Skip to main content

 

ആറര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു, ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയി മാറിയിട്ട്. നാം നമുക്കായി നൽകിയ 'നമ്മുടെ' ഭരണഘടനയിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുല്യത (Equality, of status and of opportunity), സാഹോദര്യം (Fraternity, assuring the dignity of the individual and the unity and integrity of the Nation) തുടങ്ങിയ മൂല്യങ്ങൾ അവയുടെ അന്തസ്സത്ത തന്നെ നഷ്ടപ്പെട്ട്, പ്രേതരൂപികളായി നമ്മെ കൊഞ്ഞനം കുത്തുന്ന കാഴ്ച, ശരാശരി ഇന്ത്യക്കാരന് അപരിചിതമല്ല. ഇന്നും രാജ്യത്തിന്റെ പലഭാഗത്തും ജനങ്ങളെ പരസ്പരം വേർതിരിക്കാൻ, അതുവഴി നാനാവിധമായ നേട്ടങ്ങൾ ഉണ്ടാക്കാൻ, പ്രയോഗിക്കപ്പെടുന്ന ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം - ഒരുപക്ഷെ ഏറ്റവും ശക്തമായതും - ജാതിവ്യവസ്ഥ എന്ന, വൈദികാനന്തര കാലത്തു സൃഷ്ടിക്കപ്പെട്ട സാമൂഹ്യ വിപത്താണ്. ഇന്നും ഇന്ത്യൻ മനസ്സിൽ ആഴത്തിൽ വേരോട്ടമുള്ള ജാതിവ്യവസ്ഥയുടെയും അതിന്റെ സഹായത്തോടെയുള്ള രാഷ്ട്രീയ, സാമ്പത്തിക മുതലെടുപ്പിന്റെയും അക്രമത്തിന്റെയും ലക്ഷക്കണക്കിന്‌ ഇരകളിൽ രണ്ടു പേരുകൾ ദിവ്യയും ഇളവരശനും. നമ്മുടെ അയൽപക്കമായ തമിഴ്‌നാട്ടിലെ ധർമപുരി ജില്ലക്കാരായ ഇവരുടെ ജീവിത കഥ നമ്മുടെ മാദ്ധ്യമങ്ങൾക്കു വലിയ താല്പര്യം ഉണ്ടാക്കിയിരുന്നില്ല. ഇളവരശൻ മരിച്ചപ്പോള്‍ കുറച്ചുകാലം വാര്‍ത്തകള്‍ വന്നു. അവ വേഗം മാഞ്ഞുപോവുകയും ചെയ്തു. ഈയടുത്ത് ശങ്കര്‍ എന്ന യുവാവിന്റെ ദാരുണമായ കൊലപാതകം ഇളവരശനെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

 

2012 ഒക്ടോബർ 9-നാണ് വണ്ണിയ ജാതിയിൽ പെട്ട ദിവ്യ എന്ന പെണ്‍കുട്ടിയും ആദിദ്രാവിഡ ജാതിക്കാരനായ ഇളവരശനും വിവാഹം കഴിച്ചത്. മാമൂലുകളെയും ആചാരങ്ങളെയും സർവ്വോപരി ജാതിയുടെ മതിൽക്കെട്ടുകളെയും ധിക്കരിക്കുന്നത് ഈ നാട്ടിൽ ഇന്നും കൊടും കുറ്റമായതു കൊണ്ട് തന്നെ ജീവാപായം ഭയന്ന അവർ പോലീസ് സംരക്ഷണം തേടിയിരുന്നു. വിവാഹത്തെ തുടർന്ന് ഇരു സമുദായങ്ങൾക്കും ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നുവരവേയാണ് 2012 നവംബർ 7-നു ജാത്യാഭിമാനം നഷ്ടപ്പെട്ടതിൽ 'മനം നൊന്ത' ദിവ്യയുടെ അച്ഛൻ തൂങ്ങിമരിച്ചത്. തുടർന്ന്, സുചിന്തിതമായ രാഷ്ട്രീയ പ്രതികാരമെന്നോണം ഇളവരശന്റെ നത്തം (Natham) കോളനിയിലെ 300-ഓളം പാവങ്ങളുടെ വീടുകൾ രായ്ക്കുരാമാനം തീവെച്ചു നശിപ്പിക്കപ്പെട്ടു! ജാതിരാഷ്ട്രീയം വളമാക്കി വളർന്നു വന്ന രാമദാസിന്റെ പി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ 'നടുക്കവും ദുഖവും' ഒക്കെ രേഖപ്പെടുത്തി. അക്രമത്തിനിടെ പരിക്കേറ്റ മങ്കമ്മാൾ എന്ന 20-കാരിയും ഇതിനിടെ മരണത്തിനു കീഴടങ്ങി. ഭർത്താവിനൊപ്പം ജീവിച്ചു വരവേ, തന്റെ അമ്മയ്ക്കു സുഖമില്ലെന്ന വാർത്തയെ തുടർന്ന് ദിവ്യ, 2013 ജൂണ്‍ 4-നു സ്വന്തം വീട്ടിലേക്കു പുറപ്പെട്ടു. തന്റെ അമ്മ നേരത്തെ നല്കിയിരുന്ന ഹേബിയസ് കോർപസ് ഹർജിയുമയി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായ ദിവ്യ, അമ്മയോടൊപ്പം കുറച്ചുകാലം നിൽക്കാനാണ് ആഗ്രഹമെന്നു ജൂണ്‍ 6-നു കോടതിയെ അറിയിച്ചു. പിന്നീട് ജൂലൈ ഒന്നിന് കോടതിയോട്, തനിക്ക് ഇളവരശനോട് സ്നേഹമാണെങ്കിലും വിവാഹത്തിന് അമ്മയുടെ സമ്മതം കിട്ടുന്നതു വരെ ഭർത്താവിനൊപ്പം പോകില്ലെന്നു പറഞ്ഞ ദിവ്യ, തൊട്ടടുത്ത ദിവസം, താൻ ഇനി അമ്മയോടൊപ്പമാവും കഴിയുക എന്ന് മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതിന്റെ പിറ്റേന്ന്, ജൂലൈ 4-ന് ഇളവരശന്റെ മൃതദേഹം ധർമപുരിയിൽ റെയിൽവേ പാളത്തിനരികിൽ കാണപ്പെട്ടു. പോസ്റ്റുമോർട്ടവും, റീപോസ്റ്റുമോർട്ടവും ഒക്കെയായി അന്വേഷണം നടക്കുന്നു. മുതലെടുപ്പിന് ശ്രമിക്കുന്ന രാഷ്ട്രീയക്കാരും  ജാതിവെറി തലയ്ക്കുപിടിച്ച 'മുതിർന്ന' സമുദായ നേതാക്കളും ഉൾപ്പെടെ പലരുടെയും സമ്മർദ്ദം ആദ്യം മുതലേ ഇവരുടെ മേൽ ഉണ്ടായിരുന്നു. അച്ഛന്റെ മരണവും തുടർന്ന് നടന്ന നരനായാട്ടും ഒക്കെ ദിവ്യയെ വല്ലാതെ പിടിച്ചുലച്ചിരുന്നു എന്നും പിന്നീടു വന്ന വാർത്തകൾ പറയുന്നു.

 

കേട്ടാൽ ഏതോ സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇതെല്ലാം നമ്മുടെ തൊട്ടയൽപക്കത്തു നടന്നതാണ്. വീടും കുടിയും നഷ്ടപ്പെട്ട പാവങ്ങളുടെ ജീവിതം മാത്രം ഇപ്പോഴും ചുവപ്പുനാടയിൽ ഭദ്രം. ജീവിക്കാനും ജോലി ചെയ്യാനും ഒക്കെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന നമ്മുടെ നാട്ടിലാണ് ഈ കാടത്തമൊക്കെ നടക്കുന്നത്.

nayakkan kottai

         

