“ഈ ടീനേജ് പെമ്പിള്ളാരെ ഉണ്ടല്ലോ, എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അവളുമാരെ കാണുമ്പോള്‍ തന്നെ ചൊറിഞ്ഞുവരും. നന്ദിയും സ്നേഹവും ബോധവുമില്ലാത്ത വര്‍ഗ്ഗം.”
പറയുന്നയാള്‍ ഒരു സൈക്കോളജിസ്റ്റാണ്. പോരെങ്കില്‍ 62-കാരിയും. 35 വര്‍ഷമായി ഈ രംഗത്തുള്ളയാള്‍. ഇരുട്ടു വെളുക്കെ കൗണ്‍സലിങ്ങ് സെഷന്‍സ് നടത്തി ഇന്നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ നേര്‍വഴി നടത്താന്‍ കരാറെടുത്തിരിക്കുന്ന കക്ഷിയാണ്, ആയമ്മയെ ചികിത്സിക്കാന്‍ വേറെ ആളെ വെയ്ക്കണമെന്ന നിലയില്‍ നില്‍ക്കുന്നത്. തലേദിവസം കൗണ്‍സലിങ്ങിനു വന്ന 17-കാരിയാണ് അവരെ സൈക്കോളജിസ്റ്റിന്റെ നിര്‍വ്വാണാവസ്ഥയില്‍ നിന്ന് സാധാരണക്കാരിയുടെ കലിതുള്ളലിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.
മൈ ലൈഫ്, മൈ ചോയ്സ്
അച്ഛനുമമ്മയും കാനഡയിലെ കൊടുംതണുപ്പില്‍ കിടന്ന് കഷ്ടപ്പെട്ടു പണമുണ്ടാക്കുന്നു. മകളെപ്പറ്റി വലിയ വലിയ സ്വപ്നങ്ങള്‍ മെനയുന്നു. അമ്മൂമ്മയുടെ സംരക്ഷണയില്‍ നാട്ടില്‍ നില്ക്കുന്ന മകളാകട്ടെ തന്റെ സ്വപ്നങ്ങളെല്ലാം വിവാഹിതനും തന്നേക്കാള്‍ പ്രായമുള്ള രണ്ടാണ്മക്കളുടെ അച്ഛനുമായ 52-കാരനു ചുറ്റുമായി മാത്രം നെയ്തുകൂട്ടുന്നു. അയാളെ കിട്ടിയില്ലെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് ആണയിടുന്നു. ഇത് തന്റെ മാത്രം ജീവിതമാണ്. മറ്റാര്‍ക്കും, പ്രത്യേകിച്ച് തന്നെ സ്നേഹിക്കാതെ അന്യനാട്ടില്‍ പോയി പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച മാതാപിതാക്കള്‍ക്ക് ഇതില്‍ യാതൊരു കാര്യവുമില്ല എന്ന നിലപാടില്‍ ഉടുമ്പു പിടിച്ചതുപോലെ നില്‍ക്കുകയാണ് പെണ്‍കുട്ടി. നല്ല വാക്കോതിയോതി നമ്മുടെ മന:ശാസ്ത്രജ്ഞ വശം കെട്ടു. കുട്ടി അമ്പിനും വില്ലിനും അടുക്കുന്നില്ല. അവളുടെ കണ്ണില്‍ അയാളുടെ മുഖമേയുള്ളു. കരളില്‍ ഒരേയൊരു പാട്ടാണ് മുഴങ്ങുന്നത്. ചീനി കം ഹേ! ചീനീ കം ഹേ! എപ്പോഴും മൂളി നടക്കുന്നതും ആ പാട്ടാണത്രേ.
തകര്‍ന്നടിഞ്ഞിരിക്കുന്ന മാതാപിതാക്കളുടെ മുഖത്തേയ്ക്കു നോക്കാന്‍ പോലും സൈക്കോളജിസ്റ്റിനു പറ്റുന്നില്ല. ‘ഒന്നുമില്ലെങ്കിലും ഇവള്‍ക്ക് അയാളുടെ ചെറുക്കന്മാരില് ഒരുത്തനെ പ്രേമിക്കാന്‍ വയ്യായിരുന്നോ മാഡം?’ എന്ന അച്ഛന്റെ നിസ്സഹായമായ ചോദ്യം, അമ്മയുടെ തോരാത്ത കണ്ണുനീര് - ഒന്നും പെണ്ണിനെ കുലുക്കുന്നില്ല. കണ്ണീരിനിടയില്‍ അമ്മ പറയുന്നു: “എന്റെ ചേച്ചിയുടെ മൂന്നു മക്കളെ എന്റെ അമ്മയാണു വളര്‍ത്തിയത്. മൂത്തവന്മാരു രണ്ടും പഠിച്ച് എഞ്ചിനീയര്‍മാരായി. ഇളയവന് ഡോക്ടറും. ചേച്ചിയും ഭര്‍ത്താവും ഞങ്ങളെപ്പോലെ തന്നെ പുറത്തായിരുന്നു. എന്നിട്ടും ആമ്പിള്ളാരായിരുന്നിട്ടുകൂടി അവരാരും വഴിതെറ്റിയില്ല. കാശുണ്ടാക്കാന്‍ വേണ്ടി മക്കളെ കളഞ്ഞേച്ചു പോയെന്ന് പഴിയും പറഞ്ഞില്ല. ഞങ്ങടതു മാത്രം ഇങ്ങനായതെന്താ മാഡം?”
