Skip to main content

അല്‍പ്പം ധൃതിയിലാണ് ഭാര്യ  ഡ്രസ്സിംഗ് റൂമിലേക്ക് കയറിയത്. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. രണ്ടുപേര്‍ക്കും കൂടി അത്യാവശ്യമായി പുറത്തുപോകണം. മുറിയില്‍ കയറി ഭാര്യ ലൈറ്റിട്ടു. അപ്പോഴാണറിയുന്നത് കറണ്ട് പോയിരിക്കുകയാണെന്ന്‍. ഉള്ളില്‍ വിദ്യുച്ഛക്തിവകുപ്പിനോട് പുള്ളിക്കാരത്തിക്ക് അല്‍പ്പം അമര്‍ഷം തോന്നിയെങ്കിലും അതു പ്രകടിപ്പിക്കാന്‍ സമയമില്ലാത്തതിനാല്‍ പെട്ടെന്ന്‍ ജനലിന്റെ വാതില്‍  തുറന്നു,  വെളിച്ചത്തിനായി. വാതില്‍പ്പാളി തുറന്നു മലര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ പടിയില്‍ കതകില്‍ ചാരി ഇരിക്കുകയായിരുന്ന റൗണ്ട് കോമ്പ് പുറത്തേക്ക് വീഴാന്‍ പോയത്. ഒരു വിധത്തില്‍ ചീപ്പ് പുറത്തുപോകാതെ പിടിച്ചെടുത്തു. ജനലിന് സമീപമാണ് നിലക്കണ്ണാടി. ചീപ്പ് കൈപ്പിടിയിലായെന്ന്‍  കണ്ടപ്പോള്‍ കുറ്റപ്പെടുത്തല്‍. പ്രതിസ്ഥാനത്ത് സ്കൂളില്‍ പോയിരിക്കുന്ന പതിനഞ്ചുകാരന്‍ മകന്‍.

 

-“ശ്ശൊ, എത്ര പറഞ്ഞാലും ആ ചെറുക്കന്‍ ചീപ്പ് ഇവിടെയേ വയ്ക്കൂ. എന്തോ പറയാനാ.” (ഇതൊരു വൈറസാണ് – നമുക്ക് കോരിക്കളയല്‍  വൈറസ്  എന്നു  വിളിക്കാം.)

 

 സംഗതി അത്രയും പറഞ്ഞ് ആ അമ്മ ഉള്ള വെളിച്ചത്തില്‍  വേഷം മാറലില്‍  ഏര്‍പ്പെട്ടു. ആ അമ്മയ്ക്ക് തന്റെ മകനോടുള്ള സ്‌നേഹം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും അവന്റെ അസാന്നിദ്ധ്യത്തില്‍  അത് പറഞ്ഞുപോയി. അതു സ്‌നേഹക്കുറവുകൊണ്ടല്ല, വേദന വാരിക്കളയലാണ്. ആ ചീപ്പ് പുറത്തേക്കു വീഴാന്‍ പോയപ്പോള്‍  പേടിച്ചുപോയി. ഒന്ന്‍, പുറത്തേക്കു വീണിരുന്നുവെങ്കില്‍  ഇല്ലാത്ത സമയത്ത് അത് എടുക്കാന്‍ പുറത്ത് പോകേണ്ടിവരുമായിരുന്നു. മറ്റൊന്ന്  വളരെ മനോഹരമായ ഒരു റൗണ്ട് കോമ്പാണ്. അത്  പുറത്ത് തറയിലേക്ക് വീണിരുന്നുവെങ്കില്‍ കേട് പറ്റാമായിരുന്നു. ഞൊടിയിടയില്‍ ഈ പേടികളെല്ലാം സജീവമായി. പക്ഷേ പേടിച്ചപോലെ ഒന്നും ഉണ്ടായില്ല. എങ്കിലും വീഴ്ചയുടെ ആഘാതം അനുഭവിച്ചു. അതിന്റെ വേദനയും അറിഞ്ഞു. വേദന വന്നു കഴിഞ്ഞാല്‍ അത് അസഹനീയം. അതില്‍ നിന്ന്‍ എത്രയും പെട്ടെന്ന്‍ രക്ഷപെടാന്‍ നോക്കും. ആ ചീപ്പവിടെ വച്ചില്ലായിരുന്നെങ്കില്‍ അത് വീഴാന്‍ പോകില്ലായിരുന്നു. അതവിടെ വച്ചതാണ് താന്‍ അനുഭവിക്കാനുള്ള വേദനയുടെ കാരണമെന്ന്‍ ഞൊടിയിടയില്‍ ആ അമ്മയുടെ മനസ്സ് കണ്ടെത്തി. അതിനു കാരണക്കാരന്‍ തന്റെ മകന്‍. നമ്മെ ആരെങ്കിലും വേദനിപ്പിച്ചാല്‍ തിരിച്ചു വേദനിപ്പിച്ചാല്‍ സുഖം കിട്ടുമെന്ന പൊതു തോന്നലില്‍ നിന്നാണ് ആ പ്രതികരണം ഉണ്ടാവുന്നത്. അതിന് മുന്‍പ് തന്നെ ധൃതി വന്നതോടുകൂടി മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടമായി. ആ സ്വാസ്ഥ്യക്കേടിനെ ഈയാംപാറ്റയുടെ ചിറകടിപോലെ കാണാവുന്നതാണ്. അക്കൂട്ടത്തിലാണ് ചീപ്പും താഴെപ്പോകാന്‍ പോയത്. ചിറകടിയുടെ വേഗതയാണ് നൈമിഷിക വേദനയായി ആ അമ്മയറിഞ്ഞത്.

       

തന്റെ കുറ്റം കൊണ്ടല്ല ആ ചീപ്പ് വീഴാന്‍ പോയതും ധൃതിക്കിടയില്‍ കൂടുതല്‍ സമയം പോയതും എന്നു വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. അതിനുപരി താന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കുന്ന സ്വഭാവമില്ലെന്നുമുള്ള യശോദപ്പരാതിയും മിക്ക അമ്മമാര്‍ക്കും മക്കളെക്കുറിച്ചുണ്ടാകും. ഇതെല്ലാം അപ്പോള്‍ പൊന്തിവരും. വാസ്തവത്തില്‍ ആരുടെ ശ്രദ്ധയില്ലായ്മകൊണ്ടാണ് ആ ചീപ്പ് താഴെ വീഴാന്‍ പോയത്. ആ അമ്മയുടെ കണ്ണിനു നേര്‍ക്കിരുന്ന ചീപ്പ് ധൃതിയില്‍ അവര്‍ കാണാതെ പോയി. അതാണ് ധൃതിദോഷം. ധൃതിയില്‍ കാഴ്ച നഷ്ടമാകും. അപകടം എവിടെയും പതിയിരിക്കും. രാവിലെ തിരക്കുള്ള നിരത്തുകളിലും ട്രാഫിക് ജംഗ്ഷനുകളിലും നോക്കിയാല്‍ ഈ അപകടകരമായ തിരക്കു കാണാം.

    

ചെറിയ കാര്യങ്ങളില്‍ ഇങ്ങനെയുണ്ടാവുന്ന വേദന കോരി, പുറത്ത് ആരുടെയെങ്കിലും മേല്‍ ഇട്ടുകൊടുക്കുന്ന ഏര്‍പ്പാടാണ് ഏറ്റവും ഉറ്റവര്‍ തമ്മില്‍ വാക് പയറ്റിനും അല്ലാത്ത പയറ്റിനുമൊക്കെ കാരണമാകുന്നത്. മകനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സമയത്ത് മകന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അവന്‍ ചോദിച്ചേനെ “അമ്മ കണ്ടില്ലേ ചീപ്പവിടിരിക്കുന്നത്” എന്ന്‍. അപ്പോള്‍ തിരിച്ച് അമ്മയുടെ പ്രതികരണം എന്താവുമെന്ന്‍ ഊഹിക്കാവുന്നതേയുള്ളു. അതു കേള്‍ക്കുമ്പോള്‍, ഇത്ര ചെറിയ കാര്യത്തിന് ഇങ്ങനെ പ്രശ്‌നമുണ്ടാക്കണോ എന്ന്‍ ഭര്‍ത്താവു ചോദിച്ചാല്‍ സംഗതിയുടെ മുഴുവന്‍ കിടപ്പും മാറിയെന്നിരിക്കും. ഇങ്ങനെ കുറ്റം കാണുമ്പോള്‍ വളം വച്ചു കൊടുക്കുന്നതുകൊണ്ടാണ് തന്നെ ഒരു വിലയുമില്ലാത്ത സ്വഭാവം മകന്‍ കാണിക്കുന്നതെന്നു തുടങ്ങി ഗദ്ഗദത്തിന്റെയോ, ദേഷ്യത്തിന്റേയോ പരിഭവത്തിന്റേയോ ഒക്കെയുള്ള വഴിയിലേക്ക് പുള്ളിക്കാരത്തി നീങ്ങാം, നീങ്ങാതിരിക്കാം. ചിലപ്പോള്‍ യാത്ര തന്നെ അവസാനിപ്പിച്ചെന്നിരിക്കും.

   

ഈ കോരിക്കളയല്‍ വൈറസ് എല്ലാരിലും എപ്പോഴും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ആള്‍ക്കാര്‍ കുറ്റപ്പെടുത്തുന്നതും കുറ്റപ്പെടുത്തല്‍ കേട്ടാല്‍ വേദന സഹിക്കാന്‍ കഴിയാതിരിക്കുന്നതും. ആ അമ്മ തന്നെ ധൃതിയില്ലാതെ കതകു തുറന്നിരുന്നെങ്കില്‍ ഒരു പക്ഷേ വാത്സല്യത്തില്‍ പൊതിഞ്ഞ കമന്റ് ചിലപ്പോള്‍ വന്നേനെ. “ഒരുത്തന്റെ റൗണ്ട് ചീപ്പ്. അമ്മോ ഇതെങ്ങാനും തറേ വീണ് ചീത്തയായാല്‍ അവനെന്നെ വച്ചേക്കില്ല. ആശാന്റെ വിചാരം ഈ റൗണ്ട് കോമ്പിലാണ് പുള്ളിയുടെ ഗ്ലാമറിരിക്കുന്നതെന്നാ.” ഏതു സമയത്തും അങ്ങിനെ കാണാവുന്നതുമാണ്. ജനല്‍പ്പടിയില്‍ ചീപ്പ് വയ്ക്കുന്ന ശീലവും നല്ലതല്ല. സംഗതി വേണമെങ്കില്‍ തറയില്‍ വീണു നശിക്കാം. മാത്രമല്ല ഓരോന്ന്‍ വയ്‌ക്കേണ്ട സ്ഥലത്ത് വയ്ക്കുക എന്ന ശീലം ഏവര്‍ക്കും ഉണ്ടാവേണ്ടതാണ്. അതൊരു അത്യാവശ്യചിട്ടയാണ്. പലപ്പോഴും ആവശ്യത്തിന് പലതും ഉണ്ടായിട്ടും ഉതകാതെ പോകുന്നത് അത്തരം ശീലം കൊണ്ടാണ്. അതുമൊരു കൊല്ലി വൈറസാണ്. അത് ശ്രദ്ധയെ കാര്‍ന്ന്‍ തിന്നുകളയും. കുട്ടികളില്‍ നിന്ന്‍ അവരറിയാതെ അനായാസമായും സൗന്ദര്യത്തോടും അതെടുത്തുകളയേണ്ടതുമാണ്. ടിയാന് ചീപ്പ് ജനല്‍പ്പടിയില്‍ വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അതു മാറ്റാം. മനോഹരമായ റൗണ്ട് ചീപ്പ് വയ്ക്കുന്നതിന് ഒരു ഫ്‌ളവര്‍ വേസുപോലുള്ള ഒരു കൗതുക വസ്തു വാങ്ങി അതിലിട്ടു കൊടുത്താല്‍ ആ കോമ്പിന്റെ ഭംഗിയും ചീപ്പിരിക്കുന്ന സ്ഥലത്തിന്റെ ഭംഗിയും വര്‍ധിക്കും. ഒന്നുമില്ലെങ്കില്‍ ഒരു സ്ഫടിക ഗ്ലാസ്സിലിട്ട് വയ്ക്കുകയാണെങ്കില്‍ അവന്‍ വന്നു കാണുമ്പോള്‍ സന്തോഷവും സ്‌നേഹവും ഉണ്ടാകും. ഒരു സ്‌നേഹസമ്മാനം പോലെയാവും അവന്‍ അതു സ്വീകരിക്കുക. മാത്രവുമല്ല തന്നെ സൂക്ഷ്മമായി തന്റെ അമ്മ ശ്രദ്ധിക്കുകയും സ്‌നേഹം പ്രവഹിപ്പിക്കുകയും ചെയ്യുന്നു എന്നറിയുമ്പോള്‍ അവന്‍ ശ്രദ്ധാലുവായിക്കഴിഞ്ഞു. അശ്രദ്ധകൊണ്ടു മാത്രമാണ് അവന്‍ ജനല്‍പ്പടിയില്‍ ചീപ്പ് വച്ചത്. അതേ അശ്രദ്ധകൊണ്ടു തന്നെയാണ് ജനല്‍പ്പാളി തുറന്നപ്പോള്‍ ആ അമ്മ അതു കാണാതിരുന്നതും. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തന്നെയാണ് കുട്ടികളിലും പ്രതിഫലിക്കുന്നത്. അവര്‍ ശ്രദ്ധക്കേടു കാട്ടുമ്പോള്‍ അതിലൂടെ വെളിവാകുന്നത് മുതിര്‍ന്നവരുടെ ശ്രദ്ധക്കുറവു തന്നെയാണ്. ധൃതി വരുമ്പോള്‍ അറിയുക ശ്രദ്ധ പടിയിറങ്ങി.

Tags