ഒമ്പതുകാരനും അമ്മയും ഒന്നിച്ചിരുന്ന് വീട്ടില്‍ സിനിമ കാണുന്നു. ചിത്രം ട്രിവാൻഡ്രം ലോഡ്ജ്. അമ്മയുടെ സുഹൃത്തുക്കൾ മുന്നറിയിപ്പു നല്‍കിയതാണ് ആ പുതു തലമുറ സിനിമ കാണരുതെന്ന്‍. പച്ചയ്ക്കും പഴുക്കാത്തതുമായ തെറിയും മറ്റ് ജുഗുപ്‌സാവഹമായ സംഗതികളുമാണാ ലോഡ്ജിനുള്ളിലുളളതെന്ന്‍ എല്ലാവരും പറഞ്ഞിരുന്നു. ഒരുപക്ഷേ അതുതന്നെയാവാം ആ അമ്മയെ അതു കാണിക്കാൻ പ്രേരിപ്പിച്ചത്. സിനിമ പുരോഗമിച്ചപ്പോൾ അതില്‍ ബാല്യകാലപ്രണയം. പത്തുവയസ്സു കടക്കാത്തവർ. അവർ സിനിമയില്‍ പ്രണയിച്ചപ്പോൾ ട്രിവാൻഡ്രം ഭാഷയില്‍ പറഞ്ഞാല്‍ ഒമ്പതുകാരന് ഒരു ലജ്ഞകേട്. എന്നിട്ട് ഒരു വല്ലാത്ത ചിരി. അമ്മ കഴുത്തധികം തിരിക്കാതെ മോനെ നോക്കി. അതുകണ്ട് അവന്റെ ചിരി ഒന്നുകൂടി വിടർന്നു. മോന്റെ പ്രായത്തിലുള്ളവർ സിനിമയില്‍ പ്രണയിക്കുകയാണ്. എന്തുകൊണ്ടാവും തന്റെ മകൻ ഈ ഭാവമാറ്റത്തിലേക്ക് ചേക്കേറിയതെന്നയാൻ അമ്മയ്ക്ക് ഔത്സുക്യമായി.
അമ്മ: എന്താ മോനേ, എന്തിനാ നീ ചിരിക്കുന്നേ?
മോൻ: ഏയ് ഒന്നുമില്ല.
അമ്മ: പറയ്, എന്തിനാ മോൻ ഇപ്പോ ചിരിച്ചേ?
മോൻ: സ്റ്റാർ മൂവീസോ എച്ച്.ബി.ഒവിലോ ആയിരുന്നെങ്കില്‍ അവരിപ്പോ കിസ്സ് ചെയ്‌തേനെയായിരുന്നു.
കൗമാരത്തിലേക്കു യാത്ര ചെയതുകൊണ്ടിരിക്കുന്ന മോനോട് എന്തു പറയണമെന്നറിയാതെ അമ്മ കുഴങ്ങി. മോൻ പറഞ്ഞത് കേട്ടു എന്ന് വരുത്തി അവർ സിനിമയുടെ നേർക്കുനോക്കി, സിനിമ കാണാൻ കഴിയാതെ ഇരുന്നു. മകനോട് എന്ത് എങ്ങിനെ പ്രതികരിക്കും. മോൻ പറഞ്ഞതു കേട്ട് ചിരിച്ചാല്‍ അവൻ എന്തു ധരിക്കും. അതൊക്കെ മോശമാണെന്നു പറഞ്ഞാല്‍ വളരുന്ന ആ കുട്ടിയിലുണ്ടാവുന്ന പ്രതിഫലനമെന്താവും. തന്റെ ഉള്ളില്‍ അനുഭവിച്ച സംഘർഷം പുറത്തുകാണാതിരിക്കാൻ അമ്മ വല്ലാതെ വിഷമിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ അമ്മയ്ക്കറിയില്ല എങ്ങിനെയാണ് ഇത്തരം സന്ദർഭങ്ങളില്‍ മകനോട് പ്രതികരിക്കേണ്ടതെന്ന്. ഒരുപാടു ചിന്തകൾ അവരുടെ ഉള്ളില്‍ കൂടി കടന്നുപോയി. മോന്റെ ചിരി കണ്ട് അങ്ങനെ ചോദിച്ചത് തെറ്റായിപ്പോയി. അവന്റെയുള്ളില്‍ എന്തു വികാരങ്ങളായിരിക്കും ഉണ്ടായിക്കാണുക. ഇത് അവന്റെ അച്ഛനോട് പറയാൻ ഒരു മടി. പിന്നീട് മോന്റെ മുഖത്തുനോക്കാൻ കുറച്ചുനേരത്തേക്ക് ഭാരം പോലെ.
വിവിധ സംസ്‌കാരങ്ങൾ തമ്മിലുള്ള സങ്കലനം എക്കാലത്തും നടന്നുകൊണ്ടിരിക്കും. ഒരു പ്രദേശത്തെ തന്നെ സംസ്‌കാരവും വൈകാരികതയുമൊക്കെ കാലാകാലങ്ങളില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. അതു സ്വാഭാവികം. അവളുടെ രാവുകൾ എന്ന സിനിമയില്‍ സീമ ഷർട്ട് മാത്രമിട്ട് നില്‍ക്കുന്ന പോസ്റ്റർ എഴുപതുകളുടെ അവസാനത്തില്‍ വലിയ വൈകാരികത സൃഷ്ടിച്ചു. ഇന്ന്‍ നഗരങ്ങളിലെ പൊതുനിരത്തില്‍ കാണപ്പെടുന്ന ആധുനിക യുവതികളുടെ വേഷവുമായി തട്ടിച്ചുനോക്കുമ്പോൾ ആ പോസ്റ്ററില്‍ കണ്ടത് വസ്ത്ര ധാരാളിത്തം. അതുകൊണ്ടുതന്നെ ഇന്ന്‍ അത്തരമൊരു പോസ്റ്റർ ശ്രദ്ധ ആകർഷിക്കില്ല. വ്യക്തികളില്‍ വന്ന വൈകാരികതയുടെ മാറ്റം.
അല്‍പ്പസ്വല്‍പ്പമൊക്കെ ഇക്കിളി തോന്നിയെങ്കിലും നിഷ്‌കളങ്കമായാണ് അവൻ കിസ്സിംഗിനെക്കുറിച്ച് അവന്റെയമ്മയുടെയടുത്തു പറഞ്ഞത്. എന്നാല്‍ അമ്മ അത് തന്റെ വൈകാരികതയുമായി ബന്ധപ്പെടുത്തി കേട്ടു. തന്റെ വൈകാരികതയില്‍, സ്വകാര്യതയില്‍ രതിനിമിഷങ്ങളില്‍ അറിയുന്ന ഒന്നാണ്. ആ വിഷയം മകനെടുത്തിട്ടപ്പോൾ മകന്റെ നിഷ്‌കളങ്കതയെ അമ്മയ്ക്ക് അറിയാൻ കഴിഞ്ഞില്ല. വളരെ കൗതുകത്തോടെയാണ് മകൻ അതു പറഞ്ഞത്. പ്രതികരണം ഒന്നും ലഭിക്കാതിരുന്ന അമ്മയുടെ ശക്തമായ പ്രതികരണം അവന്റെ അബോധമനസ്സില്‍ അവനറിയാതെ രേഖപ്പെടുത്തും. എന്തോ പന്തികേടുള്ളതാണ് ഈ ഏർപ്പാടെന്ന്‍ അവൻ ചെറിയ തോതില്‍ മനസ്സിലാക്കിയിട്ടുണ്ടാവും. അടുത്ത തവണ ഇംഗ്ലീഷ് സിനിമയില്‍ കിസ്സിംഗ് കാണുമ്പോൾ ഒരുപക്ഷേ അതുവരെ കണ്ട നിഷ്‌കളങ്കതയോടെ കാണണമെന്നില്ല. അവന്റെയുള്ളില്‍ താൻ പ്രകടിപ്പിച്ച കൗതുകം അതേ പടി സ്വീകരിച്ച് തന്നെ സന്തോഷിപ്പിക്കാതിരുന്ന അമ്മയുടെ ആ നിമിഷങ്ങൾ ഓടിയെത്തും. സെക്‌സ് പാപമാണെന്നുള്ള ബാലപാഠത്തിന്റെ അക്ഷരമാലകൾ കുഞ്ഞുമനസ്സുകളിലേക്ക് നാം അറിയാതെ നമ്മളിലൂടെ നിക്ഷേപിക്കപ്പെടുന്ന നിമിഷങ്ങൾ.
പാശ്ചാത്യൻ പരസ്യമായി സന്തോഷം പങ്കുവെച്ച് ചുംബിക്കുമ്പോൾ നമുക്ക് ചുംബനം സ്വകാര്യതയില്‍ ലഭ്യമാകുന്ന ആനന്ദമാണ്. ആനന്ദം നല്‍കുന്ന ഒന്നിനെക്കുറിച്ച് മോശം തോന്നാവുന്ന പ്രതികരണം ഉണ്ടായാല്‍ അത് ആപത്താണ്. ഏതു നിമിഷവും സന്തോഷം തേടുന്ന മനുഷ്യനില്‍ അതിന്റെ ആനന്ദദായകതയെക്കുറിച്ചും അതിന്റെ പരസ്യമായ നിഷിദ്ധഭാവത്തേക്കുറിച്ചും ഉള്ള വികാര സംഘട്ടനങ്ങൾ ഉണ്ടാവും. അവ്യക്തതയിലുണ്ടാവുന്ന ഒന്നാണ് സംഘട്ടനം. ആന്തരിക സംഘട്ടനങ്ങളാണ് ഹിംസാത്മകതയുടെ പല രൂപഭാവങ്ങളില്‍ ബാഹ്യമായി പ്രകടമാവുന്നത്. സ്‌നേഹം പങ്കുവച്ചനുഭവിക്കുന്ന ചുംബനത്തെക്കുറിച്ച് നല്ല ഭാവങ്ങൾ ഉണ്ടാകുമ്പോഴാണ് അവനില്‍ അത് അശ്ലീലമല്ലാതെ സുന്ദരഭാവത്തിലേക്കു പരിണമിക്കുന്നത്. ഉടനെ ചോദിച്ചേക്കാം കൗമാരപ്രായത്തില്‍ കുട്ടികളെ പരസ്പരം പരസ്യമായി ചുംബിക്കാനും മറ്റുമൊക്കെ അനുവദിക്കണോ എന്ന്‍. ഇവിടെ ഒരു കാര്യം മാത്രം ആലോചിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും. ശാന്തതയുള്ള മനസ്സിന് മാത്രമേ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളു. ശാന്തമായ മനസ്സില്‍ നിന്ന്‍ സംഘട്ടനം ഒഴിഞ്ഞുനില്‍ക്കും. അതുകൊണ്ട് തന്നെ ചുറ്റുപാടും എന്തു വൈകൃതങ്ങൾ നടന്നാലും അതില്‍ കുലുങ്ങാതെ സ്വഭാവികമായി, ശാന്തമായി നിലകൊള്ളാൻ കഴിയും. അങ്ങിനെയുള്ള വ്യക്തിക്കു അറിയാൻ കഴിയും, എന്ത് എങ്ങിനെ എപ്പോൾ വേണമെന്ന്. അത് ബാല്യത്തിലേ ശീലിപ്പിക്കേണ്ടതാണ്.
ഇംഗ്ലീഷ് സിനിമയിലായിരുന്നെങ്കില്‍ ഇപ്പോൾ കിസ്സ് ചെയ്‌തേനെ എന്നു പറഞ്ഞ നിമിഷം ഒമ്പതുവയസ്സുകാരൻ മകനെ എടുത്തു നെഞ്ചോടു ചേർത്ത് മുഖത്ത് അമർത്തി സ്‌നേഹത്തോടെ ഉമ്മ കൊടുക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ അവന്റെ മനസ്സില്‍ മറ്റൊരു വ്യാകരണത്തിന്റെ ബാലപാഠത്തിന്റെ അക്ഷരമാലകൾ കോറിയിടപ്പെടുമായിരുന്നു. ചുംബനത്തെ സ്‌നേഹത്തിന്റെ അക്ഷരമാലയായി അവൻ അറിയുമായിരുന്നു. കുട്ടികളായാലും മുതിർന്നവരായാലും സ്‌നേഹം ഉള്ളില്‍ നിറയുന്നതിനനുസരിച്ച് പേടിയും ആശങ്കകളും ആവലാതികളുമെല്ലാം അകന്നു നില്‍ക്കും. അങ്ങിനെയായിരുന്നുവെങ്കില്‍ അടുത്തതവണ അത്തരം രംഗങ്ങൾ കാണുമ്പോൾ അവന്റെയുള്ളില്‍ സ്‌നേഹത്തിന്റെ അനുരണനങ്ങൾ ഉണ്ടാവുമായിരുന്നു. മാത്രവുമല്ല, തന്റെ അമ്മ എന്തും തുറന്നു സംസാരിക്കാവുന്ന സ്‌നേഹനിധിയാണെന്ന ബോധവും അവനറിയാതെ അവന്റെ അബോധമനസ്സില്‍ രേഖപ്പെടുത്തും. ആ വിധം അമ്മയുമായി സംവേദിച്ച് സൗഹൃദത്തിന്റെ നിമിഷങ്ങളനുഭവിക്കുന്ന കുട്ടി വളർന്നു സമൂഹത്തിലേക്കു വരുമ്പോൾ അവനില്‍ ഉണ്ടാവുന്ന സാംസ്‌കാരിക സാന്നിദ്ധ്യം വളരെ വലുതായിരിക്കും. അവന്റെ സ്ത്രീകളുമായുള്ള ഇടപെടലിനെ നിശ്ചയിക്കുന്നത് അവന്റെ അമ്മയുമായുള്ള ബന്ധത്തിന്റെ വ്യാകരണമായിരിക്കും. അവൻ സ്ത്രീകളുടെ അടുത്തെത്തുമ്പോൾ ഇക്കിളി കൊള്ളില്ല. സൗകര്യം ഒത്തുവരികയാണെങ്കില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന സ്വഭാവവും ഉണ്ടാവില്ല.
ഒമ്പതുകാരന് കിസ്സിംഗിനെ നിഷ്‌കളങ്കമായി കണ്ടപ്പോൾ നമ്മുടെ സാമൂഹിക സ്വാധീനത്താല്‍ അമ്മയില്‍ ഉറച്ചുപോയ ധാരണയുടെ ഫലമായുണ്ടായ വൈകാരികതയാണ് പ്രശ്‌നം. ആ ഒമ്പതുകാരന് സ്ത്രീയുടെ നഗ്നതപോലും ഇപ്പോൾ വലിയ കൗതുകമാകാൻ വഴിയില്ല. അവളുടെ രാവുകളില്‍ നിന്ന്‍ ട്രിവാൻഡ്രം ലോഡ്ജിലെത്തിയപ്പോഴുണ്ടായ മാറ്റം. ഭാവുകത്വത്തില്‍ വന്ന ആ മാറ്റം കൊണ്ടായിരിക്കാം കഴിഞ്ഞതലമുറ ആളെക്കേറ്റാൻ വൈകാരികതയും സ്ത്രീശരീരവും സിനിമയില്‍ ഉപയോഗിച്ചെങ്കില്‍ ന്യൂ ജനറേഷൻ സിനിമകൾ പച്ചയും പുഴുങ്ങിയതും പുഴുങ്ങാത്തതുമായ തെറികൊണ്ട് നിറയ്ക്കുന്നത്. ഇത്തരം സാംസ്‌കാരിക പശ്ചാത്തലത്തിലുമാണ് ഈ ഒമ്പതുകാരന്റെ വളർച്ച. അതിനാല്‍ അവന്റെ ഇത്തരം ചോദ്യങ്ങളോട് അവന്റെ അതേ നിഷ്‌കളങ്കതയില്‍ സ്‌നേഹത്തോടെ പ്രതികരിക്കുന്നത് നന്നായിരിക്കും.