ജാതിഹിംസ കുട്ടികളിൽ ഉണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ പഠിക്കാനാണ് 2013 മാര്‍ച്ചില്‍ ഞങ്ങൾ നത്തം കോളനി സ്ഥിതി ചെയ്യുന്ന നായക്കൻ കൊട്ടായ് (Nayakkan Kottai) ഗ്രാമത്തിലെത്തുന്നത്. കൊട്ടായ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതുമ്പോൾ കോട്ട എന്നും വായിക്കാം. എന്നാൽ കൊട്ടായ് എന്ന തമിഴ് വാക്കിന്റെ അർത്ഥം കുടിൽ എന്നാണ്, കോട്ടയല്ല! അതും ഒരു വിരോധാഭാസം. ഒറ്റ കാഴ്ചയിൽ ശാന്തമായ പ്രദേശം. ഏറെക്കുറെ വിജനമായ റോഡുകൾ. അധികം തിരക്കില്ലാത്ത കടകളും മറ്റു സ്ഥാപനങ്ങളും. വൈകുന്നേരം നാലുമണി കഴിഞ്ഞാൽ പോലീസ് വാനുകൾ വഴികളിൽ നിരക്കും- കാവലിന്. സ്ഥലം പ്രശ്ന ബാധിതമാണല്ലോ.

 

ബസ് ഇറങ്ങുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു രക്തസാക്ഷി മണ്ഡപമാണ് . 1980-കളിൽ പോലീസ് ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട അപ്പു, ബാലൻ എന്നീ നക്സലൈറ്റ് നേതാക്കളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. ഒരുകാലത്ത് ഗ്രാമവാസികളെ സമത്വത്തിന്റെ ആശയങ്ങൾ പഠിപ്പിച്ച, ഇവിടത്തുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന അപ്പുവിനെയും ബാലനെയും രണ്ടുപേരുടെയും ജാതി പറഞ്ഞാണ് ഒരാൾ ഞങ്ങൾക്കു പരിചയപ്പെടുത്തി തന്നത്! ജാതീയതയുടെ വേരുകൾ കുഴിമാടങ്ങളെ പോലും വെറുതെ വിടുന്നില്ല ഇവിടെ.

 

വെള്ളം കുടിക്കാൻ കയറിയ കടയിലെ സ്ത്രീയോട് സംഭവങ്ങളെ പറ്റി വെറുതേ സംസാരിക്കാൻ ശ്രമിച്ചു. ഇവിടെ പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അവർ ശ്രമിച്ചത്. അവരുടെ നോട്ടത്തിൽ ഭയമോ, ആശങ്കയോ, സംശയമോ ഒക്കെ നിഴലിച്ചിരുന്നു. അവരെ അധികം ബുദ്ധിമുട്ടിക്കാതെ സ്കൂളിലേക്കു നടന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്നായിരുന്നു വിവരശേഖരണം. സാധാരണ ഏതൊരു സ്കൂൾ ക്ലാസ്സിലെയും പോലെ ചിരിച്ച മുഖങ്ങൾ. ഉത്സാഹം നിറഞ്ഞ അന്തരീക്ഷം. "ഇവിടെ കുഴപ്പമൊന്നുമില്ലല്ലോ" എന്നായിരുന്നു മനസ്സിന്റെ ആദ്യ പ്രതികരണം. പതിവുപോലെ ചോദ്യാവലിയും നിർദേശങ്ങളും കൊടുത്തു. ഉത്സാഹത്തോടെ കുട്ടികൾ അവ പൂരിപ്പിച്ചു തന്നു; കൂട്ടത്തിൽ ഒരുപിടി സംശയങ്ങളും കുസൃതി ചോദ്യങ്ങളും മറ്റും. അനുഭവക്കുറിപ്പുകൾ ശേഖരിക്കലായിരുന്നു അടുത്ത പടി. നാട്ടിൽ സംഭവിച്ച പ്രശ്നങ്ങൾ എന്തായിരുന്നു എന്നോ എന്തിനായിരുന്നു എന്നോ അറിയില്ലയെങ്കിലും നാലു മാസം മുൻപ് നടന്ന അക്രമങ്ങളുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ എല്ലാവരുടെയും അനുഭവങ്ങളിൽ നിറഞ്ഞുനിന്നു. വീടു നഷ്ടമായവർ, സൈക്കിൾ കത്തിപ്പോയവർ, അച്ഛനെയും അമ്മയെയും കണ്ടിട്ട് മാസങ്ങളായവർ, അങ്ങനെ...

