അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തുടരുന്ന സംഘർഷം പരിശോധിക്കുമ്പോൾ ഒട്ടേറെ വിഷയങ്ങൾ തെളിഞ്ഞുവരുന്നു. അവയെ വർത്തമാനകാല സമൂഹത്തിന്റെ പരിഛേദക്കാഴ്ചയെന്നു ഒറ്റവാചകത്തിൽ പറയാം. ആ കാഴ്ചകൾ മുൻഗണനാക്രമത്തിൽ എന്തെന്ന് നോക്കാം.
1) ഹൈക്കോടതി ചീഫ് ജസ്റ്റിസും (ആക്ടിംഗ്) മറ്റ് ജഡ്ജിമാരും സന്നിഹിതമായിരുന്ന ഹൈക്കോടതിക്കുള്ളിൽ നടന്ന വിഷയത്തിൽ നീതിയും ന്യായവും നോക്കി ഹൈക്കോടതിക്ക് തീർപ്പ് കൽപ്പിക്കാൻ കഴിയുന്നില്ല.
2) നീതിയുടെയും ന്യായത്തിന്റെയും തലനാരിഴ കീറി ന്യായം കണ്ടെത്തി നീതിപൂര്‍വ്വം തീർപ്പു കൽപ്പിക്കേണ്ട ഹൈക്കോടതി സമ്മർദ്ദത്തിലകപ്പെട്ടിരിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ നീതിയുടെ ഭാഗം ഏതെന്ന് നീതിന്യായ വ്യവസ്ഥയുടെ കാവലാൾ സംവിധാനത്തിൽ നിന്ന് അറിയാൻ കഴിയുന്നില്ല.
3) നീതിയുടെയും ന്യായത്തിന്റെ മാറ്റ് ഉരച്ച് തിട്ടപ്പെടുത്തി ന്യായം പ്രസ്താവിച്ച് പ്രശ്‌നത്തിൽ തീർപ്പ് കൽപ്പിക്കേണ്ട ഹൈക്കോടതി മാദ്ധ്യമങ്ങളുമായി ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നു.
4) ജനായത്ത വ്യസ്ഥയിൽ ജുഡീഷ്യറി ദുർബലമാകുന്നത് ജനായത്തം ദുർബലമാകുന്നതിനു തുല്യമാണ്.
5) ഹൈക്കോടതിയും വളപ്പും അഭിഭാഷകരുടെ സ്വന്തം ഇടം പോലെ അവർ പ്രഖ്യാപിക്കുകയും അത് തിരുത്തുന്നതിന് ഹൈക്കോടതിക്ക് സാധിക്കാതെയും വരുന്നു.
6) ജനായത്ത സംവിധാനത്തിൽ എല്ലാ സ്ഥാപനങ്ങളുടെയും പരമാധികാരം ജനങ്ങൾക്കാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുമ്പോഴും ദുർബലമാകുന്നത് ജനായത്തമാണ്
7) ഒരു കേസ്സിൽ വിധിയായാൽ കക്ഷിയും അഭിഭാഷകനുമാണ് ആദ്യമറിയേണ്ടതെന്നും മാദ്ധ്യമങ്ങളല്ലെന്നുമുളള പ്രമേയം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറൽ അഡ്വ. മഞ്ചേരി ശ്രീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബാർ അസ്സോസിയേഷനുകളുടെ ഫെഡറേഷൻ പാസ്സാക്കിയിരിക്കുന്നു. അങ്ങിനെങ്കിൽ മെഡിക്കൽ കോളേജ് പ്രവേശനത്തിനുള്ള സീറ്റുകൾ മുഴുവൻ സർക്കാർ ഏറ്റെടുത്ത നടപടി ജനങ്ങൾ അറിയേണ്ടതില്ലെന്ന നിലപാടാണ് അഭിഭാഷകർ എടുത്തിരിക്കുന്നതെന്ന് പ്രകടമാകുന്നു. കോടതി വിധികളിലൂടെ ജനജീവിതത്തിനെ ബാധിക്കുന്ന വാർത്തകൾ ജനങ്ങൾ അറിയേണ്ടതില്ല എന്നായി മാറുന്ന ഈ നിലപാട് ജനായത്ത സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നു മാത്രമല്ല, ആ സംവിധാനത്തിൽ എല്ലാവിധ ഏകാധിപത്യ പ്രവണതകളും ചൂഷണങ്ങളും തഴയ്ക്കുന്നതിനെ സഹായിക്കുകയും ചെയ്യും.
8) മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് അകറ്റി നിർത്തിയിട്ടും ജനങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ പ്രതികരണം ഉണ്ടാവുന്നില്ല. സ്വന്തം ജീവവായുവിന്റെ നാശം സംഭവിക്കുമ്പോഴും സമൂഹത്തെ ബാധിച്ച നിസ്സംഗ ഭാവമോ മരവിപ്പോ അതു പ്രകടമാക്കുന്നു.
9) അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും കോടതിവളപ്പിൽ കണ്ടാൽ കായികമായി ഏറ്റുമുട്ടുമെന്നുള്ളതാണ് പരിഹരിക്കപ്പെടാത്ത കാരണങ്ങളിൽ മുഖ്യം. അത് പ്രധാനമായും അഭിഭാഷകർക്ക് കോടതിവളപ്പിൽ തോന്നുന്ന പരിധിബോധത്തിൽ (Territorial Consciousness) നിന്നുണ്ടാകുന്നതാണ്.
10) തങ്ങൾ കൂടി വാർത്തയായി ഉൾപ്പെട്ടു വന്ന സംഭവത്തെ വാർത്തയുടെ നിക്ഷ്പക്ഷദൃഷ്ടിയിൽ നിന്ന് നോക്കിക്കാണുന്നതിൽ മാദ്ധ്യമലോകവും പരാജയപ്പെട്ടു. ഏറ്റുമുട്ടുന്ന രണ്ടു ചേരികൾ എന്ന നിലയിലാണ് ഇതു സംബന്ധിച്ച് വാർത്ത, റിപ്പോർട്ടു ചെയ്യുന്ന മാദ്ധ്യമങ്ങളിലൂടെ പുറത്തേക്കു വരുന്നത്.
11) പൊതു സമൂഹത്തിൽ സംഭവിച്ച ദോഷകരമായ മാറ്റങ്ങൾ മാദ്ധ്യമ ലോകത്തും പ്രതിഫലിച്ചതിന്റെ ഫലമായുണ്ടായ മാദ്ധ്യമ വിശ്വാസ്യതയിൽ വന്ന ഇടിവ് ഈ വിഷയത്തിന്റെ സങ്കീർണ്ണതയിൽ പ്രകടമാകുന്നു.
12) ഈ വിഷയം ഇത്തരത്തിൽ മാറുന്നതിന്റെ പിന്നിൽ വ്യക്തവും ശക്തവുമായ നിക്ഷിപ്ത താൽപ്പര്യം വളരെ പ്രകടം. അവർ ഭരണകൂടവുമായി ചേർന്നുകൊണ്ട് ദൂഷിത വലയം സൃഷ്ടിക്കുന്നതിലും അത് ഭദ്രമാക്കുന്നതിലും വിജയം കണ്ടെത്തി. അത് മാദ്ധ്യമങ്ങളുടെ പരാജയമല്ല. ജനായത്തത്തിന്റെ അഥവാ ജനങ്ങളുടെ പരാജയമാണ്.
13) മാദ്ധ്യമ ലോകത്ത് നേതൃത്വം ഏറ്റെടുത്ത് ഈ വിഷയത്തെ വഷളാകാതെ ശ്രദ്ധിക്കാനും മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ പക്ഷപാതം കാട്ടാതെ ജാഗ്രത പാലിക്കാനും ആരുമില്ലാതെ പോകുന്നു.
14) എത്ര അനഭിലഷണീയമായ അവസ്ഥയിലാണെങ്കിലും മാദ്ധ്യമങ്ങൾക്ക് അവയുടെ ശക്തിയില്ലാതാവുകയോ അവ തന്നെ ഇല്ലാതാവുകയോ ചെയ്യുന്ന അന്തരീക്ഷം ജനായത്തെ തകർക്കുമെന്നതിനേക്കാൾ വ്യക്തിയുടെ ജീവനും ജീവിതത്തിനും പോലും ഭീഷണിയാകുന്നതാണ്. എന്നാൽ, ആ ബോധ്യം ജനങ്ങളിലും ഉണ്ടാവുന്നില്ല. ഈ മരവിപ്പിലേക്ക് സമൂഹം നീങ്ങുന്നതിലും മാദ്ധ്യമങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു. അത്തരം മാദ്ധ്യമ പ്രവർത്തന രീതി തങ്ങൾക്കും സമൂഹത്തിനും ദോഷകരമാകും എന്ന് മനസ്സിലാക്കുന്നതിനുള്ള ഉദാഹരണവുമാണ് ഈ വിഷയം.