കളവു പറഞ്ഞ വീട്ടമ്മ

Glint Guru
Fri, 16-08-2013 01:00:00 PM ;

lies and mind

ഒരു അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ വീട്ടമ്മ. മാസങ്ങളോളം ശരീരത്ത് ട്യൂബുകളും മരുന്നുമായി  ചികിത്സയില്‍ കഴിയേണ്ടിവന്നു. ഒടുവില്‍  ആരോഗ്യം വീണ്ടെടുത്തു സാധാരണ ജീവിതത്തിലേക്കു മടങ്ങി. ആ മടക്കം അടുത്തറിയാവുന്നവർക്ക് അത്ഭുതമായിരുന്നു. കാരണം അത്രയ്ക്ക് ഗുരുതരമായിരുന്നു പരിക്കുകൾ. തിരിച്ചുവരവോ, പഴയതിനേക്കാൾ യൗവനയുക്തയായി - പ്രായത്തിന്റെ കാര്യത്തില്‍ മധ്യാഹ്നത്തിലാണെങ്കിലും. സമ്പത്തിന്റെ കാര്യത്തില്‍ യഥേഷ്ടമെന്നുപറഞ്ഞാല്‍ അത് ന്യൂനോക്തിയായിപ്പോകും. 'ഇനി ഞങ്ങൾ ബിസിനസ്സൊന്നും ചെയ്യുന്നില്ല. ആവശ്യത്തിനും അതിലധികവും സമ്പാദിച്ചുകഴിഞ്ഞു. ഇനി സാമൂഹ്യപ്രവർത്തനങ്ങളുമായി കഴിയണം.'  ഇത് ജീവിതത്തിലേക്ക് മടങ്ങിയതിനുശേഷമുള്ള വീട്ടമ്മയുടെ വാചകമാണ്.

 

“എന്തായാലും പുനർജന്മം തന്നെ, അല്ലേ.

“ങാ, അങ്ങനെ വേണമെങ്കില്‍ പറയാം. പക്ഷേ അങ്ങനെയൊരു ത്രില്ലൊന്നും എനിക്കനുഭവപ്പെടുന്നില്ല. എനിക്ക് മരിക്കാൻ പേടിയൊന്നുമില്ലായിരുന്നു.  പിന്നെ, കെട്ടിയവനേയും മോനേയും മറ്റുള്ളവരേയുമൊക്കെ ഓർത്തപ്പോള്‍ ജീവിതത്തിലേക്കു തിരിച്ചുവരാമെന്ന്‍ കരുതി. മറ്റുള്ളവരുടെ സന്തോഷത്തിന് ഞാനൊരു കാരണമാകട്ടെ എന്നുകരുതി. അല്ലാതെ എനിക്കു വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു.”

 

കൊള്ളക്കാർ പറയുന്നത് കള്ളത്തരത്തില്‍ കളവും ചതിയുമില്ലാതെ, സത്യസന്ധമായി, മോഷ്ടിക്കപ്പെടുന്നവന്റെ അറിവോടെ നടക്കുന്നതാണ് കൊള്ള. എന്നാല്‍ കളവ് മോഷ്ടിക്കപ്പെടുന്നവൻ അറിയാതെ ചതിപ്രയോഗിച്ച് നടത്തുന്നതാണ് കളവെന്നാണ് ആരോപണം.

 

വീട്ടമ്മയുടെ മുഖഭാവം ശ്രദ്ധേയമായിരുന്നു. താൻ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന വ്യക്തിയാണ്. മരിക്കാൻ പേടി തീരെയില്ല. മരിക്കാതിരിക്കാൻ ആഗ്രഹിച്ചത് മറ്റുള്ളവർക്കു വേണ്ടി. വ്യക്തിപരമായി തനിക്ക് സന്തോഷമൊന്നും ആവശ്യമില്ല. ഇത്യാദി വികാരങ്ങൾ മുഖത്ത് മന്ദ്രസ്ഥായില്‍ ഉയർന്നുപൊങ്ങിക്കൊണ്ടിരുന്നു. ഭാര്യയുടെ മഹാമനസ്തത കേട്ടുനിന്ന ഭർത്താവ് നിർവൃതിയില്‍ ലയിച്ചു. തന്നോടും മകനോടുമുള്ള ഭാര്യയുടെ സ്നേഹത്തില്‍ അതിധനികനായ ഭർത്താവ് സായൂജ്യമടഞ്ഞ് നിന്നപ്പോൾ അദ്ദേഹത്തിന് ഫോണ്‍ വന്നു. ഏതോ അത്യാവശ്യമുള്ള ഫോണാണെന്ന്‍ തോന്നി. അദ്ദേഹം ശരവേഗത്തില്‍ ഒഴിഞ്ഞ മൂലയിലേക്കുപോയി സംസാരം തുടങ്ങി. രണ്ടാം ജന്മം നേടിയ അദ്ദേഹത്തിന്റെ ശ്രീമതി തന്റെ മാനസികാവസ്ഥ പറഞ്ഞുതീർന്നപ്പോൾ മുഖത്ത് ഒരു ദാർശനിക മന്ദഹാസം. ഇതു കണ്ടപ്പോൾ ഗ്ലിന്റ് ഗുരുവിന് അത്യാവശ്യം കുസൃതി തോന്നി. നല്ല സുഹൃത്തുക്കളാണ് ഭാര്യയും ഭർത്താവും. അത്യാവശ്യം എന്തും തുറന്ന്‍ സംസാരിക്കാവുന്ന ബന്ധവും. അതുകാരണം ആ ദാർശനിക മന്ദഹാസം മായുന്നതിനുമുൻപ് ഗ്ലിന്റ് ഗൂരു പറഞ്ഞു:

 

സുഹൃത്തേ നട്ടാല്‍ കുരുക്കാത്ത കള്ളം പറഞ്ഞു ശീലിക്കരുത്. വിശേഷിച്ചും താങ്കളേപ്പോലുള്ള ഒരു മഹതി കളവു പറയുന്നത് ഐശ്വര്യത്തിന് ചേർന്നതല്ല. കളവു പറയുന്നത് സ്ത്രീയാണെങ്കില്‍ വിളിക്കപ്പെടുന്നത് കള്ളിയെന്നാണ്. താങ്കളെ അക്രമിച്ചയാളും താങ്കളും തമ്മിലുള്ള വ്യത്യാസം അപ്പോള്‍ കള്ളിയും കൊള്ളക്കാരനും തമ്മിലുള്ളതാകും. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ല. കൊള്ളക്കാരും  കളവുചെയ്യുന്നവരും തമ്മില്‍  കാതലായ ഒരു തർക്കവും നടക്കുന്നുണ്ട്. കൊള്ളക്കാർ പറയുന്നത് കള്ളത്തരത്തില്‍ കളവും ചതിയുമില്ലാതെ, സത്യസന്ധമായി, മോഷ്ടിക്കപ്പെടുന്നവന്റെ അറിവോടെ നടക്കുന്നതാണ് കൊള്ള. എന്നാല്‍ കളവ് മോഷ്ടിക്കപ്പെടുന്നവൻ അറിയാതെ ചതിപ്രയോഗിച്ച് നടത്തുന്നതാണ് കളവെന്നാണ് ആരോപണം. മറുവാദങ്ങൾ കള്ളന്മാരും കള്ളികളുമൊക്കെ ഉന്നയിക്കുന്നുമുണ്ട്. അതെന്തുമായിക്കൊള്ളട്ടെ. ഇവിടുത്തെ വിഷയം താങ്കൾ കള്ളിയായി മാറണമോ വേണ്ടയോ എന്നതാണ്.

 

മറ്റുള്ളവരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ച് കൂടുതല്‍ സ്നേഹസഹതാപങ്ങള്‍ പിടിച്ചുവാങ്ങാനുള്ള ഗൂഢതന്ത്രങ്ങളില്‍ ഏർപ്പെട്ട മനസ്സിനെ അപ്പടി വിശ്വസിക്കുന്നു.

 

വീ:   കർത്താവേ, എന്തുവാ ഈ പറേന്നെ. ഞാൻ കള്ളിയാണെന്നോ. ഞാൻ പറഞ്ഞത് കളവാണെന്നാണോ താങ്കൾ കരുതുന്നത്. എങ്കില്‍ കേട്ടോ, വേളാങ്കണ്ണി മാതാവാണെ സത്യം, ഞാൻ പറഞ്ഞതില്‍ ഒരു തരിപോലും കളവില്ല. ശരിക്കും എനിക്ക് എന്റെ സന്തോഷത്തിനായി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന്‍ ഒട്ടും ആഗ്രഹമില്ലായിരുന്നു. അവരെയോർത്തപ്പോൾ മാത്രമാണ് ജീവിക്കണമെന്ന്‍ തോന്നിയത്. അതില്‍ ഒരു തരിപോലും കളവില്ല എന്റെ സുഹൃത്തേ.

