മധുരം മധുരമാണ്. മധുരത്തെ അതിൽ കൂടുതൽ വിശേഷിപ്പിക്കാനാവില്ല. അതുപോലെ തന്നെ പ്രണയവും. അനുഭവത്തിലാണ് രണ്ടിന്റെയും ആസ്വാദ്യത. ആസ്വാദനം മനുഷ്യന്റെ നൈസർഗ്ഗിക സ്വഭാവമാണ്. അതിനാൽ ഇതിന്റെ രണ്ടിന്റെയും ആസ്വാദനം കൂടുതലാണ്. അതുകൊണ്ട് മധുരത്തിന്റെ ആസ്വാദനം മധുമേഹം അഥവാ പ്രമേഹത്തിലും പ്രണയങ്ങൾ ചിലപ്പോൾ വിവാഹമോചനങ്ങളിലും പ്രണയനൈരാശ്യങ്ങളിലും അനവസര പ്രണയങ്ങളിലുമൊക്കെ കലാശിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ പ്രണയത്തിലേർപ്പെടാനും മറ്റും അവസരം കൂടുതലായതിനാൽ ഇപ്പോൾ കണ്ണും കാതും മൂക്കുമൊന്നുമില്ലാതെ കുഞ്ഞുകുട്ടികൾ മുതൽ കൊച്ചുമക്കളും അവരുടെ മക്കളുമുള്ള അപ്പൂപ്പന്മാരും അമ്മൂമ്മമാരും വരെ പ്രണയത്തിലകപ്പെടുന്നു. ഒളിച്ചോടുന്നു. മാധ്യമങ്ങൾ ഇത്തരം വാർത്തകളെ ജനത്തിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.
അപ്പൂപ്പമാരുടെയും അമ്മൂമ്മമാരുടെയും കാര്യത്തിൽ ആരും വേവലാതിപ്പെടാനില്ല. എന്നാൽ ചുറ്റുമുള്ള യാഥാർഥ്യങ്ങളുടെയും വാർത്തകളുടെയും പശ്ചാത്തലത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ആശങ്കാകുലരാണ്. ആശങ്ക വരുന്നതു തന്നെ ഉറപ്പില്ലാത്ത മനസ്സുകൾക്കാണ്. അതിനാൽ അവരുടെ കുട്ടികൾക്കും സ്വാഭാവികമായി ആ ഗുണം ഉണ്ടാകും. വ്യക്തതയില്ലാതെ വരുന്ന അവസ്ഥയിൽ അരികും മൂലയും കണ്ട് കൽപ്പിച്ചു കൂട്ടി അതിന്റെ വെളിച്ചത്തിൽ ഭാവിയെ പേടിയോടെ നോക്കുമ്പോൾ മനസ്സിനുണ്ടാകുന്ന പിടച്ചിലിനാണ് ആശങ്ക എന്നു പറയുന്നത്. ഈ അവ്യക്തതയിലും തുടർന്നുള്ള ആശങ്കയിലും സംശയം ജനിക്കും. സംശയം വ്യക്തികൾ തമ്മിൽ സുതാര്യതയ്ക്ക് പകരം മറകൾ സൃഷ്ടിക്കും. മറകൾ എന്നാൽ രഹസ്യം. ഈ രഹസ്യത്തിൽ രക്ഷിതാക്കളും കുട്ടികളും തമ്മിൽ പരസ്പരം കള്ളനും പോലീസും കളി തുടങ്ങിയെന്നിരിക്കും.
രഹസ്യം സൃഷ്ടിക്കുന്ന അകലം കുട്ടികളെ രക്ഷിതാക്കളിൽ നിന്നകറ്റുന്നു. പോരാത്തതിന് അടുത്തു കിട്ടുന്ന സമയമെല്ലാം രക്ഷിതാക്കൾ തങ്ങളുടെ ആശങ്ക ഉപദേശ രൂപത്തിൽ കുട്ടികളുടെ മേൽ ചൊരിയും. നൽകുന്ന ഉപദേശങ്ങളിൽ ഒന്നെങ്കിലും അവർ സ്വന്തം ജീവിതത്തിലൂടെ കുട്ടികളുടെ മുന്നിൽ പ്രകടമാക്കുമോ എന്നു ചോദിച്ചാൽ അതൊക്കെ അപ്രായോഗികം, അപ്രസക്തം എന്നൊക്കെയാകും മറുപടി. അതിനുപരി അവർ തങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ രഹസ്യങ്ങൾ പുലർത്തുന്നതായും കുട്ടികൾ കാണുന്നു. കുട്ടികളും അതിനാൽ രക്ഷിതാക്കളുടെ രഹസ്യ പാത പിന്തുടരുന്നു.
കൗമാരത്തിലേക്കു കടക്കുന്ന കുട്ടികൾ ഡിജിറ്റൽ യുഗത്തിൽ കൽപ്പിത ലോകത്തിലൂടെ അനന്തമായ രഹസ്യ ലോകത്തിന്റെ മാസ്മരിക സാധ്യതകളിൽ മുഴുകുന്നു. അല്ലെങ്കിൽ തന്നെ കൗമാര പ്രായം അറിയപ്പെടുന്നത് താൽക്കാലിക ഭ്രാന്തിന്റേത് എന്നാണ്. ഈ സന്ദർഭത്തിലാണ് രക്ഷിതാക്കളുടെ രഹസ്യമില്ലാത്ത ലോകത്തിന്റെ ആവശ്യകത കുട്ടികൾക്ക് വേണ്ടി വരുന്നത്. ഡിജിറ്റൽ യുഗം തുറന്നു വയ്ക്കുന്ന സുതാര്യതയിൽ സമ്പർക്ക സംസ്കാരവും സുതാര്യമാകണം. ലൈംഗികത തുടങ്ങി വൈകാരിക വിഷയങ്ങളുമെല്ലാം കുട്ടികൾക്ക് രക്ഷിതാക്കളുമായി മറയില്ലാതെ ചർച്ച ചെയ്യാൻ അവസരമുണ്ടാകണം. അതിന് ചില അടിസ്ഥാന വിഷയങ്ങളിലും മാറുന്ന ലോകത്തെ കുറിച്ചും അവശ്യം ധാരണകൾ രക്ഷിതാക്കൾക്കുമുണ്ടാകണം. എങ്കിൽ മാത്രമേ ജിജ്ഞാസ ഈ സുതാര്യ ലോകത്തിൽ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയുകയുള്ളു. ആ ജിജ്ഞാസയെ കൗമാരത്തിന്റെ തേരിൽ കെട്ടുമ്പോൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു കുതിപ്പു കുതിക്കും. ആ കുതിപ്പായിരിക്കും ആ കുട്ടിയുടെ വഴി നിർണ്ണയിക്കുക. കാരണം കൃത്യമായ ലക്ഷ്യത്തോടെയായിരിക്കും കുതിപ്പ്. ലക്ഷ്യമില്ലാതെ കുതിക്കുന്ന കുതിര കുതിരക്ക് തോന്നുന്ന വഴിയേ പോകും. അപ്പോഴാണ് പ്രണയവും അപകടമാകുന്നത്. എന്നാൽ ലക്ഷ്യത്തോടെ പായുന്ന കൗമാരം പ്രണയത്തിലായാലും അത് അപകടമാകില്ല. മിക്കവാറും അലങ്കാരമായെന്നുമിരിക്കും.
ചുരുക്കത്തിൽ, രക്ഷിതാക്കൾ കുട്ടികളുടെ ഗതിനിർണ്ണയത്തിൽ മുഖ്യപങ്കു വഹിക്കുന്നു. ആ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് വർത്തമാന കാലത്തേയും മൊബൈൽ ഫോണിനേയുമൊക്കെ പഴി പറയുകയും വേവലാതിയിലും ആവലാതിയിലും സീരിയലിലുമൊക്കെ അകപ്പെട്ടു പോകുന്നതും. അത്തരം മനസ്സുകളുടെ ഉടമകള്‍ അമിതലാഭക്കൊതിയുള്ള കമ്പോളത്തിന്റെ സാധ്യതയാണ്. അതിലൊരുദാഹരണമാണ് കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയിൽ പ്രത്യക്ഷമായ പരസ്യ ബോർഡ് - മക്കളുടെ പക്വതയില്ലാത്ത പ്രണയദോഷം പരിഹരിക്കാൻ താന്ത്രിക ജ്യോതിഷം - നഗര യാത്രക്കിടയിൽ ഈ ബോർഡ് ചിരിക്കു വക നൽകുന്നുണ്ടെങ്കിലും തന്ത്രജ്യോതിഷിക്ക് നല്ല കൊയ്ത്താണെന്നാണ് അറിയുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളാണ് ഈ ജ്യോതിഷിയുടെ തന്ത്രത്തിൽ പെടുന്നത്.
ഈ തന്ത്ര ജ്യോതിഷം പ്രണയത്തിനെതിരല്ല. പക്വതയില്ലാത്ത പ്രണയത്തിൽ പെടാതിരിക്കാനും പക്വതയുള്ള പ്രണയത്തിലാകാനുമെന്ന ഉപാധി പരസ്യ വാചകത്തിലുണ്ട്. അതിനാൽ പ്രണയം സംഭവിച്ചാലും അത് ഏതു രീതിയിലുള്ളതായാലും തന്ത്ര ജ്യോതിഷിക്ക് പ്രശ്നമില്ല. തന്ത്ര ജ്യോതിഷത്തിനെ ആർക്കും കുറ്റം പറയാനും കഴിയില്ല. കെണിയിൽ പെടുന്ന പ്രണയമായാലും തന്ത്ര ജ്യോതിഷം ചെയ്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പക്വമായ പ്രണയത്തിലായിക്കൊളളും ഏർപ്പെട്ടിരിക്കുക എന്നു കരുതിക്കൊള്ളും. അതും തന്ത്ര ജ്യോതിഷിയുടെ കമ്പോളവികാസത്തിനു സഹായകമാകും.