Skip to main content

നിങ്ങൾ ജഡ്ജ് ചെയ്യുന്ന ആളാണോ? എങ്കിൽ ജീവിതം കോഞ്ഞാട്ട

Glint Staff
Frustrated young man over judgement
Glint Staff

എന്തും ജഡ്ജ് ചെയ്യുന്ന ആൾക്കാരുടെ ജീവിതവും, അവരോടൊപ്പം ഉള്ളവരുടെ ജീവിതവും അശകൊശയായി മാറും എന്നുള്ളതിന് ഒരു സംശയവുമില്ല.ജഡ്ജ്മെന്റിൽ നിന്നാണ്  മനസമാധാനം ഇല്ലായ്മയും കോലാഹലവും ഹിംസയും തുടങ്ങി സർവ്വ നാശ കോടാലികളും ഉണ്ടാകുന്നത്. കാരണം നമ്മൾ ഒരു സംഗതി ജഡ്ജ് ചെയ്യുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മളുടെ അറിവിന്റെ ഉള്ളിൽ നിന്നുകൊണ്ട് നമ്മൾ ഒരു വിലയിരുത്തൽ നടത്തുന്നു. 
     ഒരുദാഹരണം. ഒരാൾ ഗ്യാസ് കത്തിക്കുന്നു.ലൈറ്റർ ഉപയോഗിച്ചാണ് കത്തിക്കുന്നത്.ലൈറ്റർ വച്ച് പലതവണ അടിച്ചു നോക്കുന്നു.ഗ്യാസ് കത്തുന്നില്ല.വീണ്ടും പലതവണ അടിച്ചു നോക്കുന്നു.പറ്റുന്നില്ല.അപ്പോൾ വേണമെങ്കിൽ ഒരു നിഗമനത്തിൽ എത്താം.ഒന്നുകിൽ ഗ്യാസ് തീർന്നു. അല്ലെങ്കിൽ ലൈറ്റർ കത്തുന്നില്ല.ഗ്യാസ് തീർന്നു എന്ന നിഗമനത്തിൽ എത്തുന്നു എന്ന് കരുതുക. അപ്പോൾ ഗ്യാസ് തീർന്നതായി നാം വിശ്വസിക്കുന്നു.  പെട്ടെന്ന് ചിന്ത വരുന്നു. ഉപയോഗിച്ചു തുടങ്ങിയിട്ട് അത്ര നാളായില്ലല്ലോ. പെട്ടെന്ന് വാർത്ത ഓർമ്മയിൽ എത്തുന്നു. ഗ്യാസ് കുറ്റി ഡെലിവറി ചെയ്യുമ്പോൾ അതിൻറെ അളവ് കൃത്യമെന്നു നോക്കണം. കബളിപ്പിക്കൽ നടക്കാറുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചതാണോ . അടുത്ത ബന്ധുവോ, ജോലിക്കു നിൽക്കുന്ന വ്യക്തിയോ  കൂടി ഗ്യാസ് കൈകാര്യം ചെയ്യുന്നുവെന്ന് കരുതുക. അവരുമായിട്ടു അല്പം പരിഭവമോ അസ്വാരസ്യമോ ഉണ്ടെങ്കിൽ ഉടൻ മനസ്സിൽ വരും ഇയാൾ ശ്രദ്ധിക്കാതെ ചെയ്യും. അതുകൊണ്ടാവണം പെട്ടെന്ന് ഗ്യാസ് തീർന്നത്. പലതവണ പറഞ്ഞിട്ടുള്ളതാണ്. അപ്പോഴേക്കും നമ്മുടെ മനസ്സിൽ വിഷമമായി. അനാവശ്യ ചെലവ്. ആ വ്യക്തി തന്നെ ദ്രോഹിക്കുന്നതായി അറിയുന്നു. 
        കാരണക്കാരനെ അഥവാ കാരണക്കാരിയെ  കണ്ടെത്തി. ആ വ്യക്തി നിമിത്തം അധിക ചെലവ് വരുന്നു. അനാവശ്യ ചെലവ് വരുന്നു. പെട്ടെന്ന് മനസ്സിൽ വികാരം വന്നു നിറയുന്നു. അത് നമ്മളുടെ രാസ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഒട്ടനവധി വിഷാംശമുള്ള ഘടകങ്ങൾ രാസവസ്തുക്കൾ ശരീരത്തിനുള്ളിൽ നിക്ഷേപിക്കപ്പെടുന്നു. മനസ്സിലും ആ വ്യക്തിയോടുള്ള വിദ്വേഷവും വർദ്ധിക്കുന്നു. അതും ഉള്ളിൽ നിക്ഷേപിക്കപ്പെടുന്നു. മുൻപ് ഉണ്ടായിരുന്ന സുഖമില്ലായ്മ അല്ലെങ്കിൽ അസ്വാരസ്യം കൊണ്ടാണ് അങ്ങനെ ചിന്തിക്കാൻ കാരണമായത്. അതിൻറെ മേലെ ഇതും കൂടി നിക്ഷേപിക്കപ്പെടുന്നു. ഇങ്ങനെ പോകുന്നു ആ ഒരു ചെറിയ നിമിഷം. ഒരു ഘട്ടത്തിൽ ആ വ്യക്തിയുമായി ഇതുപോലെ എന്തെങ്കിലും ഒരു സംഭാഷണമോ ഇടപെടൽ ഉണ്ടാവുമ്പോൾ അഗ്നിപർവ്വതം പോലെ ഈ അടിഞ്ഞുകൂടിയതെല്ലാം പൊട്ടിത്തെറിക്കുന്നു.

       മറിച്ച് എന്താണ് സംഭവിച്ചത്?  സ്റ്റൗ കത്തുന്നില്ല. രണ്ട് സാധ്യതകൾ ഉണ്ട്. ഒന്ന് ഗ്യാസ് തീരാം. രണ്ട് ലൈറ്റർ കേടാകാം. ഈ രണ്ടു സാധ്യതകൾ വരുമ്പോൾ സ്വാഭാവികമായി ഒരു ചിന്ത വരും ഗ്യാസ് ഉപയോഗിച്ച് തുടങ്ങിയിട്ട് അധിക നാളായില്ല. തീരാൻ ഇടയില്ല. എങ്കിലും ഉറപ്പില്ല. അപ്പോൾ ലൈറ്റർ ഒന്നു നോക്കാം. സ്പാർക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന് .സ്പാർക്ക് വരുന്നില്ല. അപ്പോഴും ഉറപ്പില്ല ലൈറ്റർ കേടായോ എന്ന് . അത് ഉറപ്പിക്കാൻ തീപ്പെട്ടി എടുത്ത് ഗ്യാസ് കത്തിച്ചു നോക്കാം. ഗ്യാസ് കത്തുന്നു. ലൈറ്റർ കേടായി. പുതിയ ലൈറ്റർ വാങ്ങാം. ഇനി അതല്ല അത് റിപ്പയർ ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെയും ആകാം. എന്തൊരു നിസ്സാരം. 
       ഇതാണ് ജഡ്ജ്മെന്റിലേക്ക് പോയില്ലെങ്കിൽ ഉണ്ടാവുന്ന സുഖവും സാധ്യതകളും . ജീവിതത്തിലെ ഓരോ നിമിഷവും ഈ സാധ്യത നമ്മുടെ മുന്നിൽ നൃത്തം ചെയ്യുന്നുണ്ട്. അവിടെയാണ് സർഗ്ഗാത്മകത സംഭവിക്കുന്നത്. പക്ഷേ പലപ്പോഴും ജഡ്ജ്മെൻറ് കാരണം നമ്മൾ ഒരിടത്തു തറഞ്ഞു പോകുന്നു. നിസ്സഹായത അനുഭവപ്പെടുന്നു. അതിന് കാരണം മറ്റാരെങ്കിലും ആണെന്ന് ഉറപ്പിക്കുന്നു. അവർക്കെതിരെ തിരിയുന്നു. അവരത് കേൾക്കുമ്പോൾ അവർ സ്വയം പ്രതിരോധത്തിന് ശ്രമിക്കുന്നു. ആ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും പേരുവിളികൾ ആകുന്നു. അതുകൊണ്ട് തോൽവിയോ ജയമോ സംഭവിക്കാതെ വരുമ്പോൾ അക്രമത്തിലേക്ക് കടക്കുന്നു. ഒരു ദിവസം ഇത്തരം നിമിഷങ്ങൾ അല്ലെങ്കിൽ ഇതിൻറെ മധ്യത്തിൽ എത്തുന്ന നിമിഷങ്ങൾ  വീട്ടിനുള്ളിലേക്ക് നോക്കിയാൽ കാണാം.  ഭാര്യയും ഭർത്താവും തമ്മിൽ എത്ര തവണ ഇങ്ങനെ നടക്കും എന്ന് സ്വയം നോക്കിക്കഴിഞ്ഞാൽ അറിയാം ജഡ്ജ്മെൻറ് എന്ന് പറയുന്ന സംഗതി ഉണ്ടാക്കുന്ന അപകടങ്ങൾ. നമ്മുടെ മാധ്യമപ്രവർത്തനത്തിൽ മുഖ്യമായിട്ടും ഇന്നുള്ള ഏക മാനദണ്ഡം എന്ന് പറയുന്നത് ഈ ജഡ്ജ്മെൻറ് ആണ്. അതുകൊണ്ടുതന്നെയാണ് നമ്മളുടെ രാഷ്ട്രീയപ്രവർത്തകരും ഈ ജഡ്ജ്മെന്റിലേക്ക് പോകുന്നത്. ആ ജഡ്ജ്മെന്റിന്റെ അടിസ്ഥാനത്തിൽ പരസ്പരം പോരടിക്കുന്നതും വാക്കുകൾകൊണ്ട് യുദ്ധം ചെയ്യുന്നതും .   ചിലപ്പോൾ അണികൾ തെരുവിലിറങ്ങി ആയുധം എടുക്കുന്നതും പരസ്പരം വെട്ടിക്കൊല്ലുകയും ചെയ്യുന്നു.
       എവിടെയെങ്കിലും തട്ടി ഉറച്ചുപോകുന്ന മനുഷ്യരുടെ അവസ്ഥയാണ് അവസ്ഥയാണ് ജീവിച്ചിരിക്കുമ്പോൾ ചത്ത് പോകുന്നു പറയുന്നത്. വ്യക്തി വിചാരിക്കുന്നു എങ്കിൽ മാത്രമേ ഈ ചത്ത അവസ്ഥയിൽ നിന്നും പുറത്തുവന്ന് ജീവിതത്തിൽ സർഗാത്മകമാകാനും ജീവിതത്തെ ആസ്വദിക്കാനും കഴിയുകയുള്ളൂ.