പിള്ളാരിങ്ങനെ ഓരോ വകയായിട്ടൊക്കെ വളര്‍ന്നു വരുന്നതിന്റെ ഗുട്ടന്‍സ് ദൈവത്തിനു മാത്രമേ അറിയൂ എന്നു നമ്മള് സാധാരണക്കാര്‍ക്കു പറയാം. പക്ഷേ ഒരു മന:ശാസ്ത്രജ്ഞയുടെ തൊഴില്‍ മര്യാദ അതല്ലല്ലോ. അതുകൊണ്ട് നമ്മുടെ കക്ഷി വീണ്ടും അധരവ്യായാമം തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ കൊച്ചിനാകെ മുഷിഞ്ഞു. പ്രത്യേകിച്ച് 'വൃദ്ധ കാമുകന്' എന്ന് അവളുടെ കമിതാവിനെ വിശേഷിപ്പിക്കുക കൂടി ചെയ്തതോടെ ആകെ തെറ്റി വിരല്‍ചൂണ്ടിക്കൊണ്ട് 17-കാരി തിരിച്ചു വിരട്ടാന്‍ തുടങ്ങി. “ഇനിയും നിങ്ങള്‍ വാ തുറന്നാല്‍ ഞാനായിരിക്കും നിങ്ങളുടെ കരിയറിലെ ഏറ്റവും വലിയ പരാജയം. ഇന്നു തന്നെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഇറങ്ങിപ്പോകും. നോക്കിക്കോ, നിങ്ങളാണ് അതിന് ഉത്തരവാദി. കുറച്ചു കൂടി സെറ്റില്ഡായിട്ടു ഒരുമിച്ച് ജീവിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇനി നിങ്ങള്‍ മിണ്ടിയാല്‍ ഞാനിന്നു തന്നെ പോകും” എല്ലാ മന:ശാസ്ത്രവും മറന്ന് കക്ഷി വാപൊളിച്ചിരിക്കുമ്പോള്‍ അച്ഛനുമമ്മയും ബാഗും മൊബൈലും വണ്ടിയുടെ താക്കോലുമെല്ലാം തപ്പിപ്പിടിച്ചെടുത്തു മകളേയും കെട്ടിപ്പിടിച്ചു പുറത്തേയ്ക്കിറങ്ങുന്നു. പോകുന്ന പോക്കില്‍ അമ്മ മകളുടെ കാലു പിടിക്കുന്നു: “എന്റെ മോളു കടുംകയ്യൊന്നും ചെയ്യല്ലേ! നിനക്കിഷ്ടമില്ലാത്ത ആരെയും ഇനി കാണിക്കുന്നില്ല. എല്ലാം നമുക്ക് ആലേചിച്ചു പതുക്കെ തീരുമാനിക്കാം.”
ഇവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കള്‍ എന്ന് അച്ഛനമ്മമാരെ ചൂണ്ടി അല്‍പ്പം മുമ്പ് ആക്രോശിച്ചവള് കിളിക്കുഞ്ഞിനെപ്പോലെ അമ്മയുടെ നെഞ്ചിലൊതുങ്ങി പുറത്തേയ്ക്ക്. രണ്ടു മണിക്കൂര്‍ വായിലെ വെള്ളം വറ്റിച്ചതും പെണ്ണിന്റെ ചീത്ത കേട്ടതും മിച്ചം എന്നോര്‍ത്തു ഖിന്നയായിരിക്കുമ്പോള്, ഇതാ അച്ഛന് കഥാപാത്രം തിരിച്ചു വരുന്നു. പഴയ ദൈന്യതയില്ല. മര്യാദ തീരെയില്ല. “ഒരുപാടു ഡിഗ്രിയൊക്കെ എഴുതിയ ബോര്‍ഡും വെച്ചിരുന്ന് മനുഷ്യരെ ഇങ്ങനെ ചതിക്കരുത്. ഞങ്ങളുടെ കൊച്ച് ഉടനെ അവന്റെ കൂടെ പോകാനിരുന്നതല്ല. അവള് പറഞ്ഞതു കേട്ടില്ലേ. ഞങ്ങളത് പറഞ്ഞു തിരുത്തിയേനെ. ഇല്ലേല് പള്ളീലച്ചനെക്കൊണ്ട് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥന നടത്തി ആ ദുഷ്ചിന്ത ഞങ്ങളു കളഞ്ഞേനേ. ഇതിപ്പോ മാഡത്തിന്റെ ചികിത്സയ്ക്കു വന്നിട്ടെന്തായി? ങാ, ഏതായാലും ഫീസ് പറഞ്ഞോ. അതിനി തന്നില്ലെന്നു വേണ്ട.”
ഇത്രയുമായപ്പോള്‍ മന:ശാസ്ത്രജ്ഞയ്ക്ക് ഒരു കാര്യം ബോധ്യമായി. അമ്മൂമ്മ വളര്‍ത്തിയതല്ല കൊച്ചിന്റെ പ്രശ്നം. ഇതു ജീനുകളിലൂടെ പകര്‍ന്നു വന്ന രോഗമാണ്. ചികിത്സയില്ല.
സന്തൂര്‍ മമ്മിമാര്‍ (ചര്‍മ്മത്തില്‍ മാത്രമല്ല)
തിരക്കേറിയ കോസ്മെറ്റിക്സ് കം ആക്സസറീസ് ഷോപ്പില്‍ ഒരുച്ചനേരം. സാധനങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നവരുടെയെല്ലാം ശ്രദ്ധ പെട്ടെന്ന് ഒരു കുടുംബത്തിലേക്കായി. 15-16 വയസ്സു പ്രായം തോന്നുന്ന പെണ്‍കുട്ടി നല്ല ഉച്ചത്തില്‍ അമ്മയോടു കെഞ്ചുന്നു. “പ്ലീസ് അമ്മേ, പ്ലീസ് അമ്മേ, ഇതും കൂടി. ഇതും കൂടി മാത്രം മതി.” കരച്ചിലിന്റെ വക്കോളം എത്തിയ അപേക്ഷ. അതും തുടരെത്തുടരെ.
കഠിനസ്വരത്തില്‍ അതിനേക്കാള്‍ ഉച്ചത്തില്‍ അമ്മയുടെ മറുപടി “നോ! യുവര്‍ ബജറ്റ് ഈസ് ഓവര്‍.” കുട്ടി പിന്മാറുന്നില്ല. വീണ്ടും കാലുപിടിത്തം തന്നെ. അമ്മ ശക്തിയായി മറുപടി ആവര്‍ത്തിക്കുന്നു. പടിയിറങ്ങിത്തുടങ്ങുന്ന അമ്മയെ പിടിച്ചുനിര്‍ത്തി മകള്‍ വീണ്ടും വീണ്ടും പ്ലീസ് പറയുന്നു. ഇത്രയും ആയപ്പോഴേക്കും അമ്മ കുട്ടിയെ കൈപിടിച്ചു താഴേക്കു വലിക്കാന്‍ തുടങ്ങി.
അപ്പോഴാണ് അതുവരെ രംഗത്ത് അപ്രസക്തനായിരുന്ന അച്ഛനെ നോക്കി കൂടി വിലപിക്കാന്‍ തുടങ്ങിയത്. “പ്ലീസ് അച്ഛാ, പ്ലീസ് അച്ഛാ അമ്മയോട് ഒന്നു പറ, എനിക്ക് ഇതുംകൂടി വേണമച്ഛാ, വാങ്ങിത്തരാന്‍ ഒന്നുപറ!” കുടുംബസമാധാനം എന്ന സാധനത്തിനു വലിയ വില കല്‍പ്പിക്കുന്ന അച്ഛനാണെന്നു തോന്നുന്നു, അദ്ദേഹം വാതുറക്കുന്നില്ല. കുട്ടി വിടുന്നുമില്ല. അമ്മയാണെങ്കില്‍ അവളുടെ ക്വോട്ടാ തീര്‍ന്ന കാര്യം ഒരിക്കല്‍കൂടി ശക്തിയായി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
അപ്പോഴാണ് വളരെ ചിന്തനീയമായ ഒരു പ്രസ്താവന കുട്ടിയില്‍ നിന്നുണ്ടായത്. “ഓ, ബജറ്റ്! ഇവിടുന്ന് നേരെ ശീമാട്ടിയിലേക്കല്ലേ പോകുന്നത്? അച്ഛന് നോക്കിക്കോ അമ്മയിന്നു സാരി വാങ്ങിച്ച് അച്ഛന്റെ കാശെല്ലാം തീര്‍ക്കും. എനിക്കു മാത്രം ബജറ്റ്. അമ്മയ്ക്കു കണ്ണില്‍ കണ്ടതെല്ലാം വാങ്ങാം. ഒരു ബജറ്റും തീരില്ല. അച്ഛനന്നേരം ഒന്നും പറയുകേമില്ല.” ആളുകളുടെ മുന്നില്‍ അല്‍പ്പം അപമാനിതനായെന്നു തോന്നിയ അച്ഛന് ഒറ്റപ്പിടിയില്‍ മകളെ കാറിലെത്തിച്ചു. അപ്പോഴും അദ്ദേഹം നാവു പൂട്ടിത്തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു. ഇതിലൊക്കെ ഇത്ര നാണക്കേടെന്തെരിക്കുന്നു? താന്‍ പിടിച്ചിടം ജയിച്ചല്ലോ എന്ന ഭാവത്തില്‍ അമ്മ കൗണ്ടറില്‍ പണവും കൊടുത്ത് തലയുയര്‍ത്തി പുറത്തേക്കിറങ്ങി.
കുട്ടികള്‍ ആവശ്യപ്പെടുന്നവയെല്ലാം വാങ്ങിക്കൊടുക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. ആഗ്രഹങ്ങള്‍ എല്ലാം നേടിക്കൊടുക്കാന്‍ പണം കൊണ്ടു മാത്രം കഴിയാത്തിടത്തോളം മാതാപിതാക്കള്‍ വിചാരിച്ചാല്‍ കുട്ടികളുടെ എല്ലാ ആശകളും സാധിച്ചുകൊടുക്കാന്‍ ആകുകയുമില്ല. കുടുംബത്തിന്റെ വരുമാനം, അതില്‍തന്നെ എത്രത്തോളം ചെലവാക്കാം, തുടങ്ങിയ കാര്യങ്ങളും കുട്ടികള്‍ അറിയേണ്ടവ തന്നെ. പക്ഷേ, കുട്ടികള്‍ക്കു മാത്രമാണ് പണം ചിലവാക്കുന്നതില്‍ നിയന്ത്രണം, മാതാപിതാക്കള്‍ക്ക് എന്തുമാകാം എന്നു തോന്നുമ്പോഴാണ് ഇവിടെ പറഞ്ഞ പെണ്‍കുട്ടിയെപ്പോലെ കുട്ടികള്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത്. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ കുട്ടിയേക്കാള്‍ ആവേശം അമ്മയ്ക്കായാല്‍ എന്തു ചെയ്യാന്‍ കഴിയും?
ഇവിടെ 16-കാരിയുടെ അമ്മ അവളില്‍ നിന്ന് അല്പം പോലും വളര്‍ന്നിട്ടില്ല എന്നു കാണാം. അമ്മ എന്ന അധികാരം കയ്യിലുള്ളതു കൊണ്ടും സാമ്പത്തിക സ്വാതന്ത്ര്യം കുട്ടിക്കില്ലാത്തതുകൊണ്ടും മാത്രമാണ് അവര്‍ക്ക് മകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അമ്മ തന്നോടു കാട്ടുന്നത് അനീതിയാണെന്ന് ഇപ്പോഴേ തിരിച്ചറിയുകയോ അല്ലെങ്കില്‍ അങ്ങനെ ധരിക്കുകയോ ചെയ്തിരിക്കുന്ന കുട്ടി എപ്പോഴും ആ നിയന്ത്രണം പൊട്ടിച്ചെറിയാനുള്ള വ്യഗ്രതയിലാവുന്നതു സ്വാഭാവികം.
ഹിതകരമല്ലാത്ത കാര്യങ്ങള്‍ മക്കള്‍ ചെയ്യുമ്പോള്‍, അവരെ സ്നേഹിച്ചതിന്റേയും അവര്‍ക്കായി ഓരോരോ കാര്യങ്ങള്‍ ചെയ്തതിന്റേയുമൊക്കെ സ്റ്റാറ്റിസ്റ്റിക്സ് നിരത്തുമ്പോള്‍ ഓര്‍ക്കുക. തിരിച്ച് കുറേയേറെ കണക്കുകള്‍ അവരും ഓര്‍ത്തു വെച്ചിട്ടുണ്ടാകാം.
എത്രയൊക്കെ ശ്രദ്ധയോടെ ചെയ്താലും കുട്ടികളെ വളര്‍ത്തല്‍ ആത്യന്തികമായി ഒരുതരം ട്രപ്പിസ് കളി തന്നെയാണ്. അതിനാല്‍ നല്ല മക്കള്‍ക്കായി എപ്പോഴും ഒരു പ്രാര്‍ത്ഥന കരുതി വെയ്ക്കാം!