സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്ക്കാലിക നിയന്ത്രണമാണെന്നും ഒരാഴ്ചക്കകം നിയന്ത്രണങ്ങള്‍ മാറ്റുമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. ഓണത്തിന് മുമ്പെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ബില്ലുകള്‍ മാറരുതെന്ന നിര്‍ദേശം ധനവകുപ്പ് ഇ മെയില്‍ മുഖേന നല്‍കിയത്. ഇതിനെ തുടര്‍ന്ന് 5000 രൂപയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ് ട്രഷറികളില്‍ ഉള്ളത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന നിര്‍ദേശവും ധനവകുപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കി.
എന്നാല്‍ കേന്ദ്ര നികുതി വിഹിതം ഉള്‍പ്പെടെ വരുന്ന മുറക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ മാറുമെന്ന പ്രതീക്ഷയാണ് ധനമന്ത്രി ഡോ തോമസ് ഐസക് പങ്കുവെക്കുന്നത്. എന്നാല്‍ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കുറച്ചു ദിവസം കൂടി നീളാനാണ് സാധ്യത. ശമ്പളം, ബോണസ്, ഉത്സവബത്ത, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി ഓണക്കാലെ ചെലവുകള്‍ക്കായി സെപ്റ്റംബര്‍ മാസത്തെ ആദ്യ ആഴ്ചകള്‍ സര്‍ക്കാരിന് മാറ്റിവെക്കേണ്ടി വരും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച ബില്ലുകള്‍ പോലും പൂര്‍ണമായി മാറി നല്‍കിയില്ലെന്നിരിക്കെ ഓണക്കാലത്തെ നിയന്ത്രണം കരാറുകാരെയും തൊഴിലാളികളെയും വറുതിയിലാക്കും.