്നുള്ളതാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com


Summary

The need for a uniform civil code is felt more urgent today in India against the backdrop of the changing world in general and the changing nature of society in particular. Last year, a judge in the high court of Gujarat openly expressed his helplessness and lamented for being a mute spectator when a Muslim women was denied justice. He was disposing of a petition filed by the wife of a police officer seeking to quash the triple talaq by her husband. The court observed that though the petitioner deserved justice as per the Constitution of India to which he was bound but he could not mete out justice to that petitioner. He also highlighted the need of efforts from all the parties concerned to bring in a uniform civil code.

 

The tone and tenor of the affidavit filed by the All India Muslim Personal Law Board on September 2, 2016  before the Supreme Court  necessitated  the need of a uniform civil code all the more important. The board had filed the affidavit in response to a case initiated by the Supreme Court, of its own accord, to examine the effect of triple talaq on Muslim women's rights. The fact is that the triple mode talaq is, no doubt, unconstitutional. But the constitution is helpless in view of the Muslim Women(Protection of Rights on Divorce) Act 1986,enacted by the then Rajiv Gandhi  government  to annul the Supreme Court‘s judgment in the Shah Bano case in 1985. The Muslim Personal Law Board in their affidavit maintains that the Sharia grants rights to men to divorce using triple talaq mode. The board also claims that the Sharia provides that right to men due to the greater power of men in decision making than women. It also contended that women are prone to impulsive responses.

 

If one takes a cursory look into the history and the contemporary realities around the world, it can easily be discerned that the decisions of men made the world mad by internecine wars and rendered the globe a place not conducive for living beings including humans. It is true that women are by nature not war mongers; but the ignorant men are. The power of empathy being possessed by women is viewed as a sign of weakness on the part of women and being dubbed it as impulsive response. In fact that shows the increased sensitivity of women than men, lack of which makes man a brutal being. The affidavit filed by the Board reflects the fact that all the arguments in support of the unilateral divorce and the right to men to marry four women are based on its retrograde perceptions rather than in tandem with the holistic tenets of Quran. The Muslim Personal Law Board mistakes the strength of women as weakness and the warmongering attributes of ignorant man as strength.

Tags: