സാമ്പത്തിക വളർച്ച കുറയുന്നതിന് ഉത്തരവാദിയാര്?

കെ.അരവിന്ദ്
Thu, 05-09-2013 03:45:00 PM ;

bse

ഇന്ത്യയിൽ ഓഹരി വിപണിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ പരിമിതമാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതു പോലും മൊത്തം ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം വരുന്ന ആളുകൾ മാത്രമാണ്. കൂടുതലായും സ്ഥിരനിക്ഷേപ മാർഗങ്ങളിൽ നിക്ഷേപം നടത്തുകയാണ് ഇന്ത്യയിലെ ചെറുകിട നിക്ഷേപകർ ചെയ്യുന്നത്. അതേ സമയം യു.എസ് പോലുള്ള വികസിത രാജ്യങ്ങളിലെ സ്ഥിതി തീർത്തും വിഭിന്നമാണ്. യു.എസിലെ ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 65 ശതമാനത്തോളമാണ്.

 

Economy Watch
സമ്പദ്‌വ്യവസ്ഥയേയും സാമ്പത്തിക നയങ്ങളേയും വിപണിയേയും ബിസിനസ് ലോകത്തേയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍

യു.എസിൽ ഓഹരി വിപണി തകർന്നാൽ അവിടുത്തെ സർക്കാറിന്റെ നിലനിൽപ്പാകും അപകടത്തിലാകുന്നത്. അവിടെ ജനങ്ങളുടെ നിക്ഷേപത്തിന്റെ ബഹുഭൂരിഭാഗവും ഓഹരി വിപണിയിലും പെൻഷൻ പ്ലാനുകൾ - ശാസ്ത്രീയമായ സാമ്പത്തിക ആസൂത്രണ രീതികൾ അവലംബിക്കുന്ന വികസിത രാജ്യങ്ങളിലെ ജനങ്ങൾ ഓഹരി ബന്ധിത പെൻഷൻ പ്ലാനുകൾക്ക് പ്രത്യേക പ്രാധാന്യമാണ് നൽകുന്നത് - പോലുള്ള ഓഹരി ബന്ധിത നിക്ഷേപ മാർഗങ്ങളിലുമാണ്.  അതുകൊണ്ടു തന്നെ ഓഹരി വിപണി തകരുന്നതിന് കാരണമാകുന്ന നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായാൽ ജനങ്ങളുടെ പ്രതികരണം തീവ്രമായിരിക്കും. അതിനാൽ ഓഹരി വിപണിയെ തുണക്കുന്ന നയങ്ങൾ ആവിഷ്‌കരിക്കുന്നതിന് യു.എസ് സർക്കാർ പ്രഥമ പരിഗണന നൽകുന്നു. സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും കറൻസിയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനും വിപണിയിലെ ധനലഭ്യത വർധിപ്പിക്കുന്നതിനും പോന്ന നടപടികൾക്ക് യു.എസ് സർക്കാറും അവിടുത്തെ കേന്ദ്രബാങ്കും പ്രത്യേക പ്രാധാന്യവും പരിഗണനയും നൽകുന്നത് ഭൂരിപക്ഷം ജനങ്ങളുടെ താൽപ്പര്യത്തെ മുൻനിർത്തിയാണ്.

 

ഭൂരിപക്ഷം ജനങ്ങൾ ശ്രദ്ധിക്കുന്ന വിഷയങ്ങളിൽ ഇടപെടാനും തങ്ങളുടെ അധികാരത്തെയും നിലനിൽപ്പിനെയും നിർണയിക്കുന്ന മുഖ്യധാരാ സമൂഹത്തിനു മുന്നിൽ  തങ്ങളുടെ മുഖച്ഛായ പരമാവധി മെച്ചപ്പെടുത്താനുമായിരിക്കും ഏതൊരു സർക്കാറും ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലെ സർക്കാർ നേതൃത്വം നയപരമായ നടപടികൾക്ക് നൽക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം 'പൊളിറ്റിക്കൽ ഗെയി'മുമായി ബന്ധപ്പെട്ട  കാര്യങ്ങളിൽ തങ്ങളുടെ പ്രമാണിത്തം ഉറപ്പിക്കാൻ പോന്ന ചെയ്തികൾക്ക് നൽകുന്നത്. ഓഹരി വിപണി സ്ഥിരതയാർജിക്കാൻ സഹായിക്കുന്ന നടപടികളേക്കാൾ എത്രയോ പ്രധാനം ഇന്ത്യയിലെ സർക്കാരിന് ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ സുഗമമായ പ്രവർത്തനമാണ്.  തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയം ഉറപ്പുവരുത്തണമെങ്കിൽ ബഹുഭൂരിപക്ഷവും ഗ്രാമീണരായ ഇന്ത്യയിലെ വോട്ടർമാരുടെ മുന്നിലെത്തുമ്പോൾ ധനകാര്യ വിപണിക്ക് സ്ഥിരതയാർജിക്കാൻ തങ്ങൾ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്തിയിട്ട് കാര്യമില്ലല്ലോ.

 

സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വഷളാകുമ്പോൾ ഇന്ത്യയിലെ സർക്കാർ അവസാന ഘട്ടത്തിൽ മാത്രം തീരുമാനമെടുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇതൊന്നും വിഷയമല്ല എന്നതു തന്നെ. ജനങ്ങളെ സുഖിപ്പിച്ച് കൈയിലെടുക്കുക എന്നതായിരിക്കും അധികാര രാഷ്ട്രീയത്തിൽ മേധാവിത്തം നിലനിർത്താൻ ശ്രമിക്കുന്ന ഏതൊരു പാർട്ടിയുടെയും സഖ്യത്തിന്റെയും മുഖ്യ അജണ്ട.

 

അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ കൂടുതൽ ത്വരിതമായ നടപടികൾ ഉണ്ടാകണമെങ്കിൽ ജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിലുള്ള താൽപ്പര്യം വർധിക്കണം. അതുണ്ടാകണമെങ്കിൽ ഇത്തരം വിഷയങ്ങൾ നിർണായകമാകുന്ന ഓഹരി വിപണിയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കണം. ആദ്യമായി ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ പിറ്റേ ദിവസം മുതൽ പത്രത്തിന്റെ ബിസിനസ് പേജിലേക്ക് ആദ്യം കണ്ണ് ചെല്ലുന്നതാവും ശീലം. സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളൊന്നും അത്ര കണ്ട് പിടികിട്ടിയില്ലെങ്കിലും ഇതൊക്കെ ഓഹരി വിപണിയുടെ പ്രകടനത്തിൽ നിർണായകമാണെന്ന് മനസിലാക്കുന്നതോടെ ഇതൊക്കെ മെച്ചപ്പെടുത്താൻ സർക്കാർ എന്തു ചെയ്യുന്നുവെന്ന് നിരീക്ഷിച്ചു തുടങ്ങും. അതോടെ യുപിഎ/ എൻഡിഎ, യുഡിഎഫ്/എൽഡിഎഫ് തുടങ്ങിയ മുന്നണി വേർതിരിവുകൾക്കു പിന്നിലെ രാഷ്ട്രീയത്തേക്കാൾ  ഇത്തരം വിഷയങ്ങളിൽ ഇവരൊക്കെ സ്വീകരിക്കുന്ന നിലപാടിലെ വേർതിരിവാകും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വളർച്ചയുമൊക്കെ മെച്ചപ്പെടണമെങ്കിൽ അതിനെ ബാധിക്കുന്ന ഘടകങ്ങളിൽ ജനങ്ങൾക്ക് താൽപ്പര്യമുണ്ടാകുകയും ആ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കാനുള്ള ആർജവം പ്രകടിപ്പിക്കുകയും വേണം.

Tags: