Skip to main content
ബീജിങ്

അഴിമതി നടത്തിയ കേസില്‍ ചൈനയിലെ മുന്‍ റെയില്‍വേ മന്ത്രി ലിയു ഷിജുനിന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നീട്ടിവെക്കാനും കോടതി ഉത്തരവിട്ടു. ഒന്നരക്കോടിയോളം ഡോളര്‍ കൈക്കൂലി വാങ്ങിയെന്നതാണ് കുറ്റം.

 

തന്റെ ബിസിനസ്സ് പങ്കാളികളെ സഹായിക്കുന്നതിനായി അധികാരവും പദവിയും ദുര്‍വിനിയോഗം ചെയ്തതാണ് ലിയു ഷിജുനിനു വധശിക്ഷ വിധിക്കാന്‍ കാരണം. ലിയുവിന്റെ സ്വകാര്യ സ്വത്ത് കണ്ടു കെട്ടാനും കോടതി വിധിച്ചു.

 

2003-ല്‍ അതിവേഗ ട്രെയിന്‍ നിര്‍മാണത്തില്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നാണ് ലിയു കോഴ വാങ്ങിയത്. മന്ത്രിയായിരുന്നപ്പോഴും അതിനു മുന്‍പും ലിയു അഴിമതി നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. എട്ടുവര്‍ഷക്കാലം റെയില്‍വേ മന്ത്രിയായിരുന്ന ലിയുവിനെ 2011ലാണ് മന്തിസ്ഥാനത്തു നിന്നും പുറത്താക്കിയത്.