അമേരിക്കന്‍ പിതാവും കടുത്തുരുത്തി അടിയും

Glint Guru
Sun, 21-07-2013 03:30:00 PM ;

1980കളില്‍ പാലായില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പാലാ സ്വദേശി ജോര്‍ജ്. അവിടെ അദ്ദേഹം ഉദ്ദേശിച്ച വിധം ജീവിതം കരുപ്പിടിപ്പിച്ചു. കുടുംബമായി. മക്കളായി. മക്കള്‍ വളര്‍ന്നു. ഗ്രീന്‍കാര്‍ഡുണ്ടായിട്ടും ജോര്‍ജിന് പാലാക്കാരനല്ലാതാവാന്‍ കഴിഞ്ഞില്ല. മകനാണെങ്കില്‍ കാഴ്ചയില്‍ മാത്രമേ പാലായുള്ളു. സാംസ്‌കാരികമായി അമേരിക്കക്കാരന്‍.

 

മകന്‍ വളര്‍ന്നപ്പോള്‍ ജോര്‍ജിന് മകനേയും മകന് ജോര്‍ജിനേയും അംഗീകരിക്കാന്‍ പറ്റുന്നില്ല. ജോര്‍ജിന്‍റെ സ്വപ്നങ്ങളുടെ നിറം മങ്ങിത്തുടങ്ങി. പഠിച്ച പണികള്‍ എല്ലാം നോക്കി, മകനെ ഒന്നു മലയാളീകരിക്കാന്‍. പക്ഷേ നടക്കുന്നില്ല. ഇരുവരും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിന്‍റേതായി മാറി. ഇനി ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന കേരളാ പോലീസ് ഡി.ഐ.ജി. ശ്രീജിത്ത് ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞത് നോക്കാം.

 

ശ്രീജിത്ത് കോട്ടയം എസ്.പിയായിരുന്ന വേളിയില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് അദ്ദേഹം ജോര്‍ജിന്‍റെ കഥ പറഞ്ഞത്. ജോര്‍ജിന്‍റെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ ജോര്‍ജ് പറഞ്ഞ കാര്യമാണ് ശ്രീജിത്ത് പറഞ്ഞത്. ജോര്‍ജ് മകനുമായി അമേരിക്കയില്‍ നിന്ന്‍ കേരളത്തിലേക്കു വന്നു. നെടുമ്പാശ്ശേരിയിലെത്തിയ അവര്‍ കാര്‍മാര്‍ഗ്ഗം പാലയിലേക്കു യാത്രയായി. കുടുത്തുരുത്തിയെത്തിയപ്പോള്‍ ജോര്‍ജ് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആളോഴിഞ്ഞ ഒരു വളവായിരുന്നു അത്. മകനോട് ഒന്ന്‍ പുറത്തിറങ്ങാന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ മകന്‍റെയടുത്തേക്ക് ജോര്‍ജ് ചെന്നിട്ട് കണ്ണില്‍ നിന്ന്‍ പൊന്നീച്ച പറക്കും വിധം കരണത്തടികൊടുത്തു. അടിയുടെ ആഘാതത്തിലും പ്രകോപനമില്ലാതെ കാര്‍ നിര്‍ത്തി അടി കൊടുത്തതിലും ഒന്നും മനസ്സിലാകാതെ മകന്‍ അന്തം വിട്ടു. ഇതിനെ തുടര്‍ന്നാണ് മകന്‍ കോട്ടയം എസ്.പിക്ക് തന്‍റെ പിതാവിനെതിരെ കേസ് കൊടുത്തത്.

 

ഇതേത്തുടര്‍ന്നാണ് ശ്രീജിത്ത് ജോര്‍ജിനെ വിളിപ്പിച്ചത്. ജോര്‍ജ് പറഞ്ഞു, ആ അടിയുടെ പേരില്‍  ഇന്ത്യയിലെ ഏതു ശിക്ഷ വേണമെങ്കിലും താന്‍ അനുഭവിക്കാന്‍ തയ്യാറാണെന്ന്‍. ആ രണ്ടടി കൊടുക്കാന്‍ വേണ്ടിയാണത്രെ താന്‍ മകനേയും കൂട്ടി നാട്ടിലെത്തിയതെന്നും ജോര്‍ജ് പറഞ്ഞു. അമേരിക്കയില്‍ ഇത്തരത്തിലെങ്ങാനും രണ്ടു പൂശുകൊടുത്താല്‍ അതിനുള്ള ശിക്ഷ അതി ഭീകരവും അതവിടുത്തെ ജോര്‍ജിന്‍റെ ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് അവിടെവച്ച് വായ്ക്കു രുചിയായി ഒന്നു ഭള്ള് പറയാന്‍ പോലും കഴിയാത്ത ജോര്‍ജ് മകനേയും കൂട്ടി നാട്ടിലെത്തി കടുത്തുരുത്തിയിലിട്ട് അടികൊടുത്തത്.

 

ഇവിടെ ജോര്‍ജിന്‍റെ മകനെ കുറ്റം പറയാന്‍ കഴിയില്ല. ജോര്‍ജിന്‍റെ ജീവിത വീക്ഷണത്തിന്‍റെ കരണത്താണ് ജോര്‍ജ് തന്നെ അടിച്ചിരിക്കുന്നത്. മകന്‍ ജോര്‍ജ് വീട്ടില്‍ ഒരുക്കിക്കൊടുത്ത അന്തരീക്ഷത്തിന്‍റെ സന്തതി മാത്രം. വിദേശമലയാളികളില്‍ പലരും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. ബാല്യത്തില്‍ അമേരിക്കന്‍ കുട്ടികളുടെ കൂടെ ചിലവഴിച്ച് കുഞ്ഞമേരിക്കക്കാരനായി വളരുന്നതു കണ്ട് ജോര്‍ജ് കൗതുകം പൂണ്ടിരുന്നിട്ടുണ്ടാവും. പൊതുവേ മലയാളി നേരിടുന്ന ഒരു പ്രശ്‌നത്തിന്‍റെ രൂക്ഷഭാവമാണ് ജോര്‍ജ് നേരിടുന്നത്. ഇന്ന്‍ കേരളത്തിനകത്തും ജോര്‍ജ് നേരിടുന്ന പ്രശ്‌നം പല രീതിയില്‍ പലരും നേരിടുന്നുണ്ട്. പ്രായമായ രക്ഷിതാക്കളെ നോക്കാത്ത മക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്.

 

ബാല്യം വളരെ പ്രധാനമാണ്. പ്രത്യേകം ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളി തന്നെയാണ്. ആറേഴു വയസ്സുവരെ കുട്ടികള്‍ എങ്ങിനെ പരിചരിക്കപ്പെടുന്നുവോ, മുഖ്യമായും അതിനെ ആശ്രയിച്ചിരിക്കും അവരുടെ വ്യക്തിത്വവികസനം. അത് അനിതരസാധാരണമായ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകാത്ത പക്ഷം ഒട്ടുമിക്കവരിലും നിഴലിക്കുക ഈ ബാല്യപ്രേരണയുടെ സ്വാധീനമായിരിക്കും. എങ്ങിനെ ഈ കാലഘട്ടത്തില്‍ ലഭ്യമായ അവസരങ്ങളിലൂടെ തങ്ങളുടെ കുട്ടികളെ എങ്ങിനെ നയിക്കാം എന്നുള്ളതാണ് പ്രശ്‌നം.

 

ജീവിതസൗകര്യങ്ങളും മറ്റ് അവസരങ്ങളും പരിഗണിച്ചാണ് മിക്കവരും അമേരിക്കയിലേക്കു കുടിയേറുക. ഭൗതിക സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ അതു ശരിയുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അമേരിക്കയിലേക്ക് കുടിയേറുന്ന മിക്കവരുടേയും കുട്ടികള്‍ക്ക് ബാല്യത്തില്‍ അവര്‍ക്കാവശ്യമായ സ്‌നേഹം അച്ഛനമ്മമാരില്‍ നിന്നു ലഭിക്കുന്നില്ല. അവര്‍ക്ക് എല്ലാവിധ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് രക്ഷിതാക്കള്‍ സ്വയം ന്യായീകരണം കണ്ടെത്തുന്നു. പലപ്പോഴും മക്കളുടെയടുത്ത് ചെലവഴിക്കാന്‍ പോലും സമയം ലഭിക്കാറില്ല. അവര്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ അമേരിക്കന്‍ സംസ്‌കാരവുമായി പരിചയപ്പെടുന്നു. അവര്‍ക്ക് നേരിട്ട് സംസ്‌കാരം കിട്ടുന്നയിടം അവര്‍ കൂടുതല്‍ ചിലവഴിക്കുന്ന പശ്ചാത്തലങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ്.

 

ഇവിടെ കുട്ടികള്‍ അതികഠിനമായ ആന്തരിക സംഘട്ടത്തിലേര്‍പ്പെടുന്നു. കാരണം പൂര്‍ണമായി അവര്‍ക്ക് അമേരിക്കന്‍ സംസ്‌കാരത്തിന്‍റെ ജനിതക സ്വഭാവം കൈവരുന്നതുമില്ല, അതേ സമയം തന്‍റെ മാതാപിതാക്കളുടെ സംസ്‌കാരം എന്താണെന്നു പിടിയും കിട്ടാതെ വരുന്നു. കുട്ടികള്‍ അല്പം മുതിരുന്നതോടെ മാതാപിതാക്കള്‍ അസ്വസ്ഥരാകുന്നു. അവര്‍ ശീലിച്ച വിധം ഉപദേശങ്ങള്‍ ആരംഭിക്കും. ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് വളരെ വിചിത്രമായി തോന്നും. അതോടെ കുട്ടികളും മാതാപിതാക്കളും സംഘര്‍ഷത്തിലകപ്പെടുന്നു. അപ്പോഴേക്കും അവിടുത്തെ നിയമവ്യവസ്ഥയും അത് നിശ്ചയിക്കുന്ന സാംസ്‌കാരിക മാനദണ്ഡങ്ങളുമാലാണ് അവര്‍ നയിക്കപ്പെടുക. വീടിനുള്ളിലും പുറത്തും ഏതാണ്ട് നിയമം സൃഷ്ടിച്ച സാംസ്‌കാരിക പശ്ചാത്തലം. അവിടെ ഉണ്ടാവുന്ന സംഘട്ടനം പാലായില്‍ ഏഴെട്ടുവയസ്സുവരെ തങ്ങളുടെ അപ്പനമ്മമാരും നാടും പകര്‍ന്നു നല്‍കിയ സംസ്‌കാരവും അമേരിക്കന്‍ സംസ്‌കാരവും തമ്മിലാണ്. കുറച്ചു കഴിയുമ്പോള്‍ മാതാപിതാക്കള്‍ അമേരിക്കന്‍ സംസ്‌കാരത്തിന് അടിയറവ് പറയുന്നു. തീരെ സഹിക്കാനാകാതെ വന്നപ്പോഴാണ് നാട് വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്തില്‍ സ്വന്തം മകനെ ഇറക്കുമതി ചെയ്ത് ജോര്‍ജ് അടി കൊടുത്ത് ആശ്വാസം കാണാന്‍ ശ്രമിച്ചത്.

 

ഈ സാംസ്‌കാരിക സംഘട്ടനം മുന്നില്‍ കണ്ട് സംഘടനകള്‍ രൂപം കൊണ്ട് തദ്ദേശീയ സംസ്‌കാരം പകര്‍ന്നു നല്‍കാനുള്ള ശ്രമം നടക്കാറുണ്ട്. നല്ലതു തന്നെ. പക്ഷേ അതും ചിലപ്പോള്‍ പുതുതലമുറയെ സംഘര്‍ഷത്തിലകപ്പെടുത്താറുണ്ട്. ലോകത്തിന്‍റെ ഏതു ഭാഗത്തു ജീവിക്കുകയാണെങ്കിലും സാംസ്‌കാരിക സംഘട്ടനമുണ്ടാവേണ്ട കാര്യമില്ല. എന്തെന്നാല്‍ പലപ്പോഴും രക്ഷിതാക്കള്‍ക്ക് ജീവിത വീക്ഷണം നഷ്ടമാകുന്നതാണ് കാരണമായി വരുന്നത്. അതുതന്നെയാണ് വിദേശമലയാളികള്‍ നേരിടുന്ന പ്രശ്‌നം കേരളത്തിലും അനുഭവപ്പെടുന്നത്.

 

ഏതൊരു ചെറിയ ഗാഡ്ജറ്റ് വാങ്ങുകയാണെങ്കിലും അതിനൊപ്പമൊരു മാനുവലുണ്ടാകും. അതു പഠിച്ച് പ്രയോഗിച്ചാലേ അതിന്‍റെ ഉപയോഗം ശരിയായ വിധം സാധ്യമാകുകയുള്ളു. അപ്പോള്‍ അതി സങ്കീര്‍ണ്ണമായ ജീവിതത്തെ ഒരു മാനുവലുമില്ലാതെ സമീപിച്ചാല്‍ എന്താവും സ്ഥിതി എന്ന്‍ ഊഹിക്കാവുന്നതേയുള്ളു. അതാണ് ജോര്‍ജിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. തന്‍റെ മകന്‍റെ അഭ്യുദയം യഥാര്‍ഥത്തില്‍ ഒരിക്കല്‍പ്പോലും ജോര്‍ജിന്‍റെ അജണ്ടയിലേക്കു വന്നിരുന്നില്ല. ഈ അടിയില്‍ പോലും അതു കാണാന്‍ കഴിയും. അവിടെയും മകന്‍ ഗുണപരമായ മാറ്റം ഉണ്ടാവണമെന്ന്‍ ജോര്‍ജിന് ആഗ്രഹമില്ല. തന്‍റെ വികാരത്തിനു മോചനം നല്‍കി മകനെ വേദനിപ്പിച്ചു സുഖം നേടുക. മകന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്തുമാത്രം അവന്‍ വേദനിച്ചിരിക്കുമെന്ന്‍ ഇന്നത്തെ പോലെ അന്നും ജോര്‍ജിനു കാണാന്‍ കഴിഞ്ഞില്ല. ജീവിതത്തേക്കുറിച്ചുള്ള ചില ചിന്തകളുടെ തടവറയിലകപ്പെട്ടുപോയി ജോര്‍ജ്. അതില്‍നിന്ന്‍ മോചനം നേടാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.

 

ഇവിടെ സാംസ്‌കാരികപ്രശ്‌നത്തേക്കാള്‍ ജീവിതത്തോടുള്ള വ്യക്തിയുടെ കാഴ്ചപ്പാടാണ് കടന്നുവരുന്നത്. ജീവിതത്തേക്കുറിച്ചു സുവ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തികള്‍ക്ക് ഏത് പശ്ചാത്തലവും എല്ലാ രീതിയിലും ഉയരാനുള്ളതാവും. അങ്ങിനെയുള്ള വ്യക്തിക്ക് നാടിന്‍റെ സ്വാംശീകരിക്കേണ്ട സംസ്‌കാരത്തെ എങ്ങിനെ സ്വന്തം ജീവിതത്തില്‍ സൗന്ദര്യാത്മകമായി വിളക്കിച്ചേര്‍ക്കാമെന്നറിയാന്‍ കഴിയും. അതിലൂടെ അയാള്‍ക്ക് സ്വയം സ്‌നേഹിക്കാനും മറ്റുള്ളവരെ സ്‌നേഹിക്കാനും കഴിയും. അങ്ങിനെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ വളരുന്ന ഒരു മലയാളിക്കുട്ടിക്ക് അനന്ത സാധ്യതകളിലേക്ക് ചിറക് വിടര്‍ത്താന്‍ കഴിയും. ഒപ്പം വീടിനും നാടിനും ലോകത്തിനും ഉതകുന്ന പൗരനുമാകാന്‍ കഴിയും. ആ പശ്ചാത്തലത്തില്‍ സംസ്‌കാരത്തെ സമീപിക്കുമ്പോള്‍ മാത്രമേ സ്വന്തം സംസ്‌കാരം ക്രിയാത്മകമാവുകയുള്ളു. അല്ലാത്ത പക്ഷം വെറും വിഭാഗീയത കൂട്ടായ്മകള്‍ തീര്‍ത്ത് ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളായി സംഘടനകള്‍ മാറും. ചില ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ നടത്തിക്കൊണ്ട്.

Tags: