കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി യു.ഡി.എഫ് വിടാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ജോസ് കെ. മാണി എം.പിക്കു മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പേരില്‍ മുന്നണി വിടുന്നത് പാര്‍ട്ടിക്കും തനിക്കും ദോഷകരമാണെന്നതിനാല്‍ ഇടുക്കിപട്ടയപ്രശ്നം ഉന്നയിച്ച് അത് മുഖ്യവിഷയമാക്കി മുന്നണി വിടാനാണ് മാണി ശ്രമിക്കുന്നത്.
ഇടുക്കി പട്ടയ പ്രശ്നം സജീവ വിഷയമാക്കാന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് മാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിന്റെ പേരില്‍ വ്യക്തിപരമായി കേസ്സ് കൊടുക്കുന്നതിനും ജോര്‍ജിനെ മാണി അനുവദിച്ചിട്ടുണ്ട്. ഇടുക്കി പ്രശ്നം ഉന്നയിച്ചും ഫോണ്‍ ചോര്‍ത്തല്‍ വിവാദ വിഷയമാക്കിയും യു.ഡി.എഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാനാണ് കേരള കോണ്‍ഗ്രസിന്റെ നീക്കമെന്നാണ് അറിയുന്നത്.
കേരള കോണ്‍ഗ്രസ്സിന്റെ ഉന്നതാധികാരസമിതി യോഗത്തിന് ശേഷം മാണി നടത്തിയ പത്രസമ്മേളനത്തിലും അദ്ദേഹം തന്റെ മനസ്സിലിരിപ്പ് പ്രകടമാക്കിയിരുന്നു. ഈ രീതിയില്‍ മുന്നണിക്കും സര്‍ക്കാരിനും മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഘടകകക്ഷികള്‍ക്ക് മേല്‍ കെട്ടി വക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. പുന:സംഘടനയെ പറ്റിയുള്ള അനിശ്ചിതത്വം നീക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മാണി പറഞ്ഞു. അന്നുതന്നെയാണ് പരോക്ഷമായി പ്രത്യക്ഷത്തില്‍ മണിയെ ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരസ്യക്ഷണവും ഉണ്ടായിട്ടുള്ളത്. മുന്നണി വിടുന്നതിന്റെ തിരക്കഥ പൂര്‍ണമായി വരുന്നതിന്റെ സൂചനകളാണ് ഇതെല്ലം വ്യക്തമാക്കുന്നത് .
ജോസ് കെ. മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനപ്രശ്നം മുഖ്യവിഷയമായി ഉന്നയിക്കപ്പെട്ടതില്‍ ജോസഫ് ഗ്രൂപ്പിന് അമര്‍ഷമുണ്ട്. അതുകൂടി മറികടക്കുകയും യു ഡി എഫിനെ പ്രതിസന്ധിയിലാക്കി മുന്നണി വിടുകയും ,ഭാവിയിലേക്കുള്ള വിലപേശല്‍ ഉറപ്പിക്കുക എന്ന ബഹുമുഖ ലക്ഷ്യമാണ് ഇടുക്കി പ്രശ്നം ഉന്നയിക്കാന്‍ തീരുമാനിച്ചതിലൂടെ കേരള കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത് .