nayakkan kottai martyr memorial

         

അടുത്ത പടി മുഖാമുഖമായിരുന്നു. ചിരിയും കളിയും നിറഞ്ഞ സ്കൂൾ അന്തരീക്ഷം ഞങ്ങൾക്കു നൽകിയ സുഖാനുഭവങ്ങൾക്ക് ഭംഗം വന്നത് അപ്പോഴാണ്‌. ഭാവിയിൽ എന്തായി തീരാനാണ് ആഗ്രഹം എന്ന ചോദ്യം കേട്ടപ്പോൾ വിഷാദം മൂടിയ കണ്ണുകളോടെ നോക്കി നിന്ന കുട്ടികൾ. തങ്ങളുടെ ഭാവിയെ പറ്റി വലിയ പ്രതീക്ഷകളൊന്നും അവർക്കില്ല. വീട്ടിലെ അന്തരീക്ഷം പഠിക്കാൻ സഹായിക്കുന്നതാണോ എന്ന ചോദ്യം ചോദിക്കാൻ തന്നെ ഞങ്ങൾക്കു മടിതോന്നി. വീടു തന്നെ ഇല്ലാതായവർക്ക് എന്തു വീട്ടിലെ അന്തരീക്ഷം? കൂട്ടത്തിൽ പലരും വീട് നഷ്ടപ്പെട്ടവരാണ് . കത്തിപ്പോയ വീടു കാണാൻ ചിലര് ഞങ്ങളെ വിളിക്കുകയും ചെയ്തു - സർക്കാരിന്റെ ആളുകളാണെന്ന് തോന്നിയിട്ടുണ്ടാവും. വളരെ ദു:ഖിതനായി തോന്നിയ മണിയെ (പേര് യഥാർത്ഥമല്ല) അടുത്ത് വിളിച്ചു സംസാരിച്ചു. അവൻ വണ്ണിയ ജാതിയിൽ പെട്ടതാണ്. നാലു മാസമായി അവൻ അച്ഛനെയും അമ്മയെയും കണ്ടിട്ട്. കലാപത്തിനു ശേഷം അറസ്റ്റു ഭയന്ന് വീടുവിട്ടു പോയതാണവർ. എവിടെയാണെന്ന് അറിയില്ല. അവനിപ്പോൾ ബന്ധുക്കളുടെ കൂടെയാണ് താമസം. കൂട്ടുകാരുടെ വീടുകൾ നഷ്ടപ്പെട്ടതിൽ അവനും സങ്കടമുണ്ട്. തന്റെ ആളുകൾ (?) ആണ് അതിനു കാരണം എന്നതും അവനെ അലട്ടുന്നതായി തോന്നി. തന്റെ മാതാപിതാക്കൾ ഒന്നും ചെയ്തിട്ടില്ല എന്ന് അവൻ പറഞ്ഞു; അങ്ങനെ തന്നെ ആവട്ടെ എന്നു ഞങ്ങളും ആത്മാർത്ഥമായിത്തന്നെ ആഗ്രഹിച്ചു. തുടക്കത്തിൽ വളരെ ഉല്ലാസവതിയായി കണ്ട, ഞങ്ങളോടു ധാരാളം കുസൃതി ചോദ്യങ്ങൾ ചോദിച്ച ഒരു പെണ്‍കുട്ടി, സംസാരത്തിനിടെ പൊട്ടിക്കരഞ്ഞു പോയി. ചാരം മൂടിക്കിടക്കുന്ന ഇത്തരം ഒരുപാടു നെരിപ്പോടുകൾ ഇനിയും ഉണ്ടാവും എന്ന നടുക്കുന്ന ചിന്തയാണ് അപ്പോൾ ഞങ്ങളെ ഭയപ്പെടുത്തിയത്. മാനസിക ആഘാതങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ (Post Traumatic Stress) ഈ കുട്ടികളിൽ ഉണ്ടായേക്കാം എന്നും, അനുവാദമുണ്ടെങ്കിൽ സൗജന്യമായി കൗണ്‍സലിംഗ് നല്‍കാന്‍ ഞങ്ങൾ തയ്യാറാണെന്നും പറഞ്ഞപ്പോൾ, നിർവികാരം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മൂളലാണ് ഹെഡ് മാസ്റ്ററിൽ നിന്നുണ്ടായത്. "പ്രശ്നബാധിത പ്രദേശമാണ്, വൈകുംമുമ്പു തിരികെ പൊക്കോളൂ" എന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല! കുട്ടികളുടെ കാര്യത്തിലുള്ള കരുതൽ ഞങ്ങളോടും കാട്ടിയതാവും. യാത്രപറഞ്ഞ്, മനസ്സില്ലാ മനസ്സോടെ തിരികെ പോരുമ്പോൾ കൌതുകം നിറഞ്ഞ കുറെ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

 

ജാതിയുടെ പേരില്‍ പരസ്പരം വേര്‍തിരിക്കാതെ, ഒന്നിച്ചു കളിച്ചു വളരുന്ന ഈ കുഞ്ഞുമനസ്സുകള്‍ അങ്ങനെതന്നെ വളരട്ടെ എന്ന് ആശിച്ചുപോയി. ഇത്തരം ഇടപഴകലും വിദ്യാഭ്യാസവും, വെറുപ്പിന്റെ വിഷം മനസ്സുകളില്‍ പടര്‍ന്ന മുതിര്‍ന്ന തലമുറയുടെ കറകള്‍ ഏശാതെ വളരാന്‍ ഇവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

 

ഇളവരശന്റെ മരണം ജുഡീഷ്യൽ അന്വേഷണത്തിനു വിധേയമാക്കാനും, ദിവ്യയ്ക്കും കുടുംബത്തിനും പത്തു ഘട്ടങ്ങളായി കൌണ്‍സലിംഗ് നല്കാനും തീരുമാനിച്ചു എന്നതാണ് ഏറ്റവും അവസാനം കേട്ട വിവരം. കത്തിച്ച വീടുകളിൽ 131 എണ്ണം പുനർനിർമ്മിക്കാനും തീരുമാനം ആയിട്ടുണ്ടത്രേ! പണിയൊക്കെ തുടങ്ങാൻ ഒരുപക്ഷെ ഇനിയും മാസങ്ങളോ  വർഷങ്ങളോ ഒക്കെ എടുക്കുമായിരിക്കും. സർക്കാർ കാര്യമല്ലേ? എല്ലാം കഴിയുമ്പോഴെങ്കിലും ആരെങ്കിലും ഈ കുഞ്ഞുമനസ്സുകളുടെ കാര്യം ഒന്നു പരിഗണിക്കുമോ? അതിമോഹമാണ് എന്നറിയാം. നൂറുകൂട്ടം ഗൗരവമുള്ള, ആഴമുള്ള വിഷയങ്ങൾ കിടക്കുമ്പോൾ, മുറിവേറ്റ ജാതി ദുരഭിമാനങ്ങൾ മുറിവുണങ്ങാതെ ഇനിയും പ്രതികാരവും ചോരയും ആവശ്യപ്പെടുമ്പോൾ ഇത്തരം ചേനക്കാര്യങ്ങൾക്ക് എന്ത് പ്രസക്തി?


chinchu c.  സേലത്തെ പെരിയാര്‍ സര്‍വ്വകലാശാലയില്‍ മന:ശാസ്ത്ര വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍

Ad Image