Skip to main content

rahul gandhi

 

നാടകം സ്‌റ്റേജില്‍ ആസ്വാദ്യമാണ്. കാരണം അത് കലയാണ്. കല എവിടേയും പ്രസക്തമാണ്. കാരണം അത് സര്‍ഗ്ഗാത്മകം. ആ സര്‍ഗാത്മകത ഏതു രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുമുണ്ടായാല്‍ ലോകവും ജനജീവിതവും സമ്പുഷ്ടവും സമൃദ്ധവും സര്‍ഗ്ഗാത്മകവുമാകുന്നു. ഇടയ്ക്കിടെ ചരിത്രത്തില്‍ ചില വ്യക്തികള്‍ അവ്വിധം ഉയര്‍ന്നുവരുന്നു. അവര്‍ പല തരത്തില്‍ ചുറ്റുമുള്ള ജനങ്ങളേയും സമൂഹത്തേയും നയിക്കുന്നു. അങ്ങിനെ അവര്‍ ചരിത്രവ്യക്തിത്വങ്ങളായി മാറുന്നു. രാഷ്ട്രീയത്തില്‍ അത്തരത്തിലുള്ള അനവധി പേര്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുണ്ട്. അവരിലെല്ലാം ഗാന്ധിജി അക്കാരണം കൊണ്ട് ഇന്നും സ്വാധീന ശക്തിയായി തിളങ്ങി നില്‍ക്കുന്നു. ഇത് അദ്ദേഹത്തില്‍ വര്‍ത്തിച്ച സര്‍ഗ്ഗാത്മകതയുടെ പ്രവാഹം നിമിത്തമാണ്. ഈ സര്‍ഗ്ഗാത്മകത വിപരീതമായ ദിശയിലും നീങ്ങും. അങ്ങിനെയുള്ളവര്‍ ഏര്‍പ്പെടുന്ന രംഗത്തിലൂടെ സമൂഹം കെടുതികള്‍ അനുഭവിക്കുകയും ചെയ്യുന്നു. അത് ഏതു രംഗത്തായാലും. വര്‍ത്തമാനകാല ദേശീയ രാഷ്ട്രീയത്തില്‍ അത്തരത്തില്‍ നേതൃത്വപരമായ സര്‍ഗ്ഗാത്മകതയിലൂടെ ഉയര്‍ന്നുവന്ന രണ്ട് വ്യക്തിത്വങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. അവരുടെ രാഷ്ട്രീയത്തോടും കാഴ്ചപ്പാടിനോടും യോജിച്ചാലും ഇല്ലെങ്കിലും അത് വസ്തുതയാണ്. ആ വ്യക്തിഗതമായ നേതൃത്വപരമായ സര്‍ഗ്ഗാത്മകത ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്നു. തുടര്‍ന്ന് അതുവരെ ഗതി നിയന്ത്രിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി എങ്ങുമല്ലാതെയായി. അവസ്ഥ ദയനീയം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ  ഇപ്പോള്‍ പ്രയോഗത്തില്‍ നയിക്കുന്നത് യുവാവായ രാഹുല്‍ ഗാന്ധിയും. പക്ഷേ യുവത്വം തെല്ലും ആ നേതാവില്‍ നിന്ന് പ്രകടിതമാകുന്നില്ല.

 

രാഹുല്‍ ഗാന്ധി സ്വമേധയാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്നതല്ല. അദ്ദേഹം ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നപ്പോള്‍ അദ്ദേഹത്തെ ചരിത്രം അഥവാ സാഹചര്യങ്ങള്‍ രാഷ്ട്രീയത്തിലേക്കും നേതൃത്വപദവിയിലേക്കും വലിച്ചുകൊണ്ടുവരികയാണ് ചെയ്തത്. ആ വലിച്ചുകൊണ്ടുവന്നവര്‍ അദ്ദേഹത്തിന്റെ ഉപദേശകരായി. അതില്‍ മുഖ്യഉപദേഷ്ടാവാണ് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതൃത്വത്തിലെ ഏ.കെ ആന്റണി. ഒരു പക്ഷേ സോണിയാ ഗാന്ധിക്ക് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും വിശ്വാസമുള്ള നേതാവ്. ആ നേതാവും യഥാര്‍ഥത്തില്‍ നേതൃത്വനിരയിലേക്കും സ്ഥാനമാനങ്ങളിലേക്കും ഉയര്‍ന്നത് ജനങ്ങളുടെ ഇടയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ നേതൃത്വപരമായ സിദ്ധികൊണ്ടോ അല്ല. മാധ്യമങ്ങളിലൂടെ ആദര്‍ശമെന്ന പ്രഹേളികയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്. പൈങ്കിളി പത്രപ്രവര്‍ത്തനത്തിന് മാധ്യമങ്ങള്‍ വശംവദമാകാന്‍ തയ്യാറായി നിന്ന സമയത്താണ് ഈ പ്രയോഗത്തിലൂടെ ആന്റണിയുടെ കടന്നുവരവ്. ചുറ്റുപാടുമുള്ളവര്‍ കടുപ്പത്തില്‍ ചായ കുടിക്കുമ്പോള്‍ കടുപ്പം കുറഞ്ഞ ചായ കുടിച്ച് അതു മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് കടുപ്പമില്ലാത്ത് ചായകുടിക്കുന്നതിനെപോലും ആദര്‍ശ ദൃഷ്ടാന്തമാക്കുന്നതില്‍ വിജയം കണ്ട മഹാനാണ് ആന്റണി. പിന്നീട് കെ. കരുണാകരനുമായി ആവശ്യമുള്ളതിനും ഇല്ലാത്തതിനും കൊമ്പുകോര്‍ത്ത് ദശാബ്ദങ്ങളോളം കേരളത്തല്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകളെ ശക്തമാക്കി നിര്‍ത്തിയും അദ്ദേഹം വിലപേശലുകളും സ്ഥാനമാനനേട്ടങ്ങളും ഉണ്ടാക്കി. വന്‍ തുക പെന്‍ഷനും ശമ്പളവുമൊക്കെ കൈപ്പറ്റുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നു വരുന്നവര്‍ക്ക് ചായ കൊടുക്കാന്‍ ഗ്ലാസ്സുപോലുമില്ലെന്ന് കാണിക്കാനായി ഡിസ്‌പോസബിള്‍ ഗ്ലാസ്സ് മാധ്യമങ്ങള്‍ കാണെ കഴുകി വീണ്ടും ഉപയോഗിക്കുകയും പത്രങ്ങള്‍ അത് ഒന്നാം പേജ് വാര്‍ത്തയാക്കിയതും സമീപകാല ചരിത്രമാണ്.

 

ak antonyരാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഔപചാരികമായി പ്രവേശിക്കുന്നതിനു മുന്‍പ് അതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ പിന്നില്‍ ആന്റണിയുടെ നിര്‍ദ്ദേശങ്ങളുടെ സാന്നിദ്ധ്യം കാണാവുന്നതാണ്. ഉത്തര്‍പ്രദേശിലെ ചില കുടിലുകളില്‍ അപ്രതീക്ഷിതമായി സന്ദര്‍ശിക്കുകയും അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചിലപ്പോള്‍ രാജകുമാര തുല്യനായ അദ്ദേഹം ഗ്രാമത്തിലെ ഏതെങ്കിലുമൊരു വീട്ടില്‍ അന്തിയുറങ്ങിയും ദേശീയ ശ്രദ്ധ നേടിയിരുന്നു. ആ നാടകങ്ങള്‍ കുറച്ചൊക്കെ രാഹുലിന്റെ രംഗപ്രവേശനത്തിന് സഹായകവുമായരിുന്നു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ കേന്ദ്രത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവസരവും കോണ്‍ഗ്രസ്സിന് ലഭിച്ചു. രണ്ടാം യു.പി.എ സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ധാരാളം കാര്യങ്ങള്‍ ജനക്ഷേമപരമായും രാജ്യത്തെ ആധുനിക കാലഘട്ടത്തിലേക്ക് നയിക്കുന്നതിലേക്കും ചെയ്തിരുന്നു. യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ചതിനപ്പുറമൊന്നും ഇതുവരെ മോദി സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇനിയങ്ങോട്ടും അതിന്റെ തുടര്‍ച്ച മാത്രമായിരിക്കുമെന്ന് 2015-16 ലെ ബജറ്റ് സൂചിപ്പിക്കുകയും ചെയ്യുന്നു. അഴിമതിയാരോപണങ്ങളും നേതൃത്വ രാഹിത്യവുമാണ് കോണ്‍ഗ്രസ്സിനെ ഇത്ര ദയനീയമായ രീതിയില്‍ തറ പറ്റിച്ചത്. നാടകങ്ങള്‍ കൊണ്ടും ഔദ്യോഗിക പദവികള്‍കൊണ്ടും അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല എന്നുള്ളതിന്റെ തെളിവുകൂടിയായിരുന്നു അത്. ആന്റണിയുടെ കാര്യത്തിലും ചരിത്രമെടുത്തുനോക്കുമ്പോള്‍ അത് വ്യക്തമാകും. ഏ.കെ ആന്റണി എന്ന വ്യക്തിക്ക് നേട്ടങ്ങള്‍ ഉണ്ടായിട്ടും ആ നേട്ടങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തിനോ അദ്ദേഹം ജനിച്ചു വളര്‍ന്ന പഞ്ചായത്തിനോ പോലും വലിയ പ്രയോജനമുണ്ടായിട്ടുണ്ടോ എന്നു നോക്കിയാല്‍ ഉത്തരം നിരാശാജനകമായിരിക്കും. അദ്ദേഹത്തിന്റെ ആദര്‍ശമാകട്ടെ ആദര്‍ശസങ്കല്‍പ്പത്തെ വികലമാക്കുകയും ചെയ്തു. ആദര്‍ശം വില്‍പ്പനച്ചരക്കായി, വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ക്കു പകരം.

 

കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ വീണ്ടും രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നത് നേതൃസ്ഥാനമാണ്. കാരണം സോണിയാ കുടുംബത്തിനു പുറത്തേക്ക് നേതൃത്വത്തിന് പോകാന്‍ കഴിയില്ല. അങ്ങിനെ സംഭവിക്കുന്ന പക്ഷം ഇപ്പോഴുള്ള കോണ്‍ഗ്രസ്സുപോലും ഇല്ലാതായിപ്പോകും. അത് നേതൃത്വത്തിനും മറ്റ് നേതാക്കള്‍ക്കും അണികള്‍ക്കുമറിയാം. രാഹുലിന്റെ മുന്നില്‍ ഉയര്‍ന്നുവന്ന രണ്ടു നേതാക്കളിലേക്കും നോക്കിയാല്‍ മനസ്സിലാകുന്ന ഘടകങ്ങള്‍ രണ്ടാണ്. മോദി ഇന്ത്യന്‍ സംസ്‌കാരത്തെ ഉണര്‍ത്തിക്കൊണ്ട് നേതൃത്വത്തിലേക്കുയര്‍ന്നു. അരവിന്ദ് കേജ്രിവാള്‍ അഴിമതിക്കെതിരെ പോരാട്ടത്തിലൂടെ നിലവിലുള്ളതിനെ ചോദ്യം ചെയ്തും. അത് ജനം ആവേശപൂര്‍വ്വം സ്വീകരിക്കുന്നു. കേജ്രിവാള്‍ തന്ത്രം മുന്‍പ് രാഹുല്‍ ഒന്ന് പയറ്റി നോക്കിയതാണ്. ദില്ലിയില്‍ പത്രസമ്മേളനത്തിലൂടെ. പക്ഷേ, അത് തിരിച്ചടിച്ചു. മോദിയേയും കേജ്രിവാളിനേയും അധികാരത്തിലേറ്റിയ ഘടകങ്ങളാണ് ജനങ്ങളുടെ അംഗീകാരം നേടുവാന്‍ ആവശ്യമായതെന്ന് രാഹുലിനെ നേതാവാക്കിയവര്‍ക്കും ഒപ്പം രാഹുലിനും തോന്നിയുട്ടുണ്ടാവുക സ്വാഭാവികം. കോണ്‍ഗ്രസ്സ് ഊര്‍ദ്ധശ്വാസം വലിക്കുന്ന സാഹചര്യത്തിലാണ് മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ വര്‍ക്കിംഗ് പ്രസിഡണ്ടായി സ്ഥാനമേല്‍ക്കേണ്ടി വരുന്ന ഗതികേട്. അതിനു മുന്നോടിയായുള്ള നാടകമാണ് ഇപ്പോഴത്തെ താല്‍ക്കാലിക അവധിയിലൂടെ രാഹുല്‍ അവധിയില്ലാത്ത ചര്‍ച്ചകളിലേക്ക് മാധ്യമങ്ങളെ നയിച്ചിരിക്കുന്നത്.

 

നാടകത്തിലൂടെ മുഖ്യമായും രാഷ്ട്രീയം നടത്തി പ്രധാനമന്ത്രിയേക്കാള്‍ പ്രധാനിയായി കേന്ദ്രമന്ത്രിസഭയില്‍ തുടര്‍ന്ന ഏ.കെ.ആന്റണി തന്നെയാകണം വീണ്ടും രാഹുലിന് പുതിയ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുള്ളതെന്നു തോന്നുന്നു. കാരണം രാഹുലിന്റെ അവധിയെ ന്യായീകരിച്ചും രാഹുലിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചും ആന്റണി രംഗപ്രവേശം ചെയ്തിരിക്കുന്നു. രാഹുലിനെ ചിലര്‍ക്ക് പേടിയുള്ളതായിപ്പോലും ആന്റണി പറയുന്നു. രാഹുലിനെ കരുത്തനായ നേതാവായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വര്‍ക്കിംഗ് പ്രസിഡണ്ടാക്കാനാണ് ആന്റണിയുടെ ശ്രമം. അതിന്റെ ഭാഗമായിട്ടാകണം നിഷേധിയും വെല്ലുവിളിക്കുന്ന യൗവനത്തിന്റെ പ്രതിഛായയും പകര്‍ന്നു നല്‍കാന്‍ വേണ്ടിയാകണം സ്വന്തം അമ്മ സോണിയയുമായി പിണങ്ങിയാണ് രാഹുല്‍ അവധിയെടുത്തതെന്ന വാര്‍ത്ത സൂത്രത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. അതും കോണ്‍ഗ്രസ്സിലെ ചില നേതാക്കാന്മാര്‍ക്കെതിരെ തിരിഞ്ഞുവെന്നും കാട്ടിക്കൊണ്ട്. അമ്മയുമായി രാഷ്ട്രീയത്തിന്റെ പേരില്‍ പിണങ്ങുന്ന രാഹുല്‍.  അതും വന്‍ ധീരമായ തീരുമാനം. അവധിയെടുത്ത് അജ്ഞാതവാസത്തില്‍ പ്രവേശിക്കുന്നു.എവിടെയാണ് അദ്ദേഹം അപ്രത്യക്ഷമായിരിക്കുന്നതെന്നത് ലോകസഭയ്ക്കകത്തും പുറത്തും എന്തിന് വിദേശമാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നു.  അദ്ദേഹം രാജ്യത്തിനു പുറത്തുപോയതാണെന്ന അഭ്യൂഹം ആദ്യം. പിന്നീടറിയുന്നു, അദ്ദേഹം ഋഷികേശിലോ ഗംഗോത്രിയിലോ ധ്യാനത്തിലാണെന്ന്. റിബലായ, അതേ സമയം ഹൈന്ദവമായ പൈതൃകസ്രോതസ്സുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രതിഛായ. ഒരു പുതിയ മുഖം. അരവിന്ദ് കേജ്രിവാളിന്റേയും മോദിയുടേയും ഗുണങ്ങള്‍ ഒന്നിച്ചുചേര്‍ന്ന വ്യക്തിത്വം.

 

പക്ഷേ, വെറും നാടകത്തിലൂടെ  സാമൂഹിക ജീവിതത്തില്‍ അധിക നാള്‍ പിടിച്ചുനില്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള നേതൃത്വ പാടവും പോലും ഇതിനകം രാഹുല്‍ കൈവരിച്ചില്ലെന്നുള്ള ദയനീയമായ ചിത്രമാണ് ഈ പുത്തന്‍ അജ്ഞാതവാസ നാടകത്തിലൂടെ തെളിഞ്ഞുവരുന്നത്. നേതാവ് എന്നുവെച്ചാല്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ച് സുതാര്യമായി ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്. നാല്‍പ്പൊമ്പതാം ദിവസം രാജിവെച്ചത് തങ്ങള്‍ക്ക് പറ്റിയ അബദ്ധമായിപ്പോയെന്ന് അരവിന്ദ് കേജ്രിവാള്‍ തുറന്ന് സമ്മതിച്ചതിനെ ദില്ലി ജനത്തിന് മുന്‍പത്തേക്കാള്‍ കേജ്രിവാളിനെ സ്വീകാര്യനാക്കിയെന്നും ഇപ്പോഴത്തെ ഫലം സൂചിപ്പിക്കുന്നു. അത് സുതാര്യതയ്ക്കും സത്യസന്ധതയ്ക്കുമുള്ള പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്. ഒപ്പം നാടകത്തെ സ്റ്റേജിന് പുറത്ത് തള്ളിക്കളയുന്നതിന്റേയും. ഈ നാടകത്തിന് രാഹുലിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം അദ്ദേഹത്തിന് ഉള്ള കഴിവുകളെ മാത്രമേ അദ്ദേഹത്തിന് വിനിയോഗിക്കാന്‍ കഴിയുകയുള്ളു. അദ്ദേഹത്തില്‍ നേതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. വാസ്തവത്തില്‍ സാഹചര്യങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇവിടെ രാഹുലിലൂടെ തെളിഞ്ഞുവരുന്നത്.

Tags