ചൈനീസ് സൈനികര്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ ഭാഗത്ത് അതിക്രമിച്ച് കയറിയതായ റിപ്പോര്‍ട്ടുകള്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് ചൊവ്വാഴ്ച നിഷേധിച്ചു.
വടക്കന്‍ ലഡാക്കിലെ ബര്ത്സേ മേഖലയില്‍ ഇന്ത്യന്‍ ഭാഗത്ത് 25-30 കിലോമീറ്റര്‍ ഉള്ളില്‍ ചൈനീസ് സൈനികര്‍ കയറിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 17,000 അടി ഉയരത്തിലുള്ള ഇവിടെ 24 മണിക്കൂര്‍ നേരം തമ്പടിച്ച് കഴിഞ്ഞ ചൈനീസ് സൈനികര്‍ പ്രദേശം ചൈനയുടേതാണെന്നും തിരിച്ചുപോകാനും ആവശ്യപ്പെടുന്ന കൊടികള്‍ നാട്ടിയതായും റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചിരുന്നു.
ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങ് സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് നിയന്ത്രണരേഖയുടെ ലംഘനമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മേഖലയില്‍ ചൈനീസ് സൈനികര്‍ മൂന്നാഴ്ചയോളം തമ്പടിച്ച് കഴിഞ്ഞത് രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ നയതന്ത്ര സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
കശ്മീരിലെ ഉദ്ധംപൂരിലുള്ള സൈനികതാവളത്തിലെ വക്താവും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിയന്ത്രണരേഖ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഇത് പരസ്പരം കടന്നുകയറ്റങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി പറഞ്ഞു.