Skip to main content

ശബരിമലയിൽ ശരണം വിളി വന്യജീവികൾക്ക് ദോഷകരമാകുന്ന വിധത്തിൽ ശബ്ദമലിനീകരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. അത് പ്രഥമദൃഷ്ടിയാൽ തള്ളിക്കളയാവുന്നതല്ല. അങ്ങനെയെങ്കിൽ ശബരിമലയിൽ ഹെലിപ്പാട് വന്നാലും ശബരിമലയുടെ പ്രാന്തപ്രദേശത്ത് വിമാനത്താവളം വന്നാലും ഉണ്ടാകാവുന്ന പ്രത്യാഘാതം ആലോചിക്കാവുന്നതാണ് .

ശബരിമല വികസനം ഇതുവരെ നടന്നിട്ടുള്ളതെല്ലാം ശബരിമലയിലെ വനപ്രദേശത്തെയും അവിടുത്തെ വന്യജീവികളെയും നാശത്തിലേക്ക് തള്ളി വിടുന്ന വിധമാണ് .അതിൻറെ തുടർച്ചയെന്നോണം ഉള്ള പദ്ധതികളാണ് വീണ്ടും ശബരിമല വികസനത്തിനായി ദേവസ്വം ബോർഡ് തയ്യാറാക്കിയിട്ടുള്ളത്. മുഖ്യധാരാ മാധ്യമങ്ങൾ ഈ റിപ്പോർട്ടിനെ വിവാദത്തിനു പറ്റിയ വിഷയം ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത് .മാതൃഭൂമി ദിനപത്രം തലവാചകത്തിൽ ശരണം വിളി എന്ന് എഴുതിയിട്ട് വാർത്തയിൽ ശരണമന്ത്രം മലിനീകരണം ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിൽ.വിവാദത്തിനു കൊഴുപ്പു കൂടാനുളള മരുന്നാണത്. വനംവകുപ്പാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് വിവാദമാക്കേണ്ട വിഷയമല്ല. പശ്ചിമഘട്ടത്തിന്റെ ആരോഗ്യമാണ് കേരളത്തിൻറെ നിലനിൽപ്പും ശക്തിയും . അത് തകർന്നു കഴിഞ്ഞാൽ കേരളത്തിൻറെ തകർച്ചയാണ് എന്നുള്ള തിരിച്ചറിവ് ഭരണാധികാരികൾക്കും ഓരോ മലയാളിക്കും മാധ്യമപ്രവർത്തകർക്കും ഉണ്ടാകേണ്ടതാണ് . ശബരിമല എന്ന് കേട്ടാൽ സർക്കാരും ദേവസ്വം ബോർഡും പേടിച്ചു വിരണ്ടിരിക്കുന്ന വർത്തമാന സാഹചര്യം കണക്കിലെടുത്താണ് പ്രഥമദൃഷ്ട്യാ മഹാപരാധം എന്ന വിധത്തിൽ മാധ്യമങ്ങൾ ഈ വാർത്ത കൈകാര്യം ചെയ്തിരിക്കുന്നത്. ശബരിമല വികസനം ലക്ഷ്യം വയ്ക്കേണ്ടത് ശബരിമലയുടെ നാശം അല്ല .

അതിൻറെ പാരിസ്ഥിതികവും ആധ്യാത്മികവുമായ പവിത്രത ഒരേപോലെ സൂക്ഷിച്ചു കൊണ്ടുള്ള പ്രവർത്തികളും പദ്ധതികളുമാണ് വേണ്ടത്. അല്ലാതെ മരുഭൂമിയിലെ നിർമ്മാണങ്ങളുടെ തനിയാവർത്തനം അല്ല ശബരിമല വികസനം. അത്തരത്തിലുള്ള പദ്ധതികൾക്കുവേണ്ടി കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും നിർമാതാക്കളും അടങ്ങുന്ന ഒരു സംഘം കേരളത്തിൽ ശക്തമാണ് .കൂട്ടത്തിൽ പാലാരിവട്ടം ഫ്ലൈഓവറും ഓർക്കാം. ആ സംഘത്തിന് തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന് ലഭിക്കുന്ന ഉഗ്രൻ മറയാണ് ശബരിമല വികസനം. കാരണം വിശ്വാസികളുടെ മനസ്സിലും വികസനം എന്ന സങ്കല്പം മുൻപ് സൂചിപ്പിച്ച സംഘത്തിൻറെ അതേ വികസന സങ്കല്പം തന്നെയാണ് .അത് നടപ്പാക്കുന്നതിന് പൊതു സമൂഹത്തിൻറെ പിന്തുണ അപ്പോൾ ലഭിക്കും .

അതിന് വിപരീതമായി ശബ്ദമുയർത്തുന്ന വരും അഭിപ്രായം പറയുന്ന വരും ന്യൂനപക്ഷം ആവുകയും അവഗണിക്കപ്പെടുകയും ചെയ്യും .ആ ഒരു സാഹചര്യത്തിലേക്കാണ് ശബരിമല വികസനം നീങ്ങുന്നതെന്ന് നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല .വനവും നാടും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ നാടിൻറെ രീതികൾ വനത്തിനും വന്യജീവികൾക്കും ദോഷകരമാണ്. അത് തിരിച്ചറിയുന്നതിന് വലിയ ശാസ്ത്രപഠനത്തിന്റെ ആവശ്യം പോലുമില്ല .വന്യതയുടെ നിശബ്ദതയിൽ കഴിയുന്ന വന്യജീവികൾക്കും ചെറു ശലഭങ്ങളും മറ്റ് ജീവികൾക്കും നാടിൻറെ കടന്നുകയറ്റം നാശത്തിന് കാരണമാകും. അങ്ങനെയെങ്കിൽ ശബരിമലയിലും പരിസര പ്രദേശങ്ങളിൽ എവിടെയെങ്കിലും ഹെലിപ്പാട് വിമാനത്താവളവും വന്നുകഴിഞ്ഞാൽ അത് ശബരിമലയ്ക്ക് അല്ല പശ്ചിമഘട്ടത്തിലെ നാശത്തിലൂടെ കേരളത്തിലുണ്ടാകുന്ന ദുരന്തത്തെ യാണ് മുൻകൂട്ടി കാണേണ്ടത് .