Skip to main content

 

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ്. പക്ഷെ പുറത്തെ മഴയെക്കാള്‍ ഭീകരമായ ഇടിവെട്ടും പേമാരിയും വീടിന്റെ ഉള്ളിലാണ്! നായകന്‍ അവസാനത്തെ അടവായ ഇറങ്ങിപ്പോക്ക് നടത്തിയിരിക്കുന്നു! എത്ര കടുത്ത വഴക്കാനെങ്കിലും മഴ നനയുന്നത് പ്രായോഗികമല്ലെന്ന ബോധം വെളിച്ചപ്പെട്ടതുകൊണ്ട് ഇറങ്ങിപ്പോക്ക് ഉമ്മറം വരെയെന്നു തീര്‍പ്പുണ്ടായി. ഇപ്പോള്‍ സ്കോര്‍ നില ഒന്ന്-പൂജ്യം! എന്തെങ്കിലും ഉടനടി ചെയ്തില്ലെങ്കില്‍... കുറഞ്ഞ പക്ഷം ഒരു സമാസമം എങ്കിലുമായില്ലെങ്കില്‍...

 

എന്തും ഏതു നിമിഷവും നടക്കുമെന്ന അവസ്ഥയാണ്. എന്റെ സ്കോര്‍ നില മെച്ചപ്പെടുത്താന്‍ എന്താ ഒരു വഴി?! ഞാന്‍ എണ്ണയിലെ  പപ്പടത്തിന്റെ കൂടെ അടുക്കളയിലിരുന്നു നീറിപ്പുകഞ്ഞ് ചിന്തിച്ചു.

 

അല്ല... അവനെവിടെ? ഒന്നര വയസ്സേയുള്ളൂ... പറഞ്ഞിട്ടെന്താ കാര്യം... വീട്ടിലെ സര്‍വ ബഹളങ്ങള്‍ക്കും തിരികൊളുത്തിയത് അവന്‍ ഒറ്റ ഒരുത്തനാ...

 

***

ഇന്നാളൊരു ദിവസം ഞങ്ങള്‍ മൂവര്‍ സംഘം ഇരുചക്ര ശകടത്തില്‍ നഗരത്തിലൂടെ റോന്തു ചുറ്റുകയായിരുന്നു. രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാവും. വണ്ടി ഓടിക്കുന്നതില്‍ ഒരു കല്പിത സര്‍വകലാശാലയായി സ്വയം പ്രഖ്യാപിച്ച നായകന് കുറച്ചധികം നേരമായി പുറകെ വന്നു ഹോണടിച്ചു ധൃതി പിടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ഭീമന്‍ നാല്ച്ചക്ര വണ്ടിയോട് അമര്‍ഷം സഹിക്ക വയ്യ. പോരാത്തതിന് വണ്ടിക്ക്  തമിഴ്‌നാട്‌ നമ്പരും. പോരേ പൂരം! ഉള്ളില്‍ ചങ്ങലക്കിട്ട മലയാളി വെറി കണ്ണി പൊട്ടിച്ച് ആ വണ്ടിയെ വിഴുങ്ങാന്‍ ചാടുമെന്നായി. രാത്രി ഹോണടിച്ച് ബഹളമുണ്ടാക്കരുതെന്നു നിയമം ഉള്ളതറിയില്ലേയെന്നായി നായകന്‍. പതുക്കെ ആ വണ്ടിയെ മറികടന്നു, കൈ കൊണ്ട് “ഇതെന്നതാടാ ഊവേ?” എന്ന് തനി കോട്ടയം സ്റ്റൈലില്‍ ചെറുതായൊന്നു ആംഗ്യം കാണിച്ചു.

 

അടുത്തൊരു സിഗ്നല്‍ എത്തിയതും ആ ഭീമന്‍ വണ്ടി ഞങ്ങളുടെ പാവം ശകടത്തിനെ ഒരു രജിനി സ്റ്റൈല്‍ തടയല്‍! വണ്ടിയുടെ പിറകിലെ ചില്ലില്‍ ഒരു വക്കീല്‍ കുപ്പായത്തിന്റെ കുഞ്ഞു ചിഹ്നം തിളങ്ങി. ഗ്ലാസ് പതുക്കെ താഴ്ന്നതും തമിഴ് കലര്‍ന്ന മലയാളത്തില്‍ നായകന്റെ നേരെ ആ ഡ്രൈവര്‍ രണ്ടു ചാട്ടം. പിന്നീട് മൂന്നു മിനിറ്റ് അന്തരീക്ഷത്തില്‍ കോടതിയും പോലീസും നിയമ വശങ്ങളും എന്ന് വേണ്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് വരെ വിഷയങ്ങളായി! ഇതിനിടയില്‍ ആ വണ്ടിക്കുള്ളില്‍ നിന്ന് ഒരു സ്ത്രീശബ്ദം എന്റെ കാതില്‍ വീണു. നായകനെ അഭിസംബോധന ചെയ്ത് ഒരു പാവം മൃഗത്തിന്‍റെ പേര് വിളിച്ചിരിക്കുന്നു! എരിതീയില്‍ എണ്ണയായേക്കാവുന്ന ആ വിളി നായകന്‍ കേട്ടില്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ തത്രപ്പെട്ടു തര്‍ക്കം മതിയാക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവം തെല്ലൊന്നു ഒതുങ്ങി വരുന്നുണ്ട്.

 

എന്റെ മടിയിലിരുന്ന കുഞ്ഞു മിടുക്കന്‍ ഇത്ര നേരവും എന്താ സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കാതെ അപ്പുറത്തെ വണ്ടിയുടെ ചക്രം നോക്കിയിരിക്കുകയായിരുന്നു. ആ സ്ത്രീശബ്ദം കേട്ടതും... തന്‍റെ പരിധിയില്‍പെട്ട ഒരു വാക്ക് കേട്ടതിന്റെ സന്തോഷം അവന്‍ മറച്ചു വെച്ചില്ല. ആശയം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ അവനതു ഉറക്കെ അലറി...

“അച്ഛന്‍ ബോ ബോ... അച്ഛന്‍ ബോ ബോ...”

ഞാന്‍ ഞെട്ടി! നായകനും...

 

ഞെട്ടലിന്‍റെ നിശബ്ദതയില്‍ ആ സ്ത്രീശബ്ദം നായകന്‍റെ കാതില്‍ വീണു. സംഗതി പിടികിട്ടിയതും പിന്നീടുള്ള സംഭവങ്ങളെല്ലാം പിടുത്തം വിട്ടുവെന്നു പറയേണ്ടതില്ലലോ. ഒടുക്കം ഒരു മലയാളിയെ സ്വന്തം നാട്ടില്‍ വെച്ച് അധിക്ഷേപിക്കാന്‍ ധൈര്യപ്പെട്ട ആ തമിഴനെ നാട്ടുകാരും കൂടി സഹകരിച്ചു ഓടിച്ചു വിട്ടു! പാഴായത്..മണിക്കൂര്‍ ഒന്ന്... ചെറുതാണെങ്കിലും അവന്റെ തക്ക സമയത്തെ ഇടപെടല്‍ കാരണം സംഗതി ശുഭം!

 

***

വീട്ടില്‍ എത്ര പേരുണ്ടോ, അവരോടൊക്കെ എപ്പോള്‍, എങ്ങിനെ നില്‍ക്കണമെന്ന് ഈ കുഞ്ഞു വിരുതനെ കണ്ടു പഠിക്കണം. നാടറിഞ്ഞ കര്‍ക്കശക്കാരനായ മുത്തശ്ശനെ അവന്‍ വിരല്‍തുമ്പില്‍ നിര്‍ത്തും. ആ തന്റേടം നാളിത് വരെ ആരും കാണിച്ചിട്ടില്ല താനും! എത്ര കടുത്ത വൈരാഗ്യം മനസ്സില്‍ വച്ച് നോക്കിയാലും ഒറ്റ ചിരികൊണ്ട് മനുഷ്യരെ മയക്കുന്ന വിദ്യയും ആശാന്‍റെ കൈയ്യിലുണ്ട്‌.  അര്‍ഥം അറിയില്ലെങ്കിലും, ചില പാട്ടുകള്‍ കേട്ടാല്‍ ആശാന്‍ കരയും! പാട്ട് മോശമാണെങ്കിലും താളം കേമാമായാല്‍ സംഗതി ഉഷാര്‍!

 

***

എന്തായാലും ഞാന്‍ നോക്കുമ്പോള്‍ വീടിന്‍റെ പുറകിലും മുന്‍പിലും മഴയുണ്ടോ എന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു ഉറപ്പു വരുത്തുകയാണ് അവന്‍. പൊതുവെ ശാന്തമായ ഗൃഹാന്തരീക്ഷം ശകലം കലുഷിതമായത് മൂപ്പര്‍ക്കും മനസ്സിലായ മട്ടുണ്ട്. ഓട്ടം നിര്‍ത്തി അവന്‍ എന്റെ മുന്നില്‍ വന്നു നിന്നു. സംഗതി വഷളാണെന്ന് എന്‍റെ മുഖഭാവം പറഞ്ഞിട്ടുണ്ടാവണം.

 

ഇനി ചിന്തിക്കാന്‍ സമയമില്ല! ഞാന്‍ എന്റെ സ്ത്രീശക്തി പൊടി തട്ടിയെടുത്തു. ഉള്ളില്‍ തട്ടി പറയണമെന്നില്ല. പൊതുവേ സ്നേഹനിധിയായ ഭര്‍ത്താവ് ആ വരിയില്‍ വീഴേണ്ടതാണ്. കേട്ടാല്‍ എല്ലാം മറന്നു വന്നു എന്നെ ആശ്വസിപ്പിക്കും. അതാണ്‌ ശുഭാന്ത്യം!

 

ഒരു കണ്ണില്‍ കൈയിട്ടു കുത്തി വെള്ളം വരുത്തി... ചെറുതായൊന്നു ഇടറിയ ശബ്ദത്തില്‍ വേണം ക്ലൈമാക്സ്‌ ഡയലോഗ് പറയാന്‍... എല്ലാം തയ്യാര്‍...

 

ഞാന്‍ സര്‍വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. സ്കോര്‍ എനിക്ക് വീഴണേ!

  

“ഞാനല്ലേ ശല്യം? ആരും പോവണ്ട... ഞാന്‍ പൊയ്ക്കോളാം...”

 

പറഞ്ഞു....വേണ്ടപോലെ പറഞ്ഞു...

നിശബ്ദത.....

 

ഉമ്മറത്ത്‌ നിന്നു അനക്കമില്ല. എന്‍റെ വായില്‍ നിന്നു വീഴുന്നത് എന്ത് തന്നെയായാലും അത് അക്ഷരംപ്രതി റെക്കോര്‍ഡ്‌ ചെയ്യാന്‍ തയ്യാറായി അപ്പോഴും ഒരാള്‍ എന്‍റെ മുന്നില്‍ മേല്‍പോട്ടു നോക്കി നില്‍പ്പുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഡയലോഗ് പറഞ്ഞു തീര്‍ത്തതും... ഒരു നിമിഷം കഴിഞ്ഞപ്പോള്‍ അവനീപ്രകാരം അരുളി....

 

“അമ്മ ടാ ടാ.....അമ്മ ടാ ടാ....”

 

ഞാന്‍ ഞെട്ടി! ഇപ്രാവശ്യം അവന്‍ പറഞ്ഞത് കേട്ടിട്ടല്ല... ആ മുഖത്തെ സന്തോഷവും... വിജയശ്രീലാളിതനായി നില്‍കുന്ന നായകന്‍റെ കയ്യിലേക്ക് അവന്‍ തുള്ളിച്ചാടി ഓടി  കയറിയതും കണ്ടിട്ട്...

 

സ്കോര്‍ ബോര്‍ഡില്‍ നായകന്‍റെ ഭാഗത്തെ അക്കങ്ങള്‍ എവിടെ ചെന്ന് നില്‍ക്കണമെന്നറിയാതെ മിന്നിക്കൊണ്ട് മുന്നേറി....

 

മറ്റൊരു മാലപ്പടക്കത്തിനു തിരി തെളിഞ്ഞിരിക്കുന്നു..

 

ശുഭം!   


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

Tags