Skip to main content
വാഷിംഗ്ടണ്‍

modi obama at whitehouse

 

'ഒത്തൊരുമയോടെ മുന്നോട്ട്' എന്ന പേരില്‍ ഇന്ത്യയും യു.എസും  ചേര്‍ന്ന് ഒരു പങ്കാളിത്ത നയരേഖ പുറത്തിറക്കി. യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബരാക് ഒബാമയുമായി ഇന്ന്‍ ഉച്ചകോടി തല സംഭാഷണം നടത്തുന്നതിന് മുന്നോടിയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപര പങ്കാളിത്തത്തിന്റെ രൂപരേഖ പുറത്തിറക്കിയത്. സാധാരണ ഔദ്യോഗിക ഉന്നതതല സന്ദര്‍ശനത്തിന് ഒടുവില്‍ രാജ്യങ്ങള്‍ പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയുടെ മാതൃകയിലുള്ള രേഖ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പാണ് പ്രസിദ്ധീകരിച്ചത്.

 

തിങ്കളാഴ്ച മോദിയുടെ ബഹുമാനാര്‍ഥം ഒബാമ വൈറ്റ്‌ഹൌസില്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മുന്‍പ് ടെലിഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെങ്കിലും ഇരുനേതാക്കളും തമ്മില്‍ നേരില്‍ കണ്ട് സംസാരിക്കുന്ന ആദ്യ അവസരമായിരുന്നു ഇത്. വിരുന്നിന് മുന്നോടിയായാണ്‌ രേഖ പുറത്തിറക്കിയത്.   

 

ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം ലോകത്തിന് മാതൃകയായിരിക്കുമെന്ന് രേഖ പറയുന്നു. തീവ്രവാദ ഭീഷണിയും കൂട്ടനശീകരണ ആയുധങ്ങളുടെ വ്യാപനവും തടയാന്‍ രണ്ട് രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. സമ്പല്‍സമൃദ്ധിയ്ക്കും സമാധാനത്തിനുമുള്ള സംയുക്ത പരിശ്രമമാണ് ഇന്ത്യ-യു.എസ് തന്ത്രപര പങ്കാളിത്തം. തുടര്‍ച്ചയായ കൂടിയാലോചനകള്‍, സംയുക്ത സൈനികാഭ്യാസങ്ങള്‍, സാങ്കേതികവിദ്യാ സഹകരണം എന്നിവയിലൂടെയുള്ള സുരക്ഷാ സഹകരണം പ്രദേശത്തേയും ലോകത്തേയും സുരക്ഷിതമാക്കുമെന്ന് രേഖ കൂട്ടിച്ചേര്‍ക്കുന്നു.