വിശ്വസിക്കാനെളുപ്പം ഭൂമി പരന്നതാണെന്നതാണ്. എന്നാല്‍ ഉരുണ്ടതാണെന്നുള്ളത് അറിവാണ്. അത് വിശ്വാസമല്ല. കാഴ്ചയില്‍ വല്ലാണ്ട് കുടുങ്ങിക്കഴിയുമ്പോഴുള്ള ഒരു കുഴപ്പമതാണ്. കാണുന്നതിനെ അറിവിനേക്കാള്‍ ആശ്രയിക്കും. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണവും അതാണ്. എല്ലാം അപ്പോള്‍ കാഴ്ചാധിഷ്ഠിതമാകും. കാഴ്ചയില്‍ നിസ്സാരമെന്നു തോന്നുന്നത് യഥാര്‍ഥത്തില്‍ ചിലപ്പോള്‍ ഗൗരവമുള്ളതായിരിക്കും. ഒരു കുഞ്ഞിനെ ശാരീരികമായി നോവിക്കുന്ന ഏതെങ്കിലും പ്രവൃത്തി കണ്ടാല്‍ അത് മഹാപാപമാണെന്ന് തോന്നും. എന്നാല്‍ മഹാപാപമായി മാറിയേക്കാവുന്ന ചില വാക്കുകള്‍, ചില ചേഷ്ടകള്‍, ചില പ്രതികരണങ്ങള്‍ പ്രത്യക്ഷത്തില്‍ നിസ്സാരമെന്ന് തോന്നും. എന്നാല്‍ ഫലത്തില്‍ ആ കുട്ടിയെ സംബന്ധിച്ചിടത്തോളം മഹാപാപമായി മാറിയെന്നിരിക്കും.
ഒരു പഞ്ചനക്ഷത്ര ആശുപത്രിയുടെ പേവാര്‍ഡില്‍ കിടക്കുന്ന രോഗിയെ കാണാനെത്തിയ ഒരു യുവതിയും കൈക്കുഞ്ഞും മൂന്നോ നാലോ വയസ്സുള്ള മൂത്ത കുട്ടിയും. അവര്‍ താഴത്തെ നിലയില്‍ മറ്റുള്ളവരോടൊപ്പം ലിഫ്റ്റിനായി കാത്തുനില്ക്കുന്നു. യുവതിയുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് ആധുനികമോ അത്യന്താധുനികമോ. സാമ്പത്തികസൂചികയും വേഷഭൂഷാദികള്‍ പ്രകടമാക്കുന്നുണ്ട്. ലിഫ്റ്റിന്റവിടെ എത്തുന്നതിനു മുന്‍പു തന്നെ മൂത്ത മകള്‍ എന്തോ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു പക്ഷേ അവരോടൊപ്പം മക്കളല്ലാതെ മറ്റാരുമില്ലാത്തത്തിന്റെ പേരിലാവാം മൂത്തകുട്ടിയുടെ ആവശ്യം നിറവേറ്റപ്പെട്ട ലക്ഷണമില്ല. ആ കുട്ടി പരിസരം നോക്കാതെ കരഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തില്‍ കരച്ചില്‍ മൂത്ത് ലിഫ്റ്റിന് അഭിമുഖമായ പടിയിലൂടെ ദേഷ്യത്തില്‍ പുള്ളിക്കാരത്തി പ്രതിഷേധസൂചകമായി ഓടിക്കയറുകയും പിന്നീട് ഇറങ്ങിവരികയുമൊക്കെ ചെയ്യുന്നുണ്ട്. കൈക്കുഞ്ഞിനേയും വച്ചുകൊണ്ട് അവര്‍ക്ക് മൂത്തയാളെ വേണ്ടവിധം നോക്കാന്‍ പറ്റുന്നുമില്ല. കരച്ചില്‍ നല്ല ഉച്ചത്തില്‍. ഇടയ്ക്ക് ആയമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്.
വീട്ടിലായിരുന്നുവെങ്കില്‍ ഈ അമ്മ മൂത്ത മകള്‍ക്ക് അടിപറ്റിക്കുമായിരുന്നു എന്ന് കരുതാന്‍ എല്ലാ സൂചനകളും ലഭ്യമായിരുന്നു. കാരണം അവിടെ വച്ച് തന്റെ അമ്മ തന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നുള്ള ഒരു സ്വാതന്ത്ര്യാനുഭവഭാവം ആ കുട്ടിയുടെ കരച്ചിലിലും ദേഷ്യത്തോടെയുള്ള പ്രതിഷേധപ്രകടനത്തിലും ഉണ്ടായിരുന്നു. അമ്മയാണെങ്കില്‍ ചിരിച്ച മുഖത്തോടെ കരയുന്ന കുഞ്ഞിനെ വിളിച്ചുകൊണ്ടും കരയാതിരിക്കാന്‍ ഇംഗ്ലീലും മലയാളത്തിലും തന്നാല്‍ കഴിയുന്ന സ്റ്റൈലില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന തോന്നലാണ് കരയുന്ന കുഞ്ഞിന്റെ വിഷമത്തിലുള്ള ആശങ്കയേക്കാള്‍ യുവതിയെ ബുദ്ധിമുട്ടിച്ചതെന്ന് അവരുടെ ചെറുതായി ചിരിക്കുന്ന ഭാവം പ്രകടമാക്കി. കൈക്കുഞ്ഞാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന ഭാവത്തില്‍ കരയുന്ന കുഞ്ഞിനേയും അവിടെ കൂടിനില്‍ക്കുന്നവരേയും പരിസരത്തേയുമൊക്കെ വീക്ഷിക്കുന്നു. ജീവിതത്തിലെ ആദ്യകാഴ്ചകളുടെ ആസ്വാദനം. ലിഫ്റ്റ് വരുമ്പോള്‍ മൂത്ത കുട്ടി കയറാന്‍ കൂട്ടാക്കുമോ എന്ന ആശങ്കയും ആ യുവതിയെ അലട്ടി. അതുകാരണം ലിഫ്റ്റിപ്പോള്‍ വരും മോളൂ അടുത്തുവന്ന് നില്‍ക്കൂ എന്നൊക്കെ പറയുമ്പോള്‍, ഞാന്‍ കയറൂലാ എന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് കുട്ടി തന്റെ കരച്ചില്‍ പ്രതിഷേധസമരം തുടര്‍ന്നു. ചിരിക്കൊപ്പം യുവതി അല്‍പ്പം വിയര്‍ക്കുകയും ചെയ്യുന്നുണ്ട്. ഏതു വിധേനെയും കുട്ടിയെ വാക്കുകള്‍കൊണ്ട് മെരുക്കാനുള്ള ശ്രമമായി യുവതിയുടേത്.
'മോളൂ കരയാതെ.ചീത്ത കുട്ടികളല്ലേ കരയുന്നത്. അയ്യേ, ആര്‍ യു എ ബാഡ് ഗേള്‍?' അതു കേട്ട മാത്രമായില്‍ കുട്ടിയുടെ കരച്ചില്‍ അലര്‍ച്ചയായി മാറി. വീണ്ടും യുവതി കരയുന്നത് ചീത്ത കുട്ടികളാണെന്നുളളത് അടിച്ചേല്‍പ്പിച്ച് കരച്ചില്‍ നിര്‍ത്താനുള്ള തീവ്രശ്രമത്തിലായി. എന്തിന് കരയാതെ ഒക്കത്തിരിക്കുന്ന കൈക്കുഞ്ഞിനെ ഉദാഹരിച്ചുകൊണ്ടായി അടുത്ത വാദം. കുഞ്ഞുവാവ പോലും കരയാതിരിക്കുന്നതു കണ്ടില്ലേ. ചീത്തക്കുട്ടികളല്ലേ ഇങ്ങനെ കരയുക എന്നുള്ളത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടെ നിന്നവരെല്ലാം ഇതു നോക്കിക്കൊണ്ട് നിന്നു. ആ കുഞ്ഞു കരഞ്ഞതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് അലോസരമുണ്ടായില്ല. കുഞ്ഞുങ്ങള്‍ കരയുമെന്നറിയാത്ത മനുഷ്യരുണ്ടാവില്ലല്ലോ. പക്ഷേ യുവതിക്ക് തന്റെ കുഞ്ഞുകരയുന്നതില്‍ തൊലി പൊള്ളുന്നപോലെയുള്ള അവസ്ഥ. വീട്ടില്‍ കുട്ടിയുടെയടുത്തും മറ്റുള്ളവരുടെയടുത്തും അക്ഷമയോടെ പെരുമാറുന്ന സ്വഭാവക്കാരിയാകാന്‍ എല്ലാ സാധ്യതകളുമുണ്ട്. അതുകൊണ്ട്തന്നെയാവണം പുറത്തുവച്ച് കുഞ്ഞ് ഈ സ്വാതന്ത്ര്യമെടുത്തത്. കുഞ്ഞിനെ ലാളിക്കുന്ന, അതിന്റെ ചലനങ്ങളിലൂടെ ആവശ്യങ്ങളറിഞ്ഞ് നോക്കുന്ന അമ്മയാണെങ്കില്‍ പൊതുസ്ഥലത്തുവച്ച് ഒരുനിമിഷം കൊണ്ട് ആ അമ്മ കുട്ടിയുടെ കരച്ചില്‍ സന്തോഷത്തോടെ അവസാനിപ്പിച്ചിരിക്കും.
കുഞ്ഞുവാവ വന്നതിനു ശേഷം തനിക്ക് വേണ്ടവിധം ശ്രദ്ധ കിട്ടുന്നില്ല എന്ന തോന്നല്‍ ആ കുട്ടിക്ക് കലശലായുണ്ട്. അപ്പോള്‍ അങ്ങിനെയൊരു തോന്നലുണ്ടാവാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ കരുതലും ശ്രദ്ധയും വേണ്ടത് അമ്മയ്ക്കാണ്. ഇവിടെ സംഭവിച്ചത് നോക്കിയാലറിയാം ആ കുട്ടിയില്‍ ജീവിതാവസാനം വരെ അതിന്റെ സ്വഭാവത്തേയും ജീവിതത്തേയും നിയന്ത്രിക്കാന്‍ പോകുന്ന വിഷവൈറസ്സുകള്‍ അറിയാതെയാണെങ്കിലും ആ അമ്മ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കരയുന്നത് തെറ്റല്ല. കരച്ചില്‍ വന്നാല്‍ കരയാന്‍ തന്നെയാണ് മനുഷ്യന് മാത്രം ആ സിദ്ധി ലഭിച്ചിട്ടുള്ളത്. കരയാന്‍ ആധാരമായ കാരണം കണ്ടെത്തി അതു നിവര്‍ത്തിച്ചുകൊടുക്കുക എന്നത് അമ്മയുടേയും അച്ഛന്റേയും മറ്റ് മുതിര്‍ന്നവരുടേയുമൊക്കെ ഉത്തരവാദിത്വമാണ്. അതുപോലെ തന്നെ കുട്ടികളില്‍ താന്‍ മോശമാണെന്ന ഒരു തോന്നല്‍ കടന്നുകൂടിയാല്‍ അതുമാത്രം മതി ആ കുട്ടിയുടെ ജീവിതം താറുമാറാകാനും മറ്റുള്ളവരുടെ ജീവിതത്തേയും എന്തിന് സമൂഹത്തേയും ദോഷകരമായി ബാധിക്കാന്‍. ഇവിടെ അമ്മ പരസ്യമായി പറയുന്നത് കരയുന്നതിനാല്‍ താന്‍ ചീത്തക്കുട്ടിയാണെന്നാണ്. അപ്പോള്‍ ആ കുട്ടിയുടെ ഉള്ളിലേക്കു പ്രവേശിക്കുന്ന ധാരണകള്‍ കോടിക്കണക്കിനാണ്. അതിനേക്കാളുപരി താന്‍ ചീത്തയാണെന്ന് ആ കുട്ടി അറിയുകയും ചെയ്യുന്നു. ഒരു കുട്ടി ചീത്തയാണെന്ന് അറിയുന്ന നിമിഷം ആ കുട്ടി അതിന്റെ വേദന എങ്ങിനെ സഹിക്കും. അതിന്റെ പേരില്‍പോലും കരഞ്ഞുപോകും. അപ്പോഴും കേള്‍ക്കുന്നത് ചീത്തക്കുട്ടികളാണ് കരയുന്നതെന്ന്. അത് പിന്നെയും ആ കുട്ടി സഹിക്കുമായിരുന്നുവെന്നു തോന്നുന്നു. തന്റെ അമ്മ ഒക്കത്തിരിക്കുന്ന കൈക്കുഞ്ഞുമായി ഉപമിക്കുന്നു. കുഞ്ഞുവാവപോലും കരയുന്നില്ല. അപ്പോള്‍ ആ കുട്ടി മനസ്സിലാക്കുക കുഞ്ഞുവാവ നല്ലകുട്ടി, താന്‍ ചീത്ത. ഏതെല്ലാം തരത്തിലുള്ള സ്വഭാവവൈകല്യങ്ങള്‍ വേണമെങ്കിലും ആ കുട്ടിക്ക് സംഭവിക്കാം. അകാരണമായി തന്റെ ഇളയതിനോടുള്ള ദേഷ്യം പക ഇത്യാദി വികാരങ്ങള്‍ കടന്നുകൂടിയാല്‍ അതു മാറിക്കിട്ടാന്‍ വലിയ പ്രയാസം തന്നെ. അല്ലെങ്കില്‍ വളര്‍ന്ന് അത് സ്വയം മനസ്സിലാക്കി ബോധപൂര്‍വ്വം ആ വികാരങ്ങളില്‍ നിന്നും പരിശ്രമപൂര്‍വ്വം പുറത്തുവരേണ്ടി വരും. അതൊക്കെ സംഭവിക്കുന്നതു വിരളമായ സാഹചര്യങ്ങളില്‍ മാത്രം. കാരണം ഈ അമ്മയുടെ ശിക്ഷണത്തിലും സ്വഭാവം മാതൃകയാക്കിയും വളരുന്നതു കാരണം സാധ്യത കുറവ്.
ഈ കുട്ടി പൊതുസ്ഥലത്തു വച്ച് കരയുമ്പോള്‍ പോലും ആ അമ്മയ്ക്ക് അതിനെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ആ അമ്മയുടെ മുഴുവന്‍ ശ്രദ്ധയും ആ കുട്ടിയുടെ കരച്ചില്‍ നിമിത്തം താന്‍ ചൂളിപ്പോകുന്നു എന്നതിലാണ്. ആ കുട്ടിയുടെ പ്രശ്‌നം ഒന്നേയുള്ളൂ. ശ്രദ്ധ കിട്ടുന്നില്ല. അതിനുവേണ്ടി തനിക്കറിയാവുന്ന വഴിയിലൂടെ അതു നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് ആ മൂന്നോ നാലോ വയസ്സുകാരി. പൊതുസ്ഥലത്തുവച്ചു കുഞ്ഞുകരയുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും കുഞ്ഞിനു കൊടുത്ത് അതിനെ ശ്രദ്ധിച്ചാല്‍ എത്രവലിയ കരച്ചിലാണെങ്കിലും അവസാനിക്കും. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറ്റുന്നതാണെങ്കില്‍ സാധിച്ചുകൊടുക്കുക. അല്ലെങ്കില്‍ പിന്നെ സാധിച്ചുകൊടുക്കാമെന്ന് സമാധാനിപ്പിച്ചതിനു ശേഷം ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ അത് സാധിച്ചുകൊടുക്കുക. ഇങ്ങനെയൊക്കെയൊന്ന് കൊച്ചുകുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ അവര്‍ പുറത്തിറങ്ങിയാല്‍ കരയുന്ന പ്രശ്‌നം തന്നെയുണ്ടാവില്ല. അവര്‍ കാഴ്ചകള്‍ വിട്ട് ചോദ്യങ്ങള്‍ ചോദിച്ച് ഉല്ലസിച്ചു നടക്കും. കുട്ടികള്‍ കരയുമ്പോള്‍ അവര്‍ക്കറിയാവുന്ന ശക്തമായ ഭാഷയായിക്കൂടി അവരതിനെ ഉപയോഗിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വലിയ മിനക്കേടുള്ള കാര്യമില്ല. തന്റെ കുട്ടി കരയുന്നത് മറ്റുള്ളവര് കേട്ടാല്‍ കുറച്ചിലാണെന്നുള്ളത് മിഥ്യാധാരണയാണ്. ഒരു കുട്ടി കരയുന്നത് കണ്ട് ആര്‍ക്കെങ്കിലും മോശം തോന്നുകയാണെങ്കില്‍ ആ വ്യക്തിയുടെ മോശത്തരമെന്നേ കരുതേണ്ടതുള്ളൂ. കരയാത്ത കുട്ടികളുണ്ടാവില്ല. അപ്പോള്‍ ചീത്തക്കുട്ടികളാണ് കരയുന്നതെന്ന ബോധം അവരുടെയുള്ളില്‍ കിടക്കുകയാണെങ്കില്‍ എപ്പോഴെങ്കിലും കരയുമ്പോള്‍ അവര്‍ സ്വയം അറിയാതെ അറിയും അവര്‍ ചീത്തയാണെന്ന്. ഇങ്ങനെ ഒരു കുട്ടി ചിന്തിക്കാന്‍ ഇടവരുന്നത് മഹാപാപമാണ്. കരയുന്നത് ഒരിക്കലും മഹാപാപവുമല്ല.