തീരുവ കൂട്ടിയാൽ സ്വർണക്കൊതി അടങ്ങുമോ?

കെ.അരവിന്ദ്
Mon, 19-08-2013 11:45:00 AM ;

Gold Import Duty

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യം ഇന്ത്യയിൽ നിന്ന്‍ കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തേക്കാൾ കൂടുതലാണ്. വിദേശവ്യാപാര കമ്മി അഥവാ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് എന്ന ഈ സ്ഥിതിവിശേഷം കൂടുതൽ രൂക്ഷമാകുന്നതാണ് സർക്കാരിനെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്‍. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.4 ശതമാനത്തിലെത്തി നിൽക്കുന്ന വിദേശവ്യാപാര കമ്മിയെ നിയന്ത്രിക്കാൻ മാർഗങ്ങൾ തേടുകയാണ് കേന്ദ്ര സർക്കാർ.

 

Economy Watch

സമ്പദ്‌വ്യവസ്ഥയേയും സാമ്പത്തിക നയങ്ങളേയും വിപണിയേയും ബിസിനസ് ലോകത്തേയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കൂടുന്നതിന്റെ ഒരു പ്രധാന കാരണം സ്വർണ ഇറക്കുമതിയിലെ വർധനയാണ്. ഇന്ത്യയിലെ സ്വർണത്തിന്റെ ഉപഭോഗം കൂടുന്നതിന് അനുസരിച്ച് വിദേശ വ്യാപാര കമ്മിയും വർധിക്കുന്നു. ഇന്ത്യയിലേക്കുള്ള സ്വർണത്തിന്റെ അറ്റ ഇറക്കുമതി കറന്റ് അക്കൗണ്ട് കമ്മിയുടെ 60 ശതമാനത്തോളം വരും. നിലവിൽ ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ മൂല്യത്തിന്റെ 12 ശതമാനവും സ്വർണം ഇറക്കുമതി ചെയ്യാനാണ് ചെലവിടുന്നത്. വിദേശവ്യാപാര കമ്മി കുറയ്ക്കണമെങ്കിൽ സ്വർണത്തിന്റെ ഇറക്കുമതി കുറയണമെന്ന്‍ ചുരുക്കം. ഇറക്കുമതി കുറയണമെങ്കിൽ സ്വർണത്തിന്റെ ഉപഭോഗം കുറയണം.

 

ഈ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഈയിടെ പത്ത് ശതമാനമായി വർധിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വലിയ വർധനയാണുണ്ടായത്. 2011ൽ 99.5 ശതമാനത്തിൽ കൂടുതൽ പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇറക്കുമതി തീരുവ രണ്ട് ശതമാനമായിരുന്നു. ഇതാണ് നാല് തവണയായി നടത്തിയ വർധനവിലൂടെ പത്ത് ശതമാനമായത്.

 

തൊണ്ണൂറുകളുടെ ആദ്യത്തിൽ സാമ്പത്തിക പരിഷ്‌കരണ നടപടികൾ നടപ്പിലാക്കുമ്പോൾ സ്വർണത്തിന്റെ കള്ളക്കടത്ത് നിയന്ത്രിക്കേണ്ട ആവശ്യകതയെ കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. അന്ന്‍ വ്യത്യസ്തമായ സാമ്പത്തിക ചുറ്റുപാടിലായിരുന്നു നമ്മുടെ രാജ്യം. സ്വർണത്തിന്റെ ഇറക്കുമതി സുഗമമാക്കുകയാണ് അന്ന്‍ ചെയ്തതെങ്കിൽ രണ്ട് ദശകത്തിനു ശേഷം തീരുവ കൂട്ടി ഇറക്കുമതി നിയന്ത്രിക്കാനാണ് ഇന്നത്തെ ധനമന്ത്രി ശ്രമിക്കുന്നത്.

 

സ്വര്‍ണ്ണത്തിന്റെ സാംസ്കാരിക മൂല്യം

ഇറക്കുമതി തീരുവ വർധിപ്പിച്ചതു കൊണ്ടു മാത്രം സ്വർണത്തിന്റെ ഉപഭോഗം  നിയന്ത്രിക്കാനാകുമോ? സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷവും സ്വർണത്തിന്റെ ഡിമാന്റ് വർധിക്കുകയാണ് ചെയ്തത് എന്നതാണ് യാഥാർത്ഥ്യം. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് മൂലം കള്ളക്കടത്ത് വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

വിവാഹവേളകളിൽ മൂല്യത്തിനു പകരം അളവിന്റെ അടിസ്ഥാനത്തിൽ സ്വർണം വാങ്ങുക എന്നതാണ് നമ്മുടെ ശീലം. നമ്മുടെ പരമ്പരാഗത ശീലങ്ങളുടെ ഭാഗമായാണ് സ്വർണത്തിന്റെ ഉപഭോഗം വർധിക്കുന്നത് എന്നതുകൊണ്ടുതന്നെ സ്വർണത്തിന്റെ വില ഉയരുമ്പോൾ സ്വർണത്തിന്റെ ഉപഭോഗം കുറയുന്ന പതിവില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ സ്വർണവില കുതിച്ചുയർപ്പോൾ സ്വർണത്തിന്റെ ഉപഭോഗം വർധിക്കുകയാണ് ചെയ്തത്. ജനങ്ങളുടെ വരുമാനവർധനവും സ്വർണത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്നു. ജനങ്ങളുടെ വരുമാനം ഒരു ശതമാനം വർധിക്കുമ്പോൾ സ്വർണത്തിന്റെ ഡിമാന്റിൽ ഒന്നര ശതമാനം വർധനയാണുണ്ടാകുതെന്ന്‍ റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

 

സ്വർണത്തിന്റെ ഉപഭോഗം വർധിക്കുന്നത് സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമല്ലെന്ന്‍ പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്വർണം സൃഷ്ടിപരമായ പ്രവൃത്തികൾക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ഒന്നാമത്തേത്. ഉൽപ്പാദനക്ഷമമല്ലാത്ത ആസ്തിയാണ് സ്വർണം. ഒരു നിക്ഷേപകൻ ഓഹരിയോ ബോണ്ടോ വാങ്ങുമ്പോൾ അയാൾ അതിനായി ചെലവിടുന്ന പണം ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാൽ സ്വർണം വാങ്ങി അലമാരയിലോ ബാങ്ക് ലോക്കറിലോ ഡീമാറ്റ് അക്കൗണ്ടിലോ സൂക്ഷിക്കുമ്പോൾ അത് സൃഷ്ടിപരമായ യാതൊരു പ്രവർത്തനങ്ങളുടെയും ഭാഗമാകുന്നില്ല.

 

സ്വർണത്തിന്റെ വില കുതിച്ചുയരുകയും സ്വര്‍ണനാണയങ്ങളിലും ഗോൾഡ് ഇടിഎഫുകൾ പോലുള്ള നൂതന പദ്ധതികളിലും നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ അളവ് വർധിക്കുകയും ചെയ്യുമ്പോഴും മിക്ക സാമ്പത്തിക വിദഗ്ധരും  ഫിനാൻഷ്യൽ പ്ലാനർമാരും പറയുന്നത് അഞ്ചോ പത്തോ ശതമാനത്തിൽ കൂടുതൽ സ്വർണത്തിൽ നിക്ഷേപിക്കരുതെന്നാണ്. ഉൽപ്പാദനക്ഷമമല്ലാത്ത ആസ്തി എന്ന നിലയിൽ സ്വർണം ഒരു പ്രധാന നിക്ഷേപ മാർഗമായി പരിഗണിക്കേണ്ടതില്ല എന്ന നിരീക്ഷണമാണ് അവരിൽ മിക്കവരും പങ്കുവെക്കുന്നത്. എന്നിട്ടും സ്വര്‍ണനാണയങ്ങളിലൂടെയും ഇടിഎഫുകളിലൂടെയുമുള്ള നിക്ഷേപം വർധിക്കുന്നു. 2006-ൽ ഉപഭോഗം ചെയ്യപ്പെട്ട സ്വർണത്തിന്റെ 26 ശതമാനം മാത്രമായിരുന്നു നിക്ഷേപം എന്ന നിലയിൽ വാങ്ങിയത്.  2011-ൽ അത് 37 ശതമാനമായി ഉയർന്നു.

 

വെട്ടിപ്പിന്റെ വഴികള്‍

ഇന്ത്യയിൽ കള്ളപ്പണം ഏറ്റവും കൂടുതൽ നിക്ഷേപിക്കപ്പെടുന്നത് റിയൽ എസ്റ്റേറ്റിലും സ്വർണത്തിലുമാണ്. അതുപോലെ ഏറ്റവും കൂടുതൽ നികുതി വെട്ടിക്കപ്പെടുന്നതും ഈ നിക്ഷേപ മാർഗങ്ങളിലാണ്. സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നിലവിലുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി മൂലധന നേട്ട നികുതി കണക്കാക്കി നികുതിയൊടുക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാൽ എത്ര പേർ ഇത്തരത്തിൽ നികുതി കണക്കാക്കി ആദായനികുതി വകുപ്പിന് മൂലധന നേട്ട നികുതി നൽകുന്നു?

 

ഒരു വ്യക്തിയുടെ കൈവശം എത്ര ഭൂമിയുണ്ടെന്ന്‍ ഒരു പക്ഷേ അയൽപ്പക്കക്കാരനോ മറ്റ് നാട്ടുകാർക്കോ ഒക്കെ അറിയാൻ സാധിച്ചേക്കും. പക്ഷേ അയാളുടെ കൈയിൽ എത്ര സ്വർണമുണ്ടെന്ന്‍ അവർക്ക് ഒരു തിട്ടവുമുണ്ടാകില്ല. കൈവശമുള്ള ഭൂമി വിൽക്കുമ്പോൾ  വില കുറച്ചു കാണിച്ച് മൂലധന നേട്ട നികുതി ലാഭിക്കാൻ കഴിഞ്ഞേക്കുമെങ്കിലും  അത് ഇടപാട് രേഖകളിൽ നിന്ന്‍ മറച്ചുവെക്കാനോ നികുതി പൂർണമായും വെട്ടിക്കാനോ സാധ്യമല്ല. അതേ സമയം സ്വർണം വിൽക്കുമ്പോൾ ലഭിച്ച ലാഭത്തിനുള്ള നികുതി ആർക്കും എളുപ്പം വെട്ടിക്കാം. ഒരാളുടെ കൈയിൽ ഭൗതികരൂപത്തിലുള്ള സ്വർണം എത്രയുണ്ടെന്ന്‍ അറിയാൻ ഇന്ന്‍ യാതൊരു മാർഗവുമില്ല. അയാൾ സ്വർണം വാങ്ങുന്നത് രേഖകളിൽ സൂക്ഷിക്കാനോ വിൽക്കുമ്പോൾ നികുതി രേഖപ്പെടുത്താനോ ഇന്ന്‍ യാതൊരു നിബന്ധനകളുമില്ല. ജ്വല്ലറിയിൽ നിന്ന്‍ സ്വർണം വാങ്ങുമ്പോൾ കടക്കാരൻ നൽകുന്ന ബില്ല് മാത്രമാണ് ഇടപാടിനുള്ള രേഖ. വിൽക്കുമ്പോഴുള്ള വിലയോ ലാഭമോ എവിടെയും രേഖപ്പെടുത്തുന്നുമില്ല.

 

ഇത്തരത്തിൽ സ്വർണവ്യാപാരത്തിൽ  യാതൊരു സുതാര്യതയുമില്ലാത്ത, സ്വർണം വാങ്ങുന്നത് ഒരു സാംസ്കാരിക ശീലമായിരിക്കുന്ന ഒരു സമൂഹത്തിലെ സ്വർണത്തിന്റെ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ മാത്രം മതിയാകും എന്ന്‍ കരുതുന്ന അധികാരികൾ യാഥാർത്ഥ്യത്തിൽ നിന്നും എത്രയോ അകലെയാണ്.

 

സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ നിലവിലുള്ള നികുതി വ്യവസ്ഥയിലെ വിള്ളലുകൾ അടയ്ക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റിൽ സ്വർണ ഇടപാടുകൾക്ക് സ്രോതസിൽ നിന്ന്‍ നികുതി ഈടാക്കാനുള്ള നിർദേശം ഈ ദിശയിലുള്ളതായിരുന്നെങ്കിലും അതും വേണ്ടത്ര ഫലപ്രദമല്ല. രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വില വരു സ്വർണ ഇടപാടുകൾക്ക് ഒരു ശതമാനം നികുതി സ്രോതസിൽ നിന്ന്‍ ഈടാക്കിയിരിക്കണമൊയിരുന്നു ബജറ്റ് നിർദേശം. സ്വർണ വ്യാപാരികളിൽ നിന്നുള്ള സമ്മർട്ടം ശക്തമായപ്പോൾ ടിഡിഎസ് ബാധകമായ സ്വർണ ഇടപാടിന്റെ പരിധി രണ്ട് ലക്ഷം രൂപയിൽ നിന്ന്‍ അഞ്ച് ലക്ഷം രൂപയായി ഉയർത്തി. എന്നാൽ അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള പല ഇടപാടുകളായി സ്വർണം വാങ്ങിയാൽ നികുതി ബാധകമല്ലാത്തതിനാൽ നികുതി വെട്ടിപ്പ് നിർബാധം തുടരാനുള്ള സാഹചര്യം നിലനിൽക്കുകയാണ്.

 

ചുരുക്കത്തിൽ സ്വർണത്തിനുള്ള ഡിമാന്റ് വർധിക്കുന്നതിനു വഴിവെക്കുന്ന അനാരോഗ്യകരമായ ഘടകങ്ങളെ ഇല്ലാതാക്കാൻ സർക്കാർ  ആത്മാർത്ഥത കാണിക്കുന്നില്ല. ഇറക്കുമതി തീരുവ വർധിപ്പിക്കുന്നതു പോലുള്ള നടപടികൾ മൂലം സ്വർണത്തിന്റെ കള്ളക്കടത്ത് വ്യാപകമാവുകയും ചെയ്യും.

Tags: