സ്വധര്‍മ്മതപസ്വിയായ ഒരു വൈദ്യന്‍

വി.ടി വാസുദേവന്‍
Sun, 20-10-2013 06:15:00 PM ;

vaidyamadam narayananനേരമ്പോക്ക് പലതും കണ്ട പുഴയുടെ തീരത്തുകൂടി പാഞ്ഞുനടന്ന നവോത്ഥാന സ്മരണകളില്‍ സുവര്‍ണ്ണമായ ഒരു നൂലിഴ കൂടി വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയിലൂടെ മുറിഞ്ഞു വീണതിന് മേഴത്തൂര്‍ ഗ്രാമം സാക്ഷിയായി. നിള ഇളകിമറിഞ്ഞ കാലം എന്ന് വിശേഷിപ്പിക്കാവുന്ന വിധം പ്രതിഭാശാലികളും പ്രയത്നശീലരുമായ വൈദ്യകുലപതികളുടെ നാരായണ പരമ്പരയെ – അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി (1882-1959), വൈദ്യശാസ്ത്ര മഹോദധി വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി (1912-1988), വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (1930-2013) – ഒരു നൂറ്റാണ്ട് കാണിച്ചുതന്നു. പെരുന്തച്ചന്റെ മക്കളെപ്പോലെ ഓരോ തലമുറയും ഒന്നിനോടോന്ന്‍ മികച്ചത്. ചികിത്സ വെറും തൊഴിലല്ല. ആത്മാന്വേഷണവും ആത്മസമര്‍പ്പണവുമാണെന്ന് ജീവിതം കൊണ്ട് പറഞ്ഞുതന്ന മൂന്നാം തലമുറയിലെ തിളങ്ങുന്ന കണ്ണിയാണ് 2013 ഒക്ടോബര്‍ 17-ന് അന്തരിച്ച വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി.

 

ഞാന്‍ എന്നത് ഒന്നുമല്ല, വെറും മാംസാസ്ഥിപിണ്ഡങ്ങളുടെ സ്ഥാനം മാത്രം. അതില്‍ ഭ്രമിച്ച് ഞാന്‍, ഞാന്‍ എന്ന് പറഞ്ഞു നടക്കുമ്പോള്‍ പ്രാണന്‍ പായുന്നു. ഗ്രഹപ്പിഴയും മരണവും ഒന്നല്ല. വൈദ്യന്‍ ആയുസ്സിന്റെ പ്രഭുവല്ല. രോഗിയുടെ ക്ലേശം കുറയ്ക്കല്‍ മാത്രമാണ് വൈദ്യധര്‍മ്മം. പുസ്തകത്തില്‍ എഴുതിവെക്കുന്നത് കൊണ്ടുമാത്രം ഒരറിവും വളരില്ല എന്ന് വിഷാദിക്കുമ്പോഴും ‘ആതങ്ക നിര്‍മ്മഗ്നര്‍ തന്‍ ഭാരം തെല്ലു കുറയ്ക്കുവാന്‍ കഴിയണേ ജീവന്‍ പറക്കും വരേ’ എന്ന് ആഗ്രഹിച്ചു ചെറിയ നാരായണന്‍ നമ്പൂതിരി. 

 

ചികിത്സയാണ് എന്റെ നിയോഗം, ധര്‍മ്മം, കര്‍മ്മം. കഴിഞ്ഞ ആറര പതിറ്റാണ്ടായി ആരേയും ചികിത്സിക്കാത്ത ദിവസങ്ങള്‍ കുറവാണ്. പ്രതിഫലം ചോദിക്കില്ല. തന്നതെന്തെന്ന് നോക്കില്ല. നിരസിക്കുകയുമില്ല. പ്രയത്നിക്കാതെ അനുഭവിക്കുമ്പോള്‍ മോഷ്ടാവിന്റെ സ്ഥിതിയാണ് വന്നുകൂടുക. ഞാന്‍ ഇപ്പോഴും ചികിത്സ പഠിക്കുകയാണ്. ഓരോ ചികിത്സയും ഓരോ ജീവനെ കണ്ടറിയലാണ്. ഇങ്ങനെ ചികിത്സിച്ചു കൊണ്ടുതന്നെ മരിക്കണമെന്ന് ആ സ്വധര്‍മ്മതപസ്വി ആഗ്രഹിച്ചു. ആരുടെ മനോരാജ്യമാണ് മുഴുവന്‍ സാധിച്ചത് എന്ന പകുതി ചിരിയോടെ 83-ാം വയസ്സില്‍ നമ്മെ വിട്ടുപോകുകയും ചെയ്തു.

 

ജനന-മരണ-ദു:ഖ-ഛേദ ദക്ഷനായ ദക്ഷിണാമൂര്‍ത്തിയെ സ്മരിച്ചാണ് ചെറിയ നാരായണന്‍ നമ്പൂതിരി ചികിത്സ തുടങ്ങുക. ആയുര്‍വേദം വെറും സുഖചികിത്സയല്ലെന്നും ക്ലിഷ്ടരോഗങ്ങളില്‍ പലതിനും പരിഹാരമുണ്ടെന്നും അത് വൈദ്യന്റെയല്ല, ശാസ്ത്രത്തിന്റെ അത്ഭുതമാണെന്നും വൈദ്യമഠം കരുതി. രോഗത്തെ തടയാനല്ലാതെ മരണത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്.

 

വൈദ്യമഠം ഭവനത്തിലെ വിഷുക്കണിയില്‍ വളപ്പില്‍ നിന്നും പറിച്ചെടുത്ത ഒരു ഔഷധച്ചെടിയും അപൂര്‍വ വിഭവമായി ഉള്‍പ്പെടുത്താറുണ്ട്. ആദ്യം കണ്ണില്‍പ്പെടുന്ന ചെടിയാണ് പറിച്ചു സൂക്ഷിക്കുക. അത് അക്കൊല്ലത്തെ ദിവ്യൊഷധമായി കരുതുന്ന പതിവുണ്ട്.

 

വേദവിദ്യാഭ്യാസം കഴിഞ്ഞാല്‍ അഷ്ടാംഗഹൃദയത്തിന്റെ ആദ്യ അധ്യായമാണ് വൈദ്യമഠത്തിലെ വിദ്യാരംഭം. പഠിക്കലും പ്രയോഗിക്കലും ഒരേ സമയത്ത്, താത്വിക പഠനത്തോടൊപ്പം ചികിത്സയും – ഇന്ന്‍ ആധുനികമെന്ന് തോന്നാവുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായമാണ് വൈദ്യമഠം ഗുരുകുലത്തില്‍ പണ്ടുകാലം മുതല്‍ സ്വീകരിച്ചത്. പിന്നീട്, ആയുര്‍വേദ ബിരുദധാരികളും ഔപചാരിക പഠനാനന്തരം നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ പരിശീലനത്തിന് വൈദ്യമഠത്തില്‍ എത്തിയിരുന്നു.

 

ചികിത്സയുടെ ഫലപപ്രാപ്തിയ്ക്ക് രോഗിയുടെ മനസ്സമാധാനം പ്രധാനമാണെന്ന് നാരായണന്‍ നമ്പൂതിരിയുടെ ചികിത്സാനുഭാവങ്ങള്‍ ഉദാഹരിക്കുന്നു. കലശലായ മലബന്ധമുള്ള രോഗി ഗുളികയ്ക്ക് വൈദ്യനെ സമീപിച്ചു. ‘ഒറ്റ ഗുളിക, ഉടനെ മലബന്ധം തീരും’ എന്ന് സാന്ത്വനിച്ചപ്പോള്‍ വയറിളക്കം വന്നുപെട്ടാലോ എന്നായി രോഗിയുടെ ഭയം. അതിന് ‘പേടിക്കേണ്ട, വലത്തേ കൈയിലെ ഗുളിക കഴിച്ചാല്‍ മലബന്ധവും ഇടത്തേ കൈയിലെ ഗുളിക കഴിച്ചാല്‍ വയറിളക്കവും തീരും’ എന്നുപറഞ്ഞ് രണ്ടു ഗുളിക കൊടുത്തപ്പോള്‍ രോഗിക്കു സമാധാനമായി. കൊടുത്ത രണ്ടു ഗുളികയും ഒന്നായിരുന്നു. 

 

ഒരു രോഗിയോട് രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു കഴിഞ്ഞാല്‍ കുറച്ചുനേരം എന്തെങ്കിലും പൊതുകാര്യങ്ങളെ പറ്റി സംസാരിക്കുന്ന പതിവും വൈദ്യനുണ്ട്. ഈ സംഭാഷണത്തിലൂടെ രോഗനിര്‍ണ്ണയം നടത്തുകയാണെന്ന് ഒരുപക്ഷെ, രോഗി അറിയുന്നുണ്ടാവില്ല. ഇടതുകൈയില്‍ ചൊറി പിടിച്ച പോലീസുകാരനോട് നാരായണന്‍ നമ്പൂതിരി ചോദിച്ചു: “ഇടതുകൈ കൊണ്ടാണ് പ്രയോഗം, അല്ലേ?” ചോദ്യത്തിലെ നസ്യം പോലീസുകാരന്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഒരു ജ്യോത്സന്റെ ഭാര്യയുടെ രോഗത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞു: “ചില ദുരിതങ്ങള്‍ക്ക് പരിഹാരമില്ല എന്നറിയില്ലേ?”

 

ശാസ്ത്രത്തില്‍ പഠിച്ച കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ പലരും മടിക്കുന്നു എന്ന് വൈദ്യന്‍ ആവലാതിപ്പെടാറുണ്ട്. ധാര, മുക്കിപ്പിഴിച്ചില്‍, നവരക്കിഴി, തലപൊതിച്ചില്‍, തുടങ്ങിയവയെല്ലാം ആയുര്‍വേദത്തിനുള്ള കേരളീയ സംഭാവനകളാണ്. ശോധനചികിത്സ പോലെ പ്രധാനമാണ് ശമനചികിത്സയും.

 

ശമനചികിത്സ കൊണ്ടും ശുദ്ധമാവാത്ത വിധം രക്തം ദുഷിച്ചിട്ടുണ്ടെങ്കില്‍ അതു പുറത്തുകളയാനുള്ള ശാസ്ത്രക്രിയാ സമ്പ്രദായമായ സിരാവേധം തുടങ്ങിയ രക്തദോഷ വിധികളും എവിടെയും പരിശീലിപ്പിക്കുന്നില്ല. ഓരോ രോഗത്തിനും ഓരോ സ്ഥലത്താണ് സിരാവേധം ചെയ്യേണ്ടത്. ഇടയ്ക്കിടെ തലവേദന അസഹ്യമായി അനുഭവപ്പെടുന്ന ഒരു രോഗിയുടെ നെറ്റിയില്‍ നാരായണന്‍ നമ്പൂതിരി ഡമോണ്‍സ്ട്രെഷന്‍ നടത്തിയത് കൌതുകകരമായിരുന്നു.

 

അര്‍ബ്ബുദം തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ആയുര്‍വേദം, അലോപ്പതി, ഹോമോയോപ്പതി, സിദ്ധവൈദ്യം എന്നീ രീതികളുമായി സഹകരിച്ച് ചികിത്സ കണ്ടെത്തല്‍ നാരായണന്‍ നമ്പൂതിരിയുടെ സ്വപ്നമായിരുന്നു. എല്ലാ മാസാന്ത്യ ഞായറാഴ്ചകളിലും വൈദ്യശാലയില്‍ ഈ ചികിത്സാക്യാമ്പ് അദ്ദേഹം കിടപ്പിലാകുന്നത് വരെ നടന്നുവന്നിരുന്നു.

 

വിശ്രമസമയം മുഴുക്കെ നാരായണന്‍ നമ്പൂതിരി വായനയ്ക്കും എഴുത്തിനും ഉപയോഗിച്ചു. ഉല്‍കൃഷ്ട സ്തോത്രകാവ്യങ്ങളും പുരാണങ്ങളും മലയാളത്തിന് പകര്‍ന്നു കൊടുക്കുന്ന കാവ്യരചനാ സൗന്ദര്യലഹരിയ്ക്ക് സമര്‍പ്പിച്ചതായിരുന്നു അദേഹത്തിന്റെ ഒഴിവുസമയം. ദു:ഖിപ്പിക്കുന്ന രോഗാനുഭാവങ്ങളില്‍ നിന്ന്‍ വിടുതിയ്ക്ക് സ്വാദുള്ളത് തേടിപ്പോകുന്നു എന്നാണ് അദ്ദേഹം തന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ വിശേഷിപ്പിച്ചിരുന്നത്. വൈദ്യന്‍ എന്നതുപോലെ  നല്ല വിവര്‍ത്തകന്‍, കവി എന്നീ നിലകളിലും ഭാവി തലമുറ ചെറിയ നാരായണന്‍ നമ്പൂതിരിയെ അറിയാനിട വരും.

 

തന്റെ കാലത്തിന്റെ വെല്ലുവിളികളെ ധീരമായും പ്രശസ്തമായും നേരിട്ട വൈദ്യമഠം നമ്പൂതിരിയെ പോലുള്ളവര്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നിട്ടില്ല. ഇതെല്ലം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ച ആത്മസമുന്നതിയാണ് പ്രധാനം. മഹാരോഗങ്ങള്‍ പോലും വൈദ്യമഠത്തിന്റെ മുന്നില്‍ വിനയത്തോടെ പെരുമാറിയത് ഈ ആത്മസമുന്നതി കണ്ട് ഭയന്നത്രേ. 

 

മേഴത്തൂര്‍ സ്വദേശിയും വി.ടി ഭട്ടതിരിപ്പാടിന്റെ മകനുമായ വി.ടി വാസുദേവന്‍‌ നിളയിലെ നാട്ടുവെളിച്ചം എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

Tags: