ടെക്നോപാര്‍ക്ക് രജതജൂബിലിയിലേക്ക്; അര ലക്ഷം പുതിയ തൊഴിലവസരങ്ങള്‍

Mon, 16-06-2014 02:30:00 PM ;

technopark new phase

 

കേരളത്തിന്റെ ഐ.ടി മേഖയിലെ അഗ്രഗാമിയായ തിരുവനന്തപുരം ടെക്നോപാര്‍ക്ക് രജതജൂബിലിയിലേക്ക്. 2005 ജൂലൈയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെക്നോളജി പാര്‍ക്ക്‌ 2014-2016 കാലയളവില്‍ 45,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്നും രാജ്യത്തെ ഏറ്റവും വലിയ മൂന്ന്‍ ഐ.ടി പാര്‍ക്കുകളില്‍ ഒന്നായ ടെക്നോപാര്‍ക്കിനെ ഇന്ത്യയിലെ ഐ.ടി പവര്‍ഹൗസുകളില്‍ ഒന്നായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ 330 ഐ.ടി കമ്പനികളിലൂടെ 45,000 ഐ.ടി ജീവനക്കാരുടെ തൊഴില്‍കേന്ദ്രമാണ് ടെക്നോപാര്‍ക്ക്.

 

ടി.സി.എസ്, ഇന്‍ഫോസിസ്, യു.എസ്.ടി ഗ്ലോബല്‍, ടാറ്റാ എല്‍ക്‌സി, ഐബിഎസ് എന്നിവയുടെ മന്ദിരങ്ങള്‍ക്കൊപ്പം ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട കെട്ടിടവും ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് 45,000 പേര്‍ക്കുകൂടി നേരിട്ട് തൊഴിലവസരമൊരുങ്ങുന്നത്. ഇതോടെ 90,000 പേര്‍ക്ക് നേരിട്ടും 3,50,000 പേര്‍ക്ക് പരോക്ഷമായും ടെക്നോപാര്‍ക്കിലൂടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുകയാണ്. കഴിഞ്ഞ 24 വര്‍ഷം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ശേഷി, പുതുതായി സജ്ജീകരിക്കപ്പെടുന്ന കമ്പനികളിലൂടെ അടുത്ത രണ്ടുവര്‍ഷംകൊണ്ട് ഇരട്ടിയാകുമെന്ന് ടെക്നോപാര്‍ക്ക് സി.ഇ.ഒ കെ.ജി ഗിരീഷ് ബാബു പറയുന്നു. മൂന്നാംഘട്ടത്തിലെ ഇരട്ട ടവറുകളായ ഗംഗയും യമുനയും കമ്മീഷന്‍ ചെയ്തതോടെ 8,500 ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തനസൗകര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച അത്യാധുനികവും ശില്‍പസൗന്ദര്യമാര്‍ന്നതുമായ ഈ ഇരട്ട ഹരിത ടവറുകള്‍ 2015-ഓടെ കമ്പനികളെക്കൊണ്ട് നിറയും. ഇവിടെ നാല്‍പതോളം കമ്പനികള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. പതിനെട്ടു കമ്പനികള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

 

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ 3,500 കോടിയായിരുന്ന ടെക്നോപാര്‍ക്കിന്റെ കയറ്റുമതി 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി രൂപയായി വര്‍ദ്ധിച്ചു. കൂടാതെ ഇക്കാലയളവില്‍ 11 ലക്ഷം ചതുരശ്രയടി ഉപയോഗപ്രദമായ ഇടം ടെക്നോപാര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 49 കോടി രൂപയുടെ വാര്‍ഷിക വാടക വരുമാനം ഉള്‍പ്പെടെ 100 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ടെക്നോപാര്‍ക്കിന് ഇപ്പോഴുള്ളത്. ഇതില്‍ വാടക, ഊര്‍ജ്ജം, വെള്ളം, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനവും ഉള്‍പ്പെടും.

 

വികസന പദ്ധതികള്‍ക്കായി എടുത്ത വായ്പകള്‍ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പരമാവധി തിരിച്ചടച്ചുകൊണ്ട് മാതൃക സൃഷ്ടിക്കുക കൂടിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ സ്വയംഭരണ സ്ഥപാനം. ടെക്നോപാര്‍ക്കിന്റെ പ്രധാന വികസന പദ്ധതികളായ 92 ഏക്കറിലെ മൂന്നാംഘട്ടത്തിനും 451 ഏക്കറിലെ ടെക്നോസിറ്റിക്കുമായാണ് ബാങ്ക് വായ്പ എടുത്തിരുന്നത്. മൂന്നാംഘട്ടത്തിന് സ്ഥലം വാങ്ങുന്നതിന് എടുത്ത 21 കോടി രൂപയുടെ വായ്പ പലിശ സഹിതം തിരിച്ചടച്ചുകഴിഞ്ഞു. ഇതേ ഘട്ടത്തിനായി 207 കോടിയുടെ മറ്റൊരു വായ്പയും എടുത്തിരുന്നു. ഈ മാസം ആരംഭിക്കുന്ന തിരിച്ചടവ്, മൂന്നാംഘട്ടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ടെക്നോസിറ്റിക്കായി എടുത്ത 321 കോടിയുടെ വായ്പയില്‍ പലിശസഹിതം ഇപ്പോള്‍ത്തന്നെ 360 കോടി തിരിച്ചടച്ചുകഴിഞ്ഞു. ബാക്കിയുള്ള 38 കോടി ഈ മാസം തിരിച്ചടയ്ക്കും. ടെക്നോസിറ്റിയുടെ വായ്പയും പൂര്‍ണമായും തിരിച്ചടച്ചുകഴിയുന്നതോടെ സാമ്പത്തികനില കൂടുതല്‍ മെച്ചപ്പെടുമെന്ന് ഗിരീഷ് ബാബു ചൂണ്ടിക്കാട്ടുന്നു.

 

ഒന്നും രണ്ടും ഘട്ടങ്ങള്‍ക്കു കീഴില്‍ 25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരങ്ങളുടെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇന്‍ഫോസിസ്, ടി.സി.എസ്, യു.എസ്.ടി ഗ്ലോബല്‍, ടാറ്റ എല്‍ക്‌സി, ഐബിഎസ് എന്നീ കമ്പനികള്‍ സ്വന്തം ക്യാംപസുകളാണ് നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ഇന്‍ഫോസിസും യു.എസ്.ടി ഗ്ലോബലും ചേര്‍ന്ന് വികസിപ്പിക്കുന്ന 86 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖല (സെസ്) പൂര്‍ത്തിയാകുന്നതോടെ ഇവിടെ 50000 ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി നല്‍കാനാകും.

 

ഇന്‍ഫോസിസ് ഇപ്പോള്‍ തന്നെ രണ്ട് അത്യാധുനിക സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ബ്ലോക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഇവിടെ 3,300 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 800 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് ഇവരുടെ പദ്ധതി. 3,500 പേര്‍ക്ക് തൊഴില്‍സൗകര്യമുള്ള 3.5 ലക്ഷം ചതുരശ്ര അടിയുടെ മൂന്നാമത്തെ മന്ദിരം പൂര്‍ത്തിയായിക്കഴിഞ്ഞു. 4.5 ലക്ഷം ചതുരശ്ര അടിയുടെ നാലാമത്തെ മന്ദിരം പൂര്‍ത്തിയാകുന്നതോടെ 4,500 പേര്‍ക്കു കൂടി സൗകര്യമൊരുങ്ങും. അഞ്ചാമത്തെ മന്ദിരത്തിലും 4,500 പേര്‍ക്കാണ് തൊഴില്‍സൗകര്യമുള്ളത്. എല്ലാം കൂടി ഈ ക്യാംപസില്‍ 16000 പേര്‍ക്കാണ് നേരിട്ടു ജോലി ലഭിക്കുക.

 

യു.എസ്.ടി ഗ്ലോബലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്ന വന്‍ മന്ദിരത്തില്‍ 8,500 ഐ.ടി പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളിക്കാനാകും. രണ്ടാമത്തെ മന്ദിരത്തിനുള്ള പദ്ധതിക്കും ഇവര്‍ രൂപം നല്‍കിക്കഴിഞ്ഞു. ടെക്നോപാര്‍ക്ക് ഒന്നാംഘട്ടത്തില്‍ ടി.സി.എസ് വികസിപ്പിച്ചെടുക്കുന്ന പ്രത്യേക സാമ്പത്തിക മേഖല 11.2 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാണ്. പ്രധാനപ്പെട്ട നാല് ഐ.ടി മന്ദിരങ്ങളില്‍ 2,200 പ്രൊഫഷണലുകള്‍ക്ക് വീതം സൗകര്യമൊരുക്കാനാകും. ആദ്യ മന്ദിരം ഈ വര്‍ഷം ആഗസ്തില്‍ പൂര്‍ത്തിയാകുമെന്നും 2016 തുടക്കത്തില്‍തന്നെ 8,800 പേര്‍ക്ക് തൊഴിലവസരമൊരുങ്ങുമെന്നുമാണ് കരുതുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ടാറ്റ എല്‍ക്‌സിയും ഐബിഎസും ചേര്‍ന്ന് 2,000 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാക്കും. നിലവിലുള്ള മറ്റ് കമ്പനികളുടെ വികസനം 3,000 തൊഴിലവസരങ്ങള്‍ക്കുകൂടി വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: