സി.എന്‍ - ധാരാളിത്തത്തിലെ മിതത്വം

പ്രവീണ്‍ ഒഫീലിയ
Tue, 17-12-2013 02:30:00 PM ;

cn karunakaran

 

നമുക്കൊരു നടപ്പുരീതി ഉണ്ട്‌, പ്രശസ്തനായവനെ കേരളീയന്‍ എന്നോ ഭാരതീയന്‍ എന്നോ ചുരുക്കിക്കളയുന്ന ഒരു തരം മോശം പ്രവണത. ഇത്‌ ചിത്രകലാ രംഗത്താകട്ടെ, സിനിമയോ എഴുത്തോ മറ്റേതു രംഗമെടുത്താലും അങ്ങനെത്തന്നെ. സി.എന്‍ കരുണാകരന്റെ കാര്യത്തിലും അത്‌ വ്യത്യസ്തമല്ല. അദ്ദേഹം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങി നിന്നിട്ടുണ്ടാകും. എന്നാല്‍ ആ കലാസൃഷ്ടികള്‍ രാജ്യാതിര്‍ത്തികളേയും കാലങ്ങളേയും അതിജീവിക്കുന്നു.

 

ഞങ്ങളൊക്കെ വര പഠിച്ചു തുടങ്ങുന്നതുതന്നെ സി.എന്നും നമ്പൂതിരിയും ആനുകാലികങ്ങളില്‍ വരയ്ക്കുന്നതു കണ്ടുകൊണ്ടാണ്‌. അക്കാലത്ത്‌ ഇവരെല്ലാം ഇലസ്റ്റ്രേറ്റേഴ്സ്‌ മാത്രമാണ്‌ എന്നായിരുന്നു ധാരണയൊക്കെ. സി.എന്‍ ഒരു കഥാപാത്രത്തിന്റെ മുടിയിഴ വരയ്ക്കുന്ന സവിശേഷമായ ആ രീതി കടമെടുത്ത്‌ സ്കൂള്‍ കാലത്തില്‍ നോട്ട്‌ ബുക്കിലും മറ്റും പേരെഴുതുന്ന പതിവുണ്ടായിരുന്നു, ഞങ്ങള്‍ക്ക്‌.

 

 

ഗുരുവായൂരില്‍ ജനിച്ചു വളര്‍ന്നവന്‍ എന്ന നിലയ്ക്ക്‌ അവിടത്തെ സംസ്കാരവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും, ഒപ്പം തന്നെ എം.ഗോവിന്ദന്‍ മുതല്‍പ്പേര്‍ ഉണ്ടാക്കിയെടുത്ത ആധുനികതയുടെ യുക്തിഭദ്രമായ മറ്റൊരു തലവും സ്വാധീനിക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണ്‌. സി.എന്നിന്റെ രചനകളില്‍ കാണുന്ന നൂതനാശയങ്ങളും അതേസമയം തന്നെ കടന്നുവരുന്ന പാരമ്പര്യത്തിന്റെ സ്പര്‍ശങ്ങളും ഇത്‌ കൃത്യമായി തെളിയിക്കുന്നുണ്ട്‌. ചുമര്‍ച്ചിത്രങ്ങളിലും സര്‍പ്പക്കളങ്ങളിലും കാണുന്ന വര്‍ണ്ണതീക്ഷ്ണതയും ചടുലതയും സി.എന്നിന്റെ എല്ലാ രചനകളിലും കാണാനാകുന്ന ഒന്നാണ്‌. നിറങ്ങളില്‍ കാണുന്ന തെളിമ (freshness)യും കൃത്യതയും മറ്റൊരാള്‍ക്കും അവകാശപ്പെടാനാവില്ല. മറ്റേതൊരാളും രണ്ടു നിറങ്ങള്‍ ലയിപ്പിക്കുമ്പോള്‍ മൂന്നാമതൊരു നിറം മാത്രം ലഭിക്കുകയും അതേ പ്രവൃത്തി സി.എന്‍ ചെയ്യുമ്പോള്‍ മൂന്നാമതൊരു നിറത്തിന്റെ ഒപ്പം മറ്റേതോ ഒരു ഘടകം കൂടി ലഭിക്കുകയും ചെയ്യുന്നു എന്നും പറയാം. അതുകൊണ്ടൊക്കെയാവാം വേറിട്ടുനില്‍ക്കുന്ന തെളിമയും വരയില്‍ കാണുന്ന ശക്തിയും  അദ്ദേഹത്തിന്‌ മാത്രം ലഭിക്കുന്നത്‌.

 

നിറത്തിന്റെ കാര്യത്തില്‍ രാജാവായിരുന്നു സി.എന്‍. എന്നാല്‍, നിയന്ത്രണം വിട്ടൊരു കളിയും അതില്‍ കാണിച്ചതുമില്ല. ചെയ്യുന്ന മീഡിയം ഏതായാലും, വാട്ടര്‍ കളറോ അക്രിലിക്കോ ഓയിലോ, നിറങ്ങളിന്മേലുള്ള ഈ 'ധാരാളിത്തത്തിലെ മിതത്വം' സി.എന്‍ നന്നായി പാലിച്ചുപോന്നു. രൂപങ്ങളിലെ വീരഭാവം എടുത്തുപറയേണ്ട ഒന്നാണ്‌. അതായത്‌, നമ്പൂതിരിയുടെ ചിത്രങ്ങളില്‍ പൊതുവേ സ്ത്രൈണ-ലാസ്യ ഭാവമാണെങ്കില്‍ സി.എന്നിന്റേതില്‍ അത് പൗരുഷ-വീര ഭാവമാകുന്നു.

 

 

മലയാളക്കരയിലെ ആദ്യ സ്വകാര്യ ആര്‍ട്ട്‌ ഗാലറി തുടങ്ങുമ്പോള്‍ സി.എന്‍ കരുതിയിരുന്നു, മലയാളി, ചിത്രങ്ങള്‍ ആസ്വദിക്കുകയും അവ വാങ്ങുകയും ചെയ്യുമെന്ന്. എഴുപതുകളുടെ പകുതിയിലായിരുന്നു അത്‌. എന്നാല്‍ ഏറെക്കുറെ ഇപ്പോള്‍ പോലും ചിത്രം ആസ്വദിക്കുവാനോ വാങ്ങി സൂക്ഷിക്കുവനോ മലയാളി മെനക്കെടുന്നില്ല. എന്നാല്‍ കേരളത്തിനപ്പുറത്ത്‌ ഇതിന്‌ വലിയ ആരാധകരുണ്ടുതാനും. ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കണക്കെടുത്താല്‍ അതില്‍ കേരളത്തിലെ ചിത്രകാരന്മാര്‍ ധാരാളമുണ്ടാകും എന്നതാണ്‌ ഇതിലെ വൈരുദ്ധ്യമായ സംഗതി. ചിത്രം ആസ്വദിക്കുവാനുള്ള കഴിവ്‌ ശീലം കൊണ്ടുകൂടി ഉണ്ടാകുന്ന ഒന്നാണ്‌. ധൃതിപിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഒരു കലാരൂപത്തിനു മുന്‍പില്‍ നില്‍ക്കാനുള്ള സാവകാശമൊന്നുമില്ലാത്തവരാണല്ലോ നമ്മള്‍.

 

ചിത്രകാരനാണ് പ്രവീണ്‍ ഒഫീലിയ

Tags: