Skip to main content
റാഞ്ചി

raghubar das

 

ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ദാസിനെ ബി.ജെ.പി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് പുറത്ത് നിന്ന്‍ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ദാസ്.

 

81 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 37-ഉം സഖ്യകക്ഷിയായ അഖില ഝാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്‍ അഞ്ചും സീറ്റുകള്‍ നേടി ഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു.

 

ബി.ജെ.പിയിലെ പ്രമുഖ ഗോത്രവര്‍ഗ്ഗ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് 59-കാരനായ ദാസിന് മുഖ്യമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞത്. മുന്‍പ് മൂന്ന്‍ തവണ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള അര്‍ജുന്‍ മുണ്ടയും രണ്ട് സീറ്റില്‍ മത്സരിച്ച മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ടിയുമാണ് പരാജയപ്പെട്ട നേതാക്കള്‍.  

 

അതേസമയം, ഝാര്‍ഖണ്ഡ് ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നൊരാള്‍ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ട്. നീല്‍കാന്ത് മുണ്ട, ശിവ് ശങ്കര്‍ ഉര്‍വ് എന്നിവരില്‍ ഒരാളാകും ഉപമുഖ്യമന്ത്രിയാകുക എന്ന്‍ കരുതുന്നു. അര്‍ജുന്‍ മുണ്ടയെ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags