Skip to main content

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിയാണ് അദ്വാനിയുടെ രാജിക്ക് പിന്നില്‍.

 

രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍  രാജ്‌നാഥ് സിങ്ങിന് നല്‍കി. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗത്വം,​ പാർലമെന്ററി ബോർഡ് അംഗത്വം,​ തിരഞ്ഞെടുപ്പ് സമിതി അംഗത്വം എന്നിവയാണ് അദ്വാനി ഉപേക്ഷിച്ച പാര്‍ട്ടി പദവികള്‍. എന്നാല്‍ പാർട്ടിയുടെ പ്രാഥമികാംഗത്വം അദ്വാനി രാജിവച്ചിട്ടില്ല.

 

മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചരണ ചുമതല നല്‍കിയതിനെത്തുടര്‍ന്ന്  പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്നാഥ് സിംഗ് അദ്വാനിയുമായി ചര്‍ച്ച നടത്തിയെങ്കിലും മോഡിയെ അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെ അദ്വാനി ഉറച്ചു നിന്നു.