കൗമാരക്കാരന്റെ കൈകഴുകല്‍

Glint Guru
Tue, 26-02-2013 02:40:00 PM ;

പത്താംക്ലാസ്സുകാരനായ മകന് പെട്ടെന്ന് സ്വഭാവമാറ്റം. അയാളുടെ അച്ഛനും അമ്മയ്ക്കും വല്ലാത്ത ആധി. രണ്ടു പേരും ബിരുദാനന്തര ബിരുദധാരികള്‍. ഉയര്‍ന്ന  ഉദ്യോഗം വഹിക്കുന്നവര്‍. മകന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ മാറ്റമായി അവര്‍ പറയുന്നത് അയാള്‍ വീട്ടില്‍ വന്നാല്‍ എപ്പോഴും കൈകഴുകിക്കൊണ്ടിരിക്കുമത്രെ. എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ കഴുകുന്നതെന്നു ചോദിച്ചാല്‍ കുട്ടിക്കു ദേഷ്യം വരുന്നു. ഈ അടുത്ത കാലം വരെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റുകൊണ്ടിരുന്നയാള്‍ ഇപ്പോള്‍ നേരം നന്നായി പുലര്‍ന്നാലും എഴുന്നേല്‍ക്കാന്‍ മടി കാണിക്കുന്നതാണ് അമ്മയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്.

 

യഥാര്‍ഥത്തില്‍ ഈ രക്ഷിതാക്കള്‍ക്ക് സന്തോഷിക്കാവുന്നതാണ്. കാരണം ആ കുട്ടിയില്‍ മാറ്റം പ്രകടമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേപ്പോലെ തന്നെ ഈ വര്‍ഷവും ആ കുട്ടി തുടരുകയാണെങ്കില്‍ കൗമാരത്തില്‍നിന്ന് പുരുഷനിലേക്കുള്ള യാത്ര അവന്‍ പതിനഞ്ചാം വയസ്സിലും തുടങ്ങിയിട്ടില്ലെന്നു വേണം അനുമാനിക്കാന്‍. അച്ഛനില്‍ നിന്ന് അകന്നു നില്ക്കാനുള്ള താല്പര്യവും  ആ കുട്ടിയില്‍ കാണുന്നുണ്ട്. മകനുമായി അവന്റെ ഈ പ്രായത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നന്നായിരിക്കുമെന്നു നിര്‍ദ്ദേശിച്ചപ്പോള്‍ അതിനയാള്‍ ഇരുന്നുതരാതെ ഓടിക്കളയുമെന്ന് അച്ഛന്‍ പരാതി പറയുന്നു.

 

കുട്ടികളുടെ മുന്‍പില്‍ വച്ച് പരസ്പരം സ്‌നേഹത്തോടെ സ്പര്‍ശിക്കുകയോ അടുത്തിടപഴകുകയോ ചെയ്യാത്തവരാണ് അച്ഛനുമമ്മയും. വിശേഷിച്ചും ഭാര്യയ്ക്ക് അങ്ങിനെയുള്ള കാര്യങ്ങളൊന്നും ചിന്തിക്കാനേ കഴിയില്ല. ആ കുട്ടി ടെലിവിഷനിലും സിനിമയിലും കമ്പ്യൂട്ടറിലുമെല്ലാം എപ്പോഴും കാണുന്നത് അത്തരം ദൃശ്യങ്ങളാണ്. ആ കുട്ടിയുടെ മാത്രമല്ല,  എല്ലാവരുടെയും കാര്യം അതു തന്നെ. എന്നാല്‍ അത്തരം ദൃശ്യങ്ങളോട് വിദൂര സാമ്യമുള്ള രംഗങ്ങള്‍ പോലും കുട്ടി വീട്ടില്‍ കാണുന്നില്ല. സ്വാഭാവികമായും അമ്മയ്ക്ക് ആ ദൃശ്യങ്ങളോട് വിയോജിപ്പും എതിര്‍പ്പും ഉണ്ടാവും. അത് പല രൂപത്തില്‍, ഭാവത്തില്‍ ആ കുട്ടിയിലേക്കും ഇരു കൂട്ടരുമറിയാതെ പകര്‍ന്നിട്ടുണ്ടാവും. ആ കുട്ടി ഇപ്പോഴും അമ്മയുടെയടുത്താണ് കിടക്കുന്നത്. അച്ഛന്‍ അവരുടെ കൂടെ കിടക്കുന്നതും ആ കുട്ടിക്ക് ഇഷ്ടമല്ല. അതിനാല്‍ അച്ഛന്‍ വേറേ മുറിയിലാണ് കിടപ്പ്.

 

തന്റെ അമ്മയുടെ കാഴ്ചപ്പാടിലൂടെയാവണം ആ കുട്ടി പൗരുഷത്തിന്റെ പടിവാതിലിലേക്ക് നടക്കുന്നത്. ആ കാഴ്ചപ്പാടില്‍ സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഒക്കെ മോശമായ അഭിപ്രായം ഉണ്ടായിട്ടുണ്ടാവാം. തന്റെ ശരീരത്തിനും മനസ്സിനും വരുന്ന മാറ്റങ്ങളെ ആ കുട്ടി അതുകൊണ്ടുതന്നെ മോശം വികാരങ്ങളോട് ചേര്‍ത്തുവച്ചു കണ്ടാല്‍  അതിശയമില്ല. അവനിലേക്കു വരുന്ന മാറ്റങ്ങളെ കൊള്ളാനും തള്ളാനും പറ്റാത്ത ഒരന്തരാളഘട്ടത്തില്‍ ആ കുട്ടി അകപ്പെട്ടിട്ടുണ്ടാകാം. ആ സംഘട്ടനത്തില്‍ അവന് അവനെക്കുറിച്ചുതന്നെ മോശം തോന്നിയേക്കാം. തന്റെ ശരീരത്തോടു പോലും മതിപ്പില്ലായ്മ തോന്നിയാല്‍ അതിശയപ്പെടാനില്ല. ആ ബോധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആ മനസ്സിന്റെ ഒരു തന്ത്രമായിരിക്കും എപ്പോഴുമുള്ള കൈകഴുകല്‍. കഴുകല്‍ അഴുക്കു കളഞ്ഞ് വൃത്തിയാകാനുള്ള പ്രക്രിയയാണല്ലോ.

 

സ്പോര്‍ട്സിലും കീബോര്‍ഡ് വായനയിലുമൊക്കെ തല്പരനായിരുന്ന ആ കുട്ടിക്ക് അതിലൊന്നും താല്പര്യമില്ല. എത്ര പറഞ്ഞിട്ടും അവന്‍ അതിനൊന്നും കൂട്ടാക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഓരോ തവണ അവര്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും അവന് അവനെക്കുറിച്ചുള്ള അഭിപ്രായം നഷ്ടമായി തനിക്ക് തന്നോടുള്ള വെറുപ്പ് വര്‍ധിക്കുന്ന കാര്യം അവര്‍ അറിയുന്നില്ല. അതിലൊക്കെയുള്ള താല്‍പ്പര്യം നഷ്ടമായതില്‍ അവരേക്കാള്‍ അവന്‍ ഒരുപക്ഷേ ആവലാതിയനുഭവിക്കുന്നുണ്ടാകും. അപ്പോള്‍ അച്ഛനുമമ്മയും സാന്ത്വനം നല്‍കിയാല്‍ അവനു ലഭ്യമാകുന്ന ആശ്വാസം അവന്റെ പിന്നേടുള്ള ജീവിതത്തെ മുഴുവന്‍ ബാധിക്കുന്നതാണ്.

 

ഇന്നത്തെ തുറന്ന ലോകത്തില്‍ മാതാപിതാക്കളുടെ ലോകത്തില്‍ കിടന്ന് എരിപൊരി കൊള്ളുകയാണ് ആ കുട്ടി. അവനനുഭവിക്കുന്ന ആന്തരിക സംഘട്ടനങ്ങള്‍ക്കു പുറമേ അവന് ഏറ്റവും പ്രിയപ്പെട്ട അവന്റെ അമ്മ അവനെപ്രതി അനുഭവിക്കേണ്ടിവരുന്ന വിഷമമോര്‍ത്തും ആ കുട്ടി വ്യസനമനുഭവിക്കുന്നുണ്ടാകും. അവന്റെ ഓരോ പെരുമാറ്റത്തിലും മാതാപിതാക്കള്‍ അതൃപ്തരാവുന്നതു കാണുമ്പോള്‍ ആ കുട്ടി അറിയുക അവന്‍ അസ്വീകാര്യനാകുന്നു എന്നാണ്. അത് അവന് അവനെത്തന്നെ സ്വീകരിക്കാന്‍ കഴിയാതെവരുന്നു. അത് കഴുകിക്കളഞ്ഞു വൃത്തിയാകാന്‍ ശ്രമിക്കുന്നതും അപരാധമായി മാറുമ്പോള്‍ അവന്റെ വിമ്മിഷ്ടം വര്‍ധിക്കുന്നു.

 

അവനില്‍ മാറ്റം ഉണ്ടാകുന്നു എന്നത് അവര്‍ക്ക് ആശ്വസിക്കാനുതകുന്നതാണ്. മാറ്റമാണെന്നറിഞ്ഞാല്‍ ആ മാറ്റത്തെ അവര്‍ക്ക് നിഷ്പ്രയാസം സ്വീകരിക്കാന്‍ പറ്റും. ആ മാറ്റത്തെ സ്വീകരിക്കുമ്പോള്‍ അവന്‍ മനസ്സിലാക്കുക അവന്‍ സ്വീകരിക്കപ്പെടുന്നു എന്നതാണ്. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ സ്വീകാര്യനാണെന്നു വരുമ്പോള്‍ സ്വാഭാവികമായും അവന്‍ മാറ്റങ്ങളെയും സ്വീകരിക്കും.

 

ആ കുട്ടിയോട്, ഇത് മാറ്റത്തിന്റെ ഘട്ടമാണെന്നും അത് ആഘോഷപൂര്‍വ്വം സ്വീകരിക്കേണ്ടതാണെന്നും അവര്‍ക്ക് അവന് സ്വീകാര്യമാവുന്ന വിധം പറഞ്ഞുകൊടുത്താല്‍ അവനുണ്ടാകുന്ന ആശ്വാസവും ആ കുട്ടി പുരുഷനിലേക്കു പരിണമിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യക്തിത്വ വികാസവും വലുതായിരിക്കും. അച്ഛന്‍ പറയുന്നത് കേള്‍ക്കാന്‍ മടി കാണിക്കുന്നുവെങ്കില്‍ ആ ദൗത്യം അമ്മയ്ക്ക് ഏറ്റെടുക്കാവുന്നതാണ്. ഇവിടെ മാറ്റം വേണ്ടത് ആ കുട്ടിക്കല്ല. അത് വരേണ്ടത് രക്ഷിതാക്കളിലാണ്. ആ തിരച്ചറിവ് തന്നെ ധാരാളം. ആ തിരിച്ചറിവുണ്ടാകുന്ന പക്ഷം ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല രക്ഷപെടുന്നത്. ഭാവിയില്‍ അവന്റെ കുടുംബവും കുട്ടികളുമൊക്കെ അതിന്റെ ഗുണഭോക്താക്കളായിരിക്കും. അല്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകളോടെ ചരിത്രം ആവര്‍ത്തിക്കും.

 

ഇനി, ആ കുട്ടിയോട് ഒന്നും സംസാരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവന്റെ ഇപ്പോള്‍ പ്രകടമാകുന്ന സ്വഭാവ വൈശിഷ്ട്യങ്ങളെ പരസ്യമായി കുറ്റപ്പെടുത്താതിരിക്കുന്നതും ഒരുപാട് ഗുണം ചെയ്യും. അതുപോലെ അവന്റെ മാറ്റങ്ങളില്‍ വിഷമം കാണിക്കാതെയുമിരിക്കുക. താരതമ്യം ഒരു വ്യക്തിയെ അത് മുതിര്‍ന്നതായാലും ചെറുതായാലും ഏറ്റവും ദോഷമായി ബാധിക്കുന്ന ഒന്നാണ്. അപ്പോള്‍ അത് ഒരു കൗമാരപ്രായക്കാരനെ എത്രമാത്രം ബാധിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇവിടെ താരതമ്യം അവന്റെ തന്നെ ഭൂതകാലത്തെ ചൂണ്ടിയാണ്. ഒരിക്കലും അവന് സാധിക്കാത്ത കാര്യം. ഇത് അവന്റെ ആത്മവിശ്വാസത്തേയും തകര്‍ത്തുകളയും.

 

ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അവന് പരമാവധി സ്‌നേഹം നല്കി, അവന്റെ ലോകത്തില്‍ കടന്നു കയറാതെ അതേ സമയം അവന്റെ പോക്കിനെ നിരീക്ഷിക്കുകയാവും നല്ലത്. മാറേണ്ടവര്‍ക്ക് മാറാന്‍ കഴിയുന്നില്ലെങ്കില്‍ മാറുന്നവരെ മാറ്റത്തിനു വിട്ടുകൊടുക്കുക എന്ന മിനിമം പരിപാടി. അതിനര്‍ഥം അവനെ ശ്രദ്ധിക്കാതിരിക്കുക എന്നല്ല. നല്ല ശ്രദ്ധ തന്നെ വേണം. ഇത്തരം സാഹചര്യങ്ങളില്‍ മോശം കൂട്ടുകെട്ടുകളില്‍ ചെന്നകപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. നല്ലവരെന്നു തോന്നുന്നവരില്‍ നിന്നു ഇയാള്‍ സ്വയം അകലം പാലിക്കും. താന്‍ അങ്ങിനെയുള്ള ആളല്ല എന്ന തോന്നല്‍ കാരണം.

Tags: