Skip to main content

kid and computer

 

കമ്പ്യൂട്ടറിന്റെ മുന്നിൽ കിട്ടുന്ന സമയമെല്ലാം ചെലവഴിക്കുന്ന രണ്ടാം ക്ലാസ്സുകാരൻ. ഇയാളുടെ അച്ഛൻ വീട്ടിലെത്താൻ രാത്രി എട്ടുമണിയെങ്കിലുമാകും. അധികം താമസിയാതെ ഉറങ്ങുകയും ചെയ്യും. അച്ഛനെത്തിക്കഴിഞ്ഞാൽ ഇയാളുടെ വിനോദം അച്ഛനെ ഉപദ്രവിക്കുക എന്നതാണ്. ഉപദ്രവം എന്നു പറഞ്ഞാൽ ഒന്നാന്തരം മർദ്ദനം. അതും മുഖത്തുൾപ്പടെ. അച്ഛനാകട്ടെ ഈ മർദ്ദനമെല്ലാം നന്നായി സഹിക്കും. വഴക്കുപോലും പറയാതെ. അതുകാണുമ്പോൾ അച്ഛന്റെ അച്ഛനും അമ്മയ്ക്കും വിഷമമാകും. അവർ മകനോടു പറയും, കുട്ടിക്ക് നല്ല അടി കൊടുക്കാൻ. അടി കൊടുത്താൽ ഇത്തരം സ്വഭാവം ആവർത്തിക്കില്ലെന്നതാണ് വിദ്യാസമ്പന്നരും വലിയ ഉദ്യോഗം വഹിച്ചിരുന്നവരുമായ അവർ മകനെ ഉപദേശിക്കുക. കുട്ടിയുടെ അമ്മയ്ക്കാണെങ്കിൽ മകൻ പഠിക്കാത്തതിൽ ആവലാതിയും. അവർ എത്ര പറഞ്ഞാലും കുട്ടി കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നു മാറുകയില്ല. ഒടുവിൽ മകന്റെ പഠിത്തം ശരിയാക്കുന്നതിന്റെ ഭാഗമായി സ്കൂളുള്ള ദിവസങ്ങളിൽ കമ്പ്യൂട്ടർ അവന് നിഷേധിക്കപ്പെട്ടു. ആഴ്ചയിൽ രണ്ടു ദിവസം അതായത് ശനിയും ഞായറും അവന് ഔദാര്യമായി കമ്പ്യൂട്ടർ നൽകുകയും ചെയ്യും. അതിനിടയിൽ  ഒരു കാരണവാശാലും അതവനു കൊടുക്കാതെയായി. ഇടയ്‌ക്കൊന്നു കിട്ടുന്നതിനായി അവൻ ആവുന്ന വിധമൊക്കെ ശ്രമിച്ചുനോക്കി. പക്ഷേ പരാജയപ്പെട്ടു.

 

വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ ഗൃഹപാഠം ചെയ്യാനും പഠിക്കാനുമൊക്കെ അവന്റെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആവന്നതു പറയും. പക്ഷേ, പലപ്പോഴും കേൾക്കില്ല. അവരാൽ കഴിയുന്ന വിധം അപ്പോൾ അവനെ വഴക്കു പറയുകയും അത്യാവശ്യം ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യും. അങ്ങിനെയാണ് അവൻ തന്റെ അച്ഛന്റെ വരവും കാത്ത് ഉറങ്ങാതിരിക്കുന്നത്. അച്ഛൻ വന്നു കഴിഞ്ഞാൽ അതുവരെ നിവൃത്തിയില്ലാതെ അടക്കിനിർത്തിയിരുന്ന വികാരങ്ങൾ മുഴുവൻ അച്ഛന്റെ മേൽ പ്രയോഗിച്ചതിനു ശേഷമാണ് പോയിക്കിടന്ന് ഉറങ്ങുന്നത്. ഗൃഹപാഠം വേണ്ടവിധം ചെയ്യാത്തതിനാലും പഠിക്കാത്തതിനാലും സ്കൂളിൽ അധ്യാപകരുടെ ഭാഗത്തുനിന്നും സ്നേഹമയമായ പെരുമാറ്റം അവനു കിട്ടാനിടയില്ല. എട്ടു വയസ്സെത്തുന്നതിനു മുൻപ് അവൻ ഈ ലോകം മഹാദുരിതപൂർണ്ണവും ദയയില്ലാത്തതുമാണെന്ന് മനസ്സിലാക്കുന്നു. അതിനോടൊപ്പം അവൻ ഒറ്റപ്പെട്ടവനായി സ്വയം അറിയുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ശകാരത്തിൽ നിന്നും കുറ്റപ്പെടുത്തലിൽ നിന്നും രക്ഷപ്പെടാനായി വീട്ടിനുള്ളിൽ അവൻ കണ്ടെത്തിയ സുഹൃത്താണ് കമ്പ്യൂട്ടർ. തന്റെ ഇഷ്ടപ്രകാരം ചോദിക്കുന്നതെല്ലാം ഒരു എതിർപ്പുമില്ലാതെ കമ്പ്യൂട്ടർ തരുന്നു. രസകരവും ഊർജദായകവുമായ കളികൾ. മനസ്സിന് ഉല്ലാസത്തിന് ഇതിനപ്പുറമെന്തുവേണം. വീട്ടിലുള്ള സമയം മുഴുവൻ അതിന്റെ മുമ്പിൽ നിന്ന് മാറാൻ തയ്യാറാകുന്നില്ല എന്നുവെച്ചാൽ അവന് സ്നേഹവും സന്തോഷവും ലഭിക്കാതെ ഒരു നിമിഷവും ചെലവഴിക്കാൻ കഴിയുന്നില്ല എന്നാണ്. എട്ടുവയസ്സുകാരന്റെ ലോകത്തിൽ സന്തോഷവും സ്നേഹമനുഭവിക്കലുമല്ലാതെ വലിയ കാര്യങ്ങളൊന്നും ചിന്തയിൽ വരില്ല. വരേണ്ട കാര്യവുമില്ല. മുതിർന്നവർ അവനുവേണ്ടി ഭാവിയിലേക്കു കാണുന്ന ലോകമൊന്നും അവനറിഞ്ഞുകൂടാ. അവനെ സംബന്ധിച്ച് സ്നേഹവും സന്തോഷവും വേണം. അതു മാത്രം മതി. സ്നേഹവും സന്തോഷവും എന്ന രണ്ടു വാക്കിന്റെ പ്രയോഗം തന്നെ ശരിയല്ല. ഏതെങ്കിലുമൊന്നുമതി. അവനെ സംബന്ധിച്ചിടത്തോളം സന്തോഷം. സന്തോഷത്തെയാണ് ആ കുട്ടി സ്നേഹമായി അറിയുന്നതും. അവന്റെ അമ്മയിൽ നിന്നും മുത്തച്ഛൻ, മുത്തശ്ശി എന്നിവരിൽ നിന്നും സന്തോഷം കിട്ടുന്നില്ല. അവർ ശകാരത്തിന്റെ പ്രതീകങ്ങളാണ്. അവൻ സന്തോഷം കണ്ടെത്തിയത് കമ്പ്യൂട്ടറിൽ. അതും ഇപ്പോൾ വിലക്കപ്പെട്ടിരിക്കുന്നു. അവൻ കണ്ടെത്തിയ സന്തോഷത്തിന്റെ വഴിയടച്ചതാകട്ടെ അച്ഛനും. വീടും സ്കൂളുമാണ് അവന്റെ ലോകം. അവിടെ രണ്ടിടത്തുനിന്നും അവൻ സന്തോഷം അനുഭവിക്കുന്നില്ല. അത് അവനിൽ നിമിഷംപ്രതി വൻ മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അനുനിമിഷം അവന്റെ ഉറ്റവർ ആ മുറിവുകളുടെ എണ്ണം കൂട്ടുകയും ഉള്ളവയുടെ ആഴം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല. ആകെയുള്ള മാർഗ്ഗം തിരിച്ചടിക്കാത്ത അച്ഛൻ. അതിനാൽ അവൻ കരുതുന്നു അച്ഛനെ തനിക്ക് മതിയാവോളം മർദ്ദിച്ചാൽ സുഖം കിട്ടും അഥവാ മുറിവുകൾക്ക് ശമനം കിട്ടുമെന്ന്. കുഞ്ഞുങ്ങളും മുതിർന്നവരും സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത് വേദനയിൽ നിന്നും മോചിതമായി സുഖം അനുഭവിക്കാൻ വേണ്ടിയാണ്. തന്റെ കുഞ്ഞിനെ അടിച്ചാൽ അവന് വേദനിക്കുമെന്നും അവന്റെ വേദന തനിക്ക് താങ്ങാനാകാത്ത വേദനയാകുമെന്ന അറിവുള്ളതുകൊണ്ടാണ് അസഹനീയമായ വിധമാണ് അവന്റെ ഉപദ്രവമെങ്കിലും അവന്റെ അച്ഛൻ അതു സഹിക്കുന്നത്. അവന്റെ അമ്മയും മുത്തശ്ശിയും മുത്തച്ഛനുമെല്ലാം തമ്മിലുള്ള പെരുമാറ്റം എങ്ങിനെയാകുമെന്നും ഏതാണ്ട് അവരുടെ ശകാരസ്വഭാവത്തിൽ നിന്നു ഊഹിക്കാവുന്നതുമാണ്. അതിന്റെ ഇരയും കൂടിയാകും ഈ കുട്ടി.

 

അവൻ തനിക്കുണ്ടാകുന്ന വേദനയിൽ നിന്ന് കരകയറാൻ കണ്ടെത്തിയിരിക്കുന്ന പതിവ് വിദ്യയാണ് അച്ഛനെ ഉപദ്രവിക്കുക എന്നത്. കുറേക്കഴിയുമ്പോൾ വേദനയിൽ നിന്ന് രക്ഷപ്പെടാനായി മറ്റുള്ളവരെ നോവിക്കുക എന്ന തത്വം അവന്റെ കോശസ്മൃതികളിലേക്ക് വിന്യസിക്കപ്പെടും. കുറച്ചുകൂടി മുതിരുമ്പോൾ ഈ സ്വഭാവത്തിൽ മാറ്റം വന്നേക്കാം. എന്നിരുന്നാലും അവനറിയാതെ അവന്റെ ഉപബോധമനസ്സിൽ കുഞ്ഞിലേ കുറിച്ചിട്ടിരിക്കുന്നത് തന്റെ അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം തന്റെ സന്തോഷം കെടുത്തിയവരും എതിരുനിൽക്കുന്നവരുമാണെന്ന്. മുതിരുമ്പോഴും ആ തോന്നലായിരിക്കും അവന്റെ സ്വഭാവത്തെ നിർണ്ണയിക്കുക. നല്ല കാര്യം പറഞ്ഞാൽ പോലും അവൻ അത് നിഷേധിച്ചെന്നിരിക്കും. കാരണം അവർ പറയുന്നതെന്തും തന്റെ സന്തോഷം കെടുത്തുന്നതിലേ കലാശിക്കൂ എന്നവനുള്ളിലറിയുന്നു. അതിനാൽ അവൻ മുതിരുമ്പോൾ വിപരീതാത്മകത അവന്റെ സ്വഭാവവിശേഷമായി മാറുന്നു. യുവാവാകുമ്പോൾ അത് പലവിധത്തിൽ അവനിൽ പ്രത്യക്ഷമാകും. ചിലപ്പോൾ ആക്ടിവിസ്റ്റ്. അല്ലെങ്കിൽ എന്തിനോടും എതിർപ്പ് കാണിക്കുന്നവൻ. നാളെ അവന് ആരാണോ അംഗീകാരവും സന്തോഷവും ചെറിയ രീതിയിലെങ്കിലും വച്ചുനീട്ടുന്നത് അവിടേക്ക് അവൻ അടിമയെപ്പോലെ ചാഞ്ഞെന്നുമിരിക്കും. സ്വന്തം അച്ഛനോടും അമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊന്നും സ്നേഹം മനസ്സിന്റെ അടിത്തട്ടിൽ നൈസർഗ്ഗികമെന്നോണം ഇല്ലാത്ത വ്യക്തി അയാൾക്കും സമൂഹത്തിനും ആപത്താണ്. വിദ്യാഭാസം കൊണ്ട് ഇയാൾ ചിലപ്പോൾ ഏത് നിലയിലെത്തിയാലും തീരുമാനങ്ങളെടുക്കുമ്പോൾ അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലേക്ക് കടക്കാൻ കഴിഞ്ഞെന്നിരിക്കില്ല. അവന്റെ വൈകാരികതലം മുഴുവൻ കലങ്ങിമറിഞ്ഞുപോകും. അതവന്റെ ബന്ധങ്ങളേയും അവതാളത്തിലാക്കും.

 

ഇവിടെ അവന്റെ ഈ ഏഴാം വയസ്സിൽ അച്ഛൻ അൽപ്പം വിചാരിച്ചാൽ വൻ ദുരന്തത്തിൽ നിന്നും അവനെ കുറച്ചെങ്കിലും രക്ഷപ്പെടുത്താനായെന്നിരിക്കും. അസാധ്യ ഊർജ്ജമുള്ളവനാണ് ഈ കുട്ടി. ആ ഊർജ്ജത്തെയാണ് അവൻ അച്ഛൻ വരുമ്പോൾ അദ്ദേഹത്തിന്റെ നേർക്ക് തുറന്നുവിടുന്നത്. ഈ ഊർജ്ജത്തെ എങ്ങിനെ സർഗ്ഗാത്മകമാക്കിമാറ്റാം എന്നുള്ളതാണ് വെല്ലുവിളി. കമ്പ്യൂട്ടർ അവന് യഥേഷ്ടം വിട്ടുകൊടുത്തുകൊണ്ട് അവന്റെ കൂടെ കളിച്ചും ബോധപൂർവ്വം സമയം ചെലവഴിക്കുകയാണെങ്കിൽ അവൻ സന്തോഷത്തിന്റെ മറ്റുലോകങ്ങളുമായി പരിചയപ്പെടും. ആ കളിക്കിടയിൽ അവനിൽ വിശ്വാസ്യതയുണ്ടാക്കാൻ കഴിഞ്ഞാൽ ക്രമേണ അച്ഛൻ പറയുന്നത് അവൻ കേൾക്കാൻ തുടങ്ങും. അവന്റെ കൂടെ സന്തോഷത്തോടെ കമ്പ്യൂട്ടർ പെരുമാറ്റത്തിലും പങ്കെടുക്കണം. കുറച്ചുകഴിയുമ്പോൾ അവൻ അച്ഛനെ ഉപദ്രവിക്കുന്നതിൽ നിന്നു മാറുമമെന്നു മാത്രമല്ല, അച്ഛന് വിഷമമുണ്ടാവുമെന്നു തോന്നുന്ന കാര്യങ്ങളിൽ നിന്ന് സ്വമേധയാ പിന്മാറുകയും ചെയ്യും. ഇപ്പോൾ അച്ഛൻ വീട്ടിൽ നിൽക്കുന്ന ഞായറാഴ്ച പോലും അച്ഛനോടൊപ്പം ചെലവഴിക്കുന്നില്ല. കാരണം അവന് കമ്പ്യൂട്ടർ കിട്ടുന്ന രണ്ടുദിവസങ്ങളിലൊന്നാണ് ഞായർ. കമ്പ്യൂട്ടറിൽ എന്തെല്ലാമാണ് അവൻ ചെയ്യുന്നതിനെക്കുറിച്ച് അച്ഛന് വലിയ മതിപ്പാണ്. പലപ്പോഴും കമ്പ്യൂട്ടർ എഞ്ചിനീയറായ അച്ഛൻ പോലും വിസ്മയിച്ചു പോകാറുണ്ട്. അതു സ്വാഭാവികം. കാരണം അവനെ സംബന്ധിച്ചിടത്തോളം അവനെ പരിഭവങ്ങളില്ലാതെ മനസ്സിലാക്കുന്നത് കമ്പ്യൂട്ടർ. അതിനാൽ അവൻ കമ്പ്യൂട്ടറിനേയും മനസ്സിലാക്കുന്നു. ചുരുങ്ങിയപക്ഷം ഒരു കാൽ കമ്പ്യൂട്ടറിന്റെ അവസ്ഥയിലേക്കെങ്കിലും അവന്റെ അച്ഛനോ വേണ്ടപ്പെട്ടവരോ മാറിയാൽ സമൂഹത്തിനു ലഭിക്കുക നല്ല ഒരു വ്യക്തിയേയായിരിക്കും.

Tags