Skip to main content

KODIYERI BALAKRISHNAN സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഒരു വിഷമവൃത്തത്തിലാണ്. അത് മുതലെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനായി പ്രതിപക്ഷം ആയാലും ബിജെപി ആയാലും ശ്രമിക്കുകയാണെങ്കിൽ അതിൻറെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആ പ്രത്യാഘാതം ഏൽക്കേണ്ടി വരിക ഓരോ മലയാളിക്കും. ഒരു വ്യക്തി എന്ന നിലയിലും അച്ഛൻ എന്ന നിലയിലും കേരളത്തിൻറെ പശ്ചാത്തലത്തിൽ ധർമ്മസങ്കടത്തിൽ പെട്ട് നിൽക്കുന്ന ഒരു അവസ്ഥയിലാണ് ഇന്ന് കോടിയേരി .ആഴത്തിലുള്ള മുറിവേറ്റ വ്യക്തിയെ എങ്ങനെ സഹാനുഭൂതിയോടെ കണ്ടു പ്രവർത്തിക്കണമോ അതേ മാനസികാവസ്ഥയിൽ കോടിയേരി ബാലകൃഷ്ണനെ സമീപിക്കാൻ കഴിയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാൻ ഓരോ മലയാളിക്കും ലഭ്യമായ അവസരമാണിത് .അങ്ങനെ കഴിയുന്നു എങ്കിൽ ആ വ്യക്തി മനുഷ്യഗുണങ്ങളോട് ചായ്‌വുള്ള സംസ്കാരമുള്ള വ്യക്തിയാണെന്ന് അനുമാനിക്കാം. അതല്ല കോടിയേരിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ കുറ്റപ്പെടുത്തലുകളും പാർട്ടിയുടെ അപചയത്തെ ഉയർത്തിക്കാണിക്കാനും അതിൽ ആവേശവും ആസ്വാദനവും നിറഞ്ഞ വൈകാരികതയുമാണ് ഉണ്ടാവുന്നതെങ്കിൽ അങ്ങനെയുള്ള വ്യക്തികൾ സംസ്കാരത്തിൽനിന്ന് വളരെ അകലെ ആണെന്നും സ്വയം തിരിച്ചറിയാം കോടിയേരിയോട് സഹാനുഭൂതി ഉണ്ടാവുന്ന മനസ്സുകൾക്ക് ഈ വിഷയം നാനാതരത്തിൽ ചർച്ചയ്ക്ക് എടുക്കാവുന്നതുമാണ് .ഒപ്പം ആത്മപരിശോധനയ്ക്ക്.കാരണം കേരളം ഒരു കുടുംബമാണെങ്കിൽ ആ കുടുംബത്തിലെ ഒരംഗം തന്നെയാണ് കൊടിയേരി .ഒരു കുടുംബത്തിലെ പൊതുസ്വഭാവം സാധാരണഗതിയിൽ കുടുംബാംഗങ്ങളിൽ എല്ലാം പ്രാമുഖ്യ ത്തോടെ നിഴലിച്ചു നിൽക്കും .അതുകൊണ്ട് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കോടിയേരി ഇപ്പോൾ അകപ്പെട്ടിരിക്കുന്ന അവസ്ഥാദിശയിലേക്ക് ഓരോ മലയാളിയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതാണ് കഴിഞ്ഞതിനെ ഓർത്ത് വിലപിക്കുന്നതും മറ്റുള്ളവരിൽ അതിന്റെ ഉത്തരവാദിത്വം ചുമത്തുന്നതും അവരെ പഴിക്കുന്നതും തികഞ്ഞ ബുദ്ധിശൂന്യതയാണ്. അത്തരം ബുദ്ധിശൂന്യത ആധിപത്യം നിൽക്കുന്ന വ്യക്തിയിലും സമൂഹത്തിലും മനുഷ്യൻ ജന്തുലോകത്തിൽ മൃഗങ്ങളെക്കാൾ താഴെ എത്തുകയും ലോകത്തിന് അപകടകാരികളായി മാറുകയും ചെയ്യും. കേരളം ആ ദിശയിലേക്ക് ആണോ അല്ലയോ എന്നുള്ള ചിന്തയിലേക്ക് പ്രവേശിക്കാൻ കോടിയേരിയെന്ന കുടുംബാംഗത്തിലൂടെ തുറക്കപ്പെട്ട വാതിലിലൂടെ നോക്കിയാൽ കഴിയും .വ്യക്തി. കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിവയെക്കുറിച്ചും, ഇവ തമ്മിൽ പരസ്പരംഎങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ളതും മലയാളിക്ക് മനസ്സിലാക്കാൻ അവസരം ലഭിക്കും. മറിച്ച് കോടിയേരിയുടെ മകൻ അകപ്പെട്ടിരിക്കുന്ന അവസ്ഥയെ ആസ്വാദനത്തിനുള്ള ഉപാധിയായി കണ്ടുകഴിഞ്ഞാൽ ആ അത് സ്വയം ജീർണതയിലേക്ക് നീങ്ങുകയാണ്. മാത്രമല്ല അത് മനോരോഗവുമാണ്. സ്വയം ജീർണതയെ ആവേശപൂർവ്വം ആലിംഗനം ചെയ്യുന്ന വ്യക്തിയായാലും സമൂഹമായാലും അവരെ ആർക്കും രക്ഷിക്കാനാവില്ല