അഫ്ഗാനിസ്ഥാനിലെ ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം കാര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ അഫ്ഗാന് സ്വദേശികളായ 10പേര് കൊല്ലപ്പെടുകയും 22-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കോണ്‍സുലേറ്റിന് സമീപമുള്ള പള്ളിക്കു മുന്നിലാണ് സ്ഫോടനമുണ്ടായത്. കോണ്‍സുലേറ്റിന് സമീപത്തെ നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരം ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നതായി പോലീസ് മേധാവി ജനറല്‍ അമീന് അറിയിച്ചു