ഭൂമാഫിയയ്ക്ക് എതിരെയുള്ള നടപടികളിലൂടെയും നികുതിവെട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നും ശ്രദ്ധേയനായ യുവ ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവികുമാറിന്റെ മരണം കര്‍ണ്ണാടകത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നു. മരണം ദുരൂഹമാണെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രക്ഷോഭകര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്‍ കണക്കൂട്ടമാണ് രവിയുടെ വസതിയ്ക്ക് മുന്നില്‍ ചൊവ്വാഴ്ച തടിച്ചുകൂടിയത്. കോലാര്‍ ജില്ലയില്‍ ബന്ദ് ആചരിക്കുകയാണ്. പ്രക്ഷോഭകര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. കോലാര്‍ എം.എല്‍.എ വര്‍തുര്‍ പ്രകാശിന്റെ വീടിന് നേരെ കല്ലേറുണ്ടായി.
2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രവി കോലാര്‍ ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന സമയത്ത് ഇവിടത്തെ ഭൂമാഫിയയ്ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ബംഗലൂരുവില്‍ വാണിജ്യനികുതി വകുപ്പില്‍ ജോയന്റ് കമ്മീഷണര്‍ ആയിരുന്നു മരിക്കുമ്പോള്‍ 35-കാരനായ രവി.
തിങ്കളാഴ്ച വസതിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് കരുതുന്നതായി ബംഗലൂരു പോലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഢി പറഞ്ഞു. എന്നാല്‍, എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഡോഗ് സ്ക്വാഡിനേയും ഫോറന്‍സിക് സയന്‍സ് സംഘത്തേയും വിന്യസിച്ചതായും റെഡ്ഢി അറിയിച്ചു.