Skip to main content
ദില്ലി ഘട്ട്

suresh s.യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


ലോകസഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് നടക്കുന്ന അഭിപ്രായ സര്‍വേകള്‍ മിക്കവയും ബി.ജെ.പിയ്ക്ക് നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എന്‍.ഡി.എ)ത്തിന് വ്യക്തമായ മുന്‍‌തൂക്കമാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ ഏറെക്കുറെ എത്തിയിരിക്കുന്നതായി നരേന്ദ്ര മോഡിയും കരുതുന്നുണ്ടാകണം. എന്നാല്‍, മോഡിയുടെ നേതൃത്വം ഇതിനകം തന്നെ സുപ്രധാന മാറ്റമുണ്ടാക്കിയിരിക്കുന്നത് ബി.ജെ.പിയില്‍ തന്നെയാണ്. മോഡിയ്ക്ക് നല്‍കുന്ന വീരപരിവേഷം, അല്ലെങ്കില്‍ ദൈവപരിവേഷം തന്നെ, പാര്‍ട്ടിയും മോഡിയും തമ്മിലുള്ള അന്തരം നേര്‍ത്ത ഒന്നാക്കി മാറ്റുകയാണ്.

 

1970-കളില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയോടുള്ള പാദസേവയുടെ നഗ്നപ്രകടനമായി  ‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ’ എന്ന കുപ്രസിദ്ധമായ മുദ്രാവാക്യം ഡി.കെ ബറുവ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍, മോഡി എന്നാല്‍ ബി.ജെ.പി തന്നെ എന്ന പ്രതിഭാസത്തിനാണ് പാര്‍ട്ടി സാക്ഷ്യം വഹിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലും മുദ്രാവാക്യങ്ങള്‍ രൂപീകരിക്കുന്നതിലും മോഡി വഹിക്കുന്ന നിര്‍ണ്ണായക പങ്കില്‍ നിന്ന്‍ ഇത് വ്യക്തമാണ്. ഇതാകട്ടെ മുതിര്‍ന്ന നേതാക്കളില്‍ ഇതിനകം തന്നെ ചങ്കിടിപ്പ് ഉണ്ടാക്കിക്കഴിഞ്ഞു. ജസ്വന്ത് സിങ്ങിന് സ്വദേശമായ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതും തുടര്‍ന്ന്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതുമെല്ലാം ഇതിന്റെ തെളിവാണ്. അരുണ്‍ ജെയ്റ്റ്ലിയ്ക്ക് വേണ്ടി നവജ്യോത് സിങ്ങ് സിദ്ധുവിന് അമൃതസര്‍ മണ്ഡലവും നിഷേധിച്ചതും സമാനമായ സംഭവമാണ്.

 

പാര്‍ട്ടിയെ ചെറുതാക്കുന്ന ഔന്നത്യം മോഡി നേടിയെടുക്കുന്നതിന്റെ വേറെയും രീതികള് പ്രകടമാണ്. തെരഞ്ഞെടുപ്പില്‍ മോഡി മത്സരിക്കുന്ന വാരാണസിയില്‍ ഒരു പുതിയ മുദ്രാവാക്യം ഉയര്‍ന്നു: ഹര ഹര മോഡി! പുണ്യനഗരത്തിലെ പ്രധാന ക്ഷേത്രമായ വിശ്വനാഥ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ശിവനെ പ്രകീര്‍ത്തിക്കുന്ന മന്ത്രമായ ഹര ഹര മഹാദേവിന്റെ മാതൃകയില്‍. എന്നാല്‍, എതിരാളികള്‍ക്കൊപ്പം പൊതുസമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ഈ മുദ്രാവാക്യം പിന്‍വലിക്കുകയായിരുന്നു. അമര്‍ ചിത്രകഥാ പരമ്പരയുടെ മാതൃകയില്‍ ബാല നരേന്ദ്ര എന്ന പേരില്‍ നരേന്ദ്ര മോഡിയുടെ കുട്ടിക്കാല കഥകള്‍ ചിത്രകഥാ പുസ്തകമായി ഇറക്കിയിട്ടുമുണ്ട്.

 

മോഡിയുടെ പ്രശ്നം

 

തന്റെ അത്രയും ബുദ്ധിശക്തിയും സത്യസന്ധതയും മറ്റൊരാള്‍ക്കുമില്ല എന്ന്‍ കരുതുന്നതാണ് മോഡിയുടെ പ്രശ്നമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ കരുതുന്നു. ഒരു എതിരാളിയെ മോഡിയ്ക്ക് സഹിക്കാനാകില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2002-ല്‍ ദേശീയമായി തങ്ങള്‍ അപമാനിക്കപ്പെട്ടുവെന്നും അന്ന്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിച്ച ആള്‍ ഇന്ന്‍ ആഗോളമായി തിരിച്ചറിയപ്പെടുന്ന വ്യക്തിത്വമായിരിക്കുന്നുവെന്ന് ഗുജറാത്തികളും കരുതുന്നു. ഇത് ശരിയോ തെറ്റോ എന്നതില്‍ തര്‍ക്കിക്കാമെങ്കിലും ഈ വികാരത്തില്‍ നിന്ന്‍ ഗുജറാത്തികളില്‍ ഉളവാകുന്ന അഭിമാനം പ്രധാനമാണെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

 

കേവല ഭൂരിപക്ഷത്തോടെയുള്ള ഒരു മോഡി മന്ത്രിസഭ വിദേശകാര്യം പോലുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ചും അപകടകരമായിരിക്കുമെന്ന് ഈ നിരീക്ഷകന്‍ കരുതുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള എതിര്‍പ്പ് പോലെയുള്ള ആര്‍.എസ്.എസ്സിന്റെ പഴയ അജണ്ടകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഗുജറാത്തില്‍ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പത്ത് വയസ്സുവരെ ഇംഗ്ലീഷ് വിദ്യാഭ്യാസം മോഡി നിഷേധിച്ചിരിക്കുകയാണെന്നും അഞ്ചാം ക്ലാസില്‍ മാത്രമേ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നുള്ളൂ എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സേവന വ്യവസായങ്ങളില്‍ ഗുജറാത്തിന്റെ പങ്ക് തുച്ഛമായിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നും രത്തന്‍ ടാറ്റ, അസിം പ്രേംജി പോലുള്ള ഗുജറാത്തികള്‍ക്ക് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വ്യവസായം വികസിപ്പിക്കണമെങ്കില്‍ അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ആശ്രയിക്കാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.

modi, joshi, adwani

 

മോഡിയുടെ ചില ഗുണങ്ങളും കാണാതിരുന്നുകൂടാ. അച്ചടക്കം, വിശദാംശങ്ങളിലുള്ള നിഷ്ഠ, ഉടന്‍ തീരുമാനമെടുക്കുന്ന സ്വഭാവം എന്നിവ ഇവയില്‍ ശ്രദ്ധേയം. മികച്ച പ്രഭാഷണവും വ്യക്തിപ്രഭാവവും കഠിനാധ്വാനവും ഒപ്പം ചേര്‍ക്കാം. മാത്രവുമല്ല, മോഡിയുടെ താല്‍പ്പര്യങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും രാഷ്ട്രീയത്തിലും സര്‍ക്കാറിലുമാണ്. ഇതിന്റെ മറുവശത്ത്, അസഹിഷ്ണുതയും എതിരാളികളെ നിശ്ശേഷം ഇല്ലാതാക്കാനുള്ള ത്വരയും മോഡിയില്‍ മുന്നിട്ടുനില്‍ക്കുന്നു. വിശ്വസ്തരടങ്ങുന്ന ഒരു ചെറുസംഘത്തിന്റെ സഹായത്തോടെയാണ് മോഡിയുടെ പ്രവര്‍ത്തനങ്ങളെല്ലാം. നിഗൂഡമായിട്ടാണെങ്കിലും എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ്ങ്, സുഷമ സ്വരാജ് എന്നിവരെയെല്ലാം മോഡി വീറോടെ എതിര്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഗുജറാത്തില്‍ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പകരക്കാരനില്ലാത്ത ഒരാളായി മോഡി മാറിയതും ശക്തിശാലികളായിരുന്ന നേതാക്കളെ ഒതുക്കിക്കൊണ്ടു തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തില്‍ മോഡി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രണ്ട് മന്ത്രിമാരായ സൗരഭ് പട്ടേലിനും അമിത് ഷായ്ക്കും ഇതുവരേയും ക്യാബിനറ്റ് പദവി നല്‍കിയിട്ടില്ല എന്നതും ഈ ഒതുക്കലിന്റെ മറ്റൊരു രൂപമാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ട ഗുജറാത്ത് ഭരണ കാലയളവില്‍ (പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുന്നത് വരെ) മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകളുടെയെല്ലാം ചുമതല വഹിച്ചത് മോഡിയാണ്. 2006-ല്‍ മോഡി കയ്യാളിയിരുന്ന വകുപ്പുകളില്‍ ധനകാര്യം, ആഭ്യന്തരം, വ്യവസായം, ഊര്‍ജം, പൊതുഭരണം, ഖനികളും ധാതുക്കളും, തുറമുഖങ്ങള്‍, പെട്രോകെമിക്കല്‍സ്‌ എന്നിവയും മറ്റ് ചിലതും പെടും. പ്രധാനമന്ത്രി ആയാലും ഏതാനും നിര്‍ണ്ണായക വകുപ്പുകള്‍ മോഡി കൈയ്യില്‍ വെക്കുകയോ വിശ്വസ്തരെ ഏല്‍പ്പിക്കുകയോ ചെയ്താല്‍ അത്ഭുതപ്പെടാനില്ല. അതേസമയം, ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടുന്ന സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ബി.ജെ.പി 200 സീറ്റോളം നേടി രൂപീകരിക്കപ്പെടുന്ന ഒരു ബി.ജെ.പി സര്‍ക്കാര്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിനെ പോലെ തന്നെ നിസ്സഹായമായിരിക്കും.

 

ബി.ജെ.പിയുടെ പ്രശ്നം

 

‘വ്യത്യസ്തമായ പാര്‍ട്ടി’ എന്ന ബി.ജെ.പിയുടെ സ്വയം വിശേഷണത്തിന്റേയും പ്രസക്തി നഷ്ടപ്പെടുത്തുകയാണ് ഈ മോഡി പ്രതിഭാസം. സോണിയ ഗാന്ധിയേയും മകന്‍ രാഹുലിനേയും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാക്കളായി കരുതുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘ഹൈക്കമാന്‍ഡ് സംസ്കാര’മാണ് ഇതിലൂടെ ബി.ജെ.പിയും സ്വീകരിക്കുന്നത്. മാത്രവുമല്ല, ന്യൂനപക്ഷ സമുദായങ്ങളോട് മോഡി പുലര്‍ത്തുന്ന കടുത്ത അവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയിലെ മിതവാദി നേതാക്കള്‍ പിന്‍വലിയാനും സാധ്യത ഏറെയാണ്‌.

 

അതേസമയം, കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് ബി.ജെ.പിയുടെ സാധ്യതകള്‍ ശക്തമാക്കിയതില്‍ മോഡിയുടെ ജനപ്രിയത വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. എന്നാല്‍, ഈ പ്രക്രിയയില്‍ മോഡി പാര്‍ട്ടിയേക്കാളും വളരുന്നത് ബി.ജെ.പിയ്ക്ക് ഗുണകരമാകില്ല. മധ്യവര്‍ഗ്ഗം ഇന്ന്‍ മോഡിയില്‍ കാണുന്നത് ഒരു രക്ഷകനെയാണ്. ഇത് മോഡിയില്‍ സമചിത്തത നല്‍കുന്ന ഒരു സ്വാധീനമായി പ്രവര്‍ത്തിക്കും എന്ന്‍ കരുതാം.