 

ഗ്ലി.ഗു:   നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കുമാറാകട്ടെ. പക്ഷേ, പ്രിയ സുഹൃത്തേ,  അങ്ങ് പറഞ്ഞത് പച്ചക്കള്ളമാകുന്നു എന്നു പറയാതെ നിവൃത്തിയില്ല.

വീ:      എന്തായാലും എന്റെ കാര്യം എന്നേപ്പോലെ താങ്കൾക്കറിയാൻ വഴിയില്ലല്ലോ.

ഗ്ലി.ഗു:   അതു മറ്റൊരു കളവും അവാസ്തവവുമാകുന്നു.

വീ:      ഞാനെന്തു കളവു പറഞ്ഞെന്നാ പറയുന്നെ?

ഗ്ലി.ഗു:   അവിടുന്നു പറഞ്ഞതു മുഴുവൻ കളവാകുന്നു.

വീ:      അങ്ങിനെയെങ്കില്‍ ഞാൻ മുഴുക്കള്ളിയാണെന്നാണ് താങ്കൾ പറഞ്ഞുവയ്ക്കുന്നത്. കാരണം ഇതേ ആത്മാർഥതയോടെയാണ് ഞാൻ സംസാരിക്കുന്നതും പെരുമാറുന്നതും.

ഗ്ലി.ഗു:   എങ്കില്‍ അങ്ങനെതന്നെയെന്ന്‍ പറയാൻ നിർബന്ധിതമാകുന്നതില്‍ ക്ഷമിക്കണം.

 

വീ:     എന്നാല്‍, ഞാൻ എന്താണ് കളവുപറയുന്നതെന്ന്‍ പറയാതെ താങ്കളെ വിടുന്ന പ്രശ്നമില്ല.

ഗ്ലി.ഗു:  ഭീഷണിയിലുള്ള ഭവതിയുടെ സ്നേഹത്തെ ഞാൻ ശിരസ്സാ സ്വീകരിക്കുന്നു. ഞാൻ പറയുന്നത് സ്വീകാര്യമായില്ലെങ്കില്‍ ഈയുള്ളവനെ ശിക്ഷിക്കുകയുമാവാം. ഭവതി പറയുകയുണ്ടായി, ഭർത്താവിനേയും മകനേയും മറ്റ് ബന്ധുക്കളേയുമോർത്താണ് മരിക്കാതിരിക്കാൻ ആഗ്രഹിച്ചതെന്ന്‍. അത് പച്ചക്കള്ളമാകുന്നു. ശരിയായിരിക്കാം താങ്കളുടെ ചിന്തയില്‍. അവിടെ താങ്കൾ താങ്കളുടെ സന്തോഷത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുണ്ടായിരുന്നുള്ളു. എന്നിട്ട് മറ്റുള്ളവരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ച് കൂടുതല്‍ സ്നേഹസഹതാപങ്ങള്‍ പിടിച്ചുവാങ്ങാനുള്ള ഗൂഢതന്ത്രങ്ങളില്‍ ഏർപ്പെട്ട മനസ്സിനെ താങ്കൾ അപ്പടി വിശ്വസിക്കുന്നു. മറ്റുള്ളവർ ദു:ഖിക്കുന്നതാണ് തനിക്കു ദു:ഖം എന്ന ധാരണ വളരെ വിദഗ്ധമായ രീതിയില്‍ എല്ലാവരിലും താങ്കൾ നിക്ഷേപിച്ചു. അവർ ദു:ഖിക്കാതിരിക്കാൻ വേണ്ടിയാണ് താങ്കൾ മരിക്കാതിരിക്കാൻ ആഗ്രഹിച്ചതെന്നും അവരെ ധരിപ്പിക്കാൻ ശ്രമിച്ചു. അതുവഴി  മറ്റുള്ളവരോടുള്ള താങ്കളുടെ സ്നേഹത്തെ അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം. അങ്ങിനെ മറ്റുള്ളവർ ചിന്തിക്കുമ്പോൾ താങ്കൾക്കു സുഖം. ആ സുഖമാണ് താങ്കളുടെ ലക്ഷ്യം. അപ്പോൾ താങ്കളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ് അത്തരമൊരു തിരക്കഥ മെനഞ്ഞെടുത്ത് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തത്.

 

ധനം ഉളളതിന്റെ പേരിലാണ് അത് മറ്റുളളവരുമായി പങ്കുവയ്ക്കാൻ പറ്റുന്നത്. അതുപോലെ സ്വയം സ്നേഹവും സുഖവും സന്തോഷവും ഉറപ്പുവരുത്തിയാലേ ഇതെല്ലാം മറ്റുള്ളവർക്കും കൊടുക്കാൻ പറ്റുകയുള്ളു.

 

വീ:    അയ്യോ, എന്റെ തല വല്ലാതാവുന്നു. എന്തുവാ ഈ പറേന്നെ? എനിക്കു പിടികിട്ടുന്നില്ല.

ഗ്ലി.ഗു:  സുഹൃത്തേ, സംഗതി വളരെ ലളിതമാണ്. താങ്കളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയല്ല ജീവിതത്തിലേക്കു തിരിച്ചുവന്നതെന്ന്‍ താങ്കൾ വിശ്വസിക്കുന്നു. മറ്റുള്ളവർ ദു:ഖിക്കാതിരിക്കുന്നതാണ് താങ്കളുടെ ആവശ്യമെന്ന്‍ കരുതുന്നു. അതായത് മറ്റുള്ളവർ ദുഖിക്കുമെന്ന കാര്യമോർത്തപ്പോൾ താങ്കൾക്ക് അത് താങ്ങാൻ പറ്റാത്ത വിഷമമായി അനുഭവപ്പെട്ടു. അതായത് താങ്കൾക്ക് വിഷമമുണ്ടായി. ഉണ്ടായ വിഷമത്തില്‍ നിന്ന്‍ പുറത്തുവരിക എന്നത് താങ്കളുടെ ആവശ്യമായി. കാരണം വിഷമം താങ്കൾക്ക് വേദന സൃഷ്ടിച്ചു. ആ വേദന സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് മറ്റുള്ളവർ ദു:ഖിക്കാതിരിക്കാൻ വേണ്ടി ജീവിതത്തിലേക്കു തിരിച്ചുവരണമെന്ന്‍ താങ്കൾ ആഗ്രഹിച്ചു. ആത്യന്തികമായി താങ്കൾ താങ്കളുടെ സുഖത്തേയും സന്തോഷത്തേയും മാത്രമേ പരിഗണിക്കുന്നുള്ളു. അതേ സമയം അതംഗീകരിക്കാനും പറ്റുന്നില്ല. സ്വന്തം സുഖത്തില്‍ മാത്രം ശ്രദ്ധിക്കുന്നത് മോശമാണെന്നുള്ള തോന്നലും. പണ്ടത്തേതിനേക്കാൾ കൂടുതല്‍ പരിഗണന താങ്കൾക്ക് കിട്ടാൻ വേണ്ടി താങ്കളെ കുഴിയില്‍ ചാടിക്കാൻ തക്കം പാർത്തിരിക്കുന്ന മനസ്സുപറ്റിച്ച പണിയാണത്. താങ്കൾ കള്ളിയാണോ അതോ ഹരിശ്ചന്ദ്രിയാണോ?

 

വീ:      അല്ലേലും ആൾക്കാരെ പറഞ്ഞ് മലർത്താൻ താങ്കൾക്ക് പണ്ടേ കഴിവുണ്ടല്ലോ!

ഗ്ലി.ഗു:  വിഷയത്തില്‍ നിന്നും ഒളിച്ചോടാതെ. ഒളിക്കുന്ന പരിപാടിയും കളവാണ്. കള്ളികളുടെ ലക്ഷണമാണ്.

വീ:     അപ്പോള്‍, ഞാൻ എന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയാണെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?

ഗ്ലി.ഗു:  അതിനെന്താണ് കുഴപ്പം? താങ്കൾ താങ്കളുടെ സുഖം നോക്കിയില്ലെങ്കില്‍ മറ്റാരാണ് നോക്കുക. താങ്കൾക്ക് താങ്കളുടെ സുഖം നോക്കാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെങ്ങിനെയാണ് മറ്റുള്ളവരുടെ സുഖത്തിന്റെ കാര്യം അന്വേഷിക്കാൻ കഴിയുക? താങ്കൾക്ക് ധനം ധാരാളമുണ്ട്. അതിന്റെ ഒരുഭാഗം പലർക്കും സഹായമുണ്ടാകുന്ന വിധം ചെലവഴിക്കാറുണ്ട്. താങ്കൾക്ക് ധനം ഉളളതിന്റെ പേരിലാണ് അത് മറ്റുളളവരുമായി പങ്കുവയ്ക്കാൻ പറ്റുന്നത്. അതുപോലെ സ്വയം സ്നേഹവും സുഖവും സന്തോഷവും ഉറപ്പുവരുത്തിയാലേ ഇതെല്ലാം മറ്റുള്ളവർക്കും കൊടുക്കാൻ പറ്റുകയുള്ളു.

വീ:    കൊള്ളക്കാരൻ കത്തികൊണ്ട് എന്റെ കഴുത്തിലും വയറ്റിലും കുത്തിയപ്പോ ഇത്രയും പ്രയാസം തോന്നിയിരുന്നില്ല. അമ്മാതിരി  പറച്ചിലാ ഇപ്പോ പറഞ്ഞുവച്ചിരിക്കുന്നേ. അതായത് ഞാൻ ചതികാട്ടി മറ്റുള്ളവരില്‍ നിന്ന്‍ കൂടുതല്‍ സ്നേഹവും പരിഗണനയും മോഷ്ടിച്ചെടുക്കുവാൻ ശ്രമിക്കുകയാണെന്ന്‍. അല്ലേ?

 

ഗ്ലി.ഗു:   അതുതന്നെ. അതാണ് പറഞ്ഞത് കൊള്ളക്കാരുടെ തീസിസ്സിന് ചില അടിസ്ഥാനങ്ങളുണ്ടെന്ന്.

വീ:     എന്ത് തീസിസ്സ്?

ഗ്ലി.ഗു:   ഞാൻ നേരത്തേ പറഞ്ഞില്ലേ, കൊള്ളക്കാർ ഒരു പ്രബന്ധത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതായത് കൊള്ള കളവിനേക്കാൾ സത്യസന്ധമാണെന്നും ചതിയില്ലാത്തതുമാണെന്നും. ഇപ്പോൾ താങ്കൾ തന്നെ പറഞ്ഞില്ലേ, കൊള്ളക്കാരന്റെ കത്തി ശരീരത്തില്‍ തളഞ്ഞുകയറിയതിനേക്കാൾ വേദനയാണ് താങ്കൾ കളവുപറയുകയായിരുന്നു എന്ന്‍ ബോധ്യപ്പെട്ടപ്പോൾ തോന്നിയതെന്ന്‍. എന്തായാലും ആ കൊള്ളക്കാരനോട് നന്ദിയുള്ളവളായിരിക്കുക. അവൻ കത്തിവച്ചത് താങ്കളിലെ കള്ളിയുടെ കഴുത്തിനും പള്ളയ്ക്കുമാണ്.

 

വീ:   എന്റെ ചങ്ങാതി ഇനി എന്തായാലും എന്നെ കള്ളീന്ന്‍ വിളിക്കേണ്ട. കാരണം ഇനി ഞാൻ ഈ പ്രബന്ധം ആരുടെയടുത്തും വിളമ്പാൻ പോകുന്നില്ല. താങ്കൾ പറഞ്ഞത് ശരിതന്നെയാ. ഞാൻ എന്റെ സുഖം തന്നെയാണ് ആഗ്രഹിച്ചത്.

ഗ്ലി.ഗു:  കള്ളിയെന്ന്‍ മുഖത്തുനോക്കിയുള്ള വിളി സ്നേഹത്തിന്റെ സ്വാതന്ത്ര്യം. ഈ കളവു പറയുന്നത് ദോഷമൊന്നുമല്ല. അതില്‍ നിന്നേ സത്യം പിറക്കൂ. ഇരുട്ടില്ലെങ്കില്‍ വെളിച്ചത്തിന്റെ പ്രസക്തി എന്ത്?

വീ:   സംഗതി എന്തായാലും താങ്കളിലെ പോലീസ് എന്നിലെ കള്ളിയെ പിടിച്ചപ്പോള്‍ എനിക്കൊരു സുഖം തോന്നുന്നുണ്ട് കേട്ടോ. താങ്ക്യു മൈ ഡീയർ പോലീസ്.

       

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഭർത്താവ് ഫോണ്‍ ചെയ്യല്‍ കഴിഞ്ഞ് തിരിച്ചെത്തി. ഞങ്ങൾ തമ്മിലുള്ള സംഭാഷണം നഷ്ടമായതിന്റെ  നഷ്ടബോധവും തങ്ങളോട് തന്റെ ഭാര്യയ്ക്കുള്ള ദയാവായ്പുമൊക്കെ പ്രകടമാകുന്ന ചിരിയോടെ സംഭാഷണത്തിലേക്കു പ്രവേശിക്കാൻ തുടങ്ങി. അപ്പോൾ അദ്ദേഹം ശ്രീമതിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി ശ്രദ്ധിച്ചു. എന്താണ് കാര്യമെന്നറിയാതെ അദ്ദേഹവും ചിരി വരാതെ ചിരിച്ചുകൊണ്ടുനിന്നു.

Tags: