അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുന്നതിനിടെ അവരുടെ നേര്‍ക്ക് എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 303 റൈഫിളും മാവോയിസ്റ്റുകളുടെ കൈയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് മോഷ്ടിച്ചത് ഓറീസയിലെ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്നാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്ലോസ് റേഞ്ചില്‍ അല്ല വെടിവയ്പ്പ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ഇല്ലെന്നും അത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
മണിവാസകത്തിന്റെ ശരീരത്തിലുള്ള ഒടിവുകള്‍ വെടിയേറ്റ് വീഴുമ്പോള്‍ സംഭവിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി കേസ് ഡയറിയും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വരെ സംസ്‌കരിക്കരുതെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വെടിവയ്പ്പില്‍ മരിച്ചവരെ പ്രതിയാക്കി കേസ് അന്വേഷിക്കരുതെന്ന ബന്ധുക്കളുടെ ഹര്‍ജിയിലാണ് തീരുമാനം. ഹര്‍ജിയില്‍ കോടതി വിധി പറയും വരെ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
മണിവാസകത്തിന്റെയും കാര്‍ത്തികിന്റേയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. സ്വതന്ത്ര അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം. നടന്നത് ഏറ്റുമുട്ടലല്ലെന്നും ഏകപക്ഷീയ ആക്രമണമായിരുന്നെന്നും ബന്ധുക്കള്‍ വാദിക്കുന്നുണ്ട്.വ്യാജ ഏറ്റുമുട്ടല്‍ ആണ് മഞ്ചിക്കണ്ടിയില്‍ നടന്നതെന്നും പൊലീസുകാരെ പ്രതിയാക്കി അന്വേഷണം വേണമെന്നും മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏറ്റുമുട്ടല്‍ കേസില്‍ പൊലീസുകാരെ പ്രതിയാക്കിയാല്‍ സേനയുടെ ആത്മവീര്യം ചോരുമെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. കേസ് എടുത്താല്‍ ഇത്തരം ഓപ്പറേഷനില്‍ പൊലീസുകാര്‍ പങ്കെടുക്കാന്‍ മടിക്കും .വെടിവയ്പപ്പ് ഒഴിവാക്കാന്‍ കഴിയാത്തത് ആയിരുന്നു